Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂരജിന്റെ സ്വത്തുക്കൾ മരവിപ്പിക്കും; മക്കളുടെ മെഡിക്കൽ പ്രവേശനത്തിന് നൽകിയ കോടികളുടെ പണവും സംശയത്തിൽ; എഴുതി തള്ളിയ കേസുകളും പൊടിതട്ടിയെടുക്കും; നിലപാട് കടുപ്പിച്ച് വിജിലൻസ്

സൂരജിന്റെ സ്വത്തുക്കൾ മരവിപ്പിക്കും; മക്കളുടെ മെഡിക്കൽ പ്രവേശനത്തിന് നൽകിയ കോടികളുടെ പണവും സംശയത്തിൽ; എഴുതി തള്ളിയ കേസുകളും പൊടിതട്ടിയെടുക്കും; നിലപാട് കടുപ്പിച്ച് വിജിലൻസ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സസ്‌പെൻഷനിൽ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന എം. സൂരജിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ വിജിലൻസ് തീരുമാനം. ഇതുസംബന്ധിