Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നെൽവയൽ മണ്ണിട്ടുനികത്തി അമ്യൂസ്മെന്റ് പാർക്ക് കെട്ടിപ്പൊക്കി; ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി നടത്തിയ നിർമ്മാണത്തിന് സബ്കളക്ടർ സ്റ്റോപ്പ് മെമോ നൽകിയിട്ടും പുല്ലുവില; റവന്യൂ മന്ത്രിയുടെ ഉൾപ്പെടെ ചിത്രംവച്ച് പരസ്യം നൽകി ഉദ്ഘാടന മഹാമഹം; പരസ്യമായി നിയമലംഘനം നടത്തി വയനാട്ടിൽ തുറന്ന ഇ ത്രീ പാർക്കിനെതിരെ അന്വേഷണം തുടങ്ങി വിജിലൻസ്

നെൽവയൽ മണ്ണിട്ടുനികത്തി അമ്യൂസ്മെന്റ് പാർക്ക് കെട്ടിപ്പൊക്കി; ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി നടത്തിയ നിർമ്മാണത്തിന് സബ്കളക്ടർ സ്റ്റോപ്പ് മെമോ നൽകിയിട്ടും പുല്ലുവില; റവന്യൂ മന്ത്രിയുടെ ഉൾപ്പെടെ ചിത്രംവച്ച് പരസ്യം നൽകി ഉദ്ഘാടന മഹാമഹം; പരസ്യമായി നിയമലംഘനം നടത്തി വയനാട്ടിൽ തുറന്ന ഇ ത്രീ പാർക്കിനെതിരെ അന്വേഷണം തുടങ്ങി വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: കാഞ്ഞിരങ്ങാട് വില്ലേജിൽ തൊണ്ടർനാട് പഞ്ചായത്തിൽ വെസ്റ്റേൺ ഘട്ട് ഗ്രീൻ ഇനീഷ്യേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ പേരിൽ പുതുതായി ആരംഭിച്ച 'ഇ ത്രീ' അമ്യുസ്മെന്റ് പാർക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം തുടങ്ങി.സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് നടത്തിയ നിർമ്മാണ പ്രവർത്തനവും മണ്ണുനികത്തലും ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പരിസ്ഥിതി പ്രവർത്തകനായ അഡ്വ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ, വയനാട് യുണിറ്റ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് ഹർജ്ജി ഫയലിൽ സ്വീകരിച്ചത്. പി.റ്റി.എൻ നം. 122/2017 ആയി രജിസ്റ്റർ ചെയ്ത പരാതി തുടർ നടപടികൾക്കായി ബഹുമാനപ്പെട്ട വിജിലൻസ് ഡയറക്ടർ തിരുവനന്തപുരത്തിന് കൈമാറി. മാധ്യമങ്ങളിൽ പരസ്യം നൽകിയും മറ്റും ഇക്കഴിഞ്ഞ ഏപ്രിൽ മുപ്പതിനായിരുന്നു ഉദ്ഘാടനം.

മാനന്തവാടി കാഞ്ഞിരങ്ങാട് വില്ലേജിൽ തൊണ്ടർനാട് പഞ്ചായത്തിൽ വെസ്റ്റേൺ ഘട്ട് ഗ്രീൻ ഇനീഷ്യേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ പേരിൽ പുതുതായി ആരംഭിച്ച 'ഇ ത്രീ' അമ്യുസ്മെന്റ് പാർക്ക് കമ്പനി കൈവശമുള്ള നിലംഭൂമിയിൽ അനധികൃതമായി തരം മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഭൂമിയുടെ ഡാറ്റാ ബാങ്ക് പ്രകാരം ആകെയുള്ള 0.9109 ഹെക്ടർ നിലത്തിൽ 0.6074 ഹെക്ടർ നിലം നെൽവയലിൽപ്പെട്ടതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇതിൽ വെസ്റ്റേൺ ഘട്ട് ഗ്രീൻ ഇനീഷ്യേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൈവശം വെക്കുന്നതുമായ 0.8378 ഹെക്ടർ നിലം ഭൂമി മുഴുവനായി നിലവിൽ തരം മാറ്റൽ നടത്തി കളം നിർമ്മിച്ചതായാണ് കാണുന്നതെന്ന് ആഡീഷണൽ തഹസിൽദാരുടെ പരിശോധനയിൽ വ്യക്തമായിരുന്നു. പരിശോധനപ്രകാരം നെൽവയൽ ഭൂമി ഗണ്യമായ രീതിയിൽ തരംമാറ്റിയതായി ബോധ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നു. സമാനമായ രീതിയിൽ നെൽവയലായി രേഖപ്പെടുത്തിയിട്ടുള്ള ഭാഗത്താണ് നിലവിൽ തരംമാറ്റൽ നടത്തിയിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതായി തൊണ്ടർനാട കൃഷി ഓഫീസറും റിപ്പോർട്ട് ചെയ്തിരുന്നു.

വെസ്റ്റേൺ ഘട്ട് ഗ്രീൻ ഇനീഷ്യേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുടെ മറുപടിയിൽ പ്രസ്തുത സ്ഥലം മുമ്പ് പാഴ്‌ചെടികൾ വളർന്ന് നിന്നിരുന്ന ചതുപ്പ് നിലമായിരുന്നതായും നബാർഡ് പ്രൊജക്ട് മുഖാന്തിരം കയ്യാല കെട്ടിയിട്ടുള്ളതാണെന്നും അതിൽ മഴവെള്ളം സംഭരിച്ച് ജലസേചനത്തിനും മീൻ വളർത്തലിനും പെഡൽ ബോട്ടിംഗിനുമായി സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഈ പ്രവൃത്തികൾ നടത്തുന്നതിനായി കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർ മുമ്പാകെ അനുമതിക്കായി അപേക്ഷകൾ നൽകിയിട്ടില്ലായെന്നും പറഞ്ഞിരുന്നു.

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 വകുപ്പ് v (4) (i) പ്രകാരം പ്രസിദ്ധീകരിച്ച അന്തിമ ഡാറ്റാ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയാണ് പാർക്കായി മാറിയത്. അനുമതി ഇല്ലാതെ സ്വകാര്യമായ വാണിജ്യ ആവശ്യത്തിനുകൂടി ഉതകുന്ന രീതിയിൽ തരം മാറ്റിയിട്ടുള്ളതെന്ന് ബോധ്യപ്പെട്ടതായും, ഇത് പ്രഥമ ദൃഷ്ട്യാ നഗ്നമായ നിയമ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് സ്ഥാപനം കൈവശം വെച്ച് വരുന്നതായ പ്രസ്തുത സ്ഥലത്ത് കാർഷിക പ്രവർത്തികളൊഴികെയുള്ള മറ്റ് എല്ലാ പ്രവർത്തനങ്ങളും നിർത്താൻ സ്റ്റോപ്പ് മെമോയും നൽകിയിരുന്നു. എ്ന്നാൽ സബ്ബ് കള്ക്ടർ വി.ആർ പ്രേം കുമാർ 27/04/2017 തീയതി നൽകിയ മെമോ മറികടന്നാണ് മുപ്പതിന് ഉദ്ഘാടനം നടന്നത്.

സബ് കളക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം 28 /04 / 2017 ന് വയനാട് ജില്ലാ കളക്ടർ ഇ ത്രീ എന്ന സ്ഥാപനം കൈവശം വെച്ച് വരുന്നതായ നിലം ഭൂമിയിൽ നെൽകൃഷി അല്ലാതെയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്നതു വരെ താൽക്കാലികമായി നിർത്തിവെക്കാൻ സ്റ്റോപ്പ് മെമോ നല്കിയിട്ടുള്ളതായി ഔദ്യോദിക പത്രക്കുറിപ്പും ഇറക്കിയിരുന്നു.

എന്നാൽ എക്സിക്കുട്ടീവ് മജിസ്‌ട്രേട്ടുകൂടിയായ റവന്യു കോടതിയുടെ ഉത്തരവ് നഗ്നമായി ലംഘിച്ചുകൊണ്ടും, പരസ്യമായ വെല്ലുവിളി നടത്തിയും അനധികൃതമാണെന്ന് കണ്ടെത്തിയ ഇ ത്രീ പാർക്കിന്റെ ഉടമസ്ഥർ കേന്ദ്ര പ്രധിരോധ സഹമന്ത്രിയും, സംസ്ഥാന നിയമസഭാ സ്പീക്കറും, റവന്യുമന്ത്രിയുമുൾപ്പെടെയുള്ള ഉന്നത സംഘം 30ന് ന് നടക്കുന്ന ഉദ്ഘടനത്തിൽ പങ്കെടുക്കുമെന്ന് ചൂണ്ടിക്കാണിച്ച് , നോട്ടീസ് ഇറക്കി. 29ന് വീക്ഷണം പത്രത്തിലും, 30ന് മാതൃഭൂമി, മനോരമ എന്നീ പത്രങ്ങളിലും പരസ്യവും നൽകി. പ്രസ്തുത പരസ്യത്തിൽ കേന്ദ്ര പ്രധിരോധ സഹമന്ത്രി സുഭാഷ് ഭംറ ചീഫ് ഗസ്റ്റും, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉത്ഘാടകനും, സംസ്ഥാന റവന്യു മന്ത്രി ചന്ദ്രശേഖരൻ അധ്യക്ഷനും ആയിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അനധികൃതമാണെന്ന് കണ്ടെത്തി കാർഷിക പ്രവൃത്തികൾ ഒഴികെയുള്ള മറ്റെല്ലാ പ്രവൃത്തികളും നിർത്തിവെയ്ക്കാൻ സബ് കലക്റ്റർ ഉത്തരവിട്ടതിനു ശേഷം ഇത്തരത്തിൽ പരസ്യം നൽകിയത് നിയമ വിരുദ്ധവും ശിക്ഷാർഹാവുമായ കുറ്റമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കാർഷികേതര ആവശ്യങ്ങൾക്കുള്ള നിരോധനം നിലനിൽക്കെ ഏപ്രിൽ 30ന് നിരോധനം നിലനിൽക്കുന്ന വയലും, തണ്ണീർത്തടങ്ങളും അനധികൃതമായി തരം മാറ്റിയ പ്രദേശത്തു വെച്ച് 'ഇ ത്രീ' അമ്യുസ്മെന്റ് പാർക്കിന്റെ ഉത്ഘാടനം നടത്തിയത് എക്സിക്കുട്ടീവ് ഉത്തരവിന്റെയും റവന്യു കോടതി വിധിയുടെയും നഗ്‌നമായ ലംഘനമാണെന്നും പരാതിയിൽ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥരോ, പരസ്യത്തിൽ പറഞ്ഞിരുന്ന വിശിഷ്ടാതിഥികളോ പങ്കെടുത്തിരുന്നില്ല. ഇതോടെ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണനെ സാക്ഷിനിർത്തി പ്രമുഖ സിനിമ സംവിധായകൻ സത്യൻ അന്തിക്കാടാണ് ഉദ്ഘാടനം നിർവഹിച്ചത്.

നിരോധനം നിലനിൽക്കെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഉത്ഘാടനം നടത്തിയതെന്ന് ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ മന്ത്രി ചന്ദ്രശേഖരൻ 'ഇത്തരം ഒരു പരിപാടിക്ക് തന്റെ അനുമതി ഇല്ലാതെയാണ് ചിത്രം സഹിതം കമ്പനി പരസ്യം നൽകിയതെന്ന്' വ്യക്തമാക്കിയിരുന്നു. ആയതിനാൽ തന്നെ റവന്യു കോടതിയുടെ ഉത്തരവ് നിലനിൽക്കെ റവന്യു മന്ത്രിയുടെ ചിത്രം സഹിതം അനുമതിയില്ലാതെ അനധികൃതമെന്നു കണ്ടെത്തിയ സ്വകാര്യ കമ്പനി ഉപയോഗിച്ചത് കടുത്ത നിയമ ലംഘനവും ശിക്ഷാർഹവുമായ കുറ്റവുമാണ്. ഇക്കാര്യങ്ങളും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാനന്തവാടി സബ് കളക്ടർ നൽകിയ സ്റ്റോപ്പ് മെമോ നിലനിൽക്കെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള 'ഇ ത്രീ' പാർക്ക് ഔദ്യോദികമായി ഉത്ഘാടനം ചെയ്തതും, നിയമവിരുദ്ധമായി പരസ്യം നൽകിയതും നിയമങ്ങളുടെ ലംഘനവും, കോടതിയലക്ഷ്യവും, ശിക്ഷാർഹാവുമായ കുറ്റകൃത്യവുമാകയാൽ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മേൽ പറഞ്ഞ അനധികൃത സ്ഥാപനത്തിനെതിരെ കേസെടുക്കണമെന്നും, കുറ്റക്കാരായ മാനേജ്‌മെന്റിനെതിരെ ശിക്ഷിക്കണമെന്നും, സ്ഥാപനത്തിന്റെ തുടർപ്രവർത്തനം അടിയന്തരമായി തടയണമെന്നും ശ്രീജിത്ത് പെരുമന പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP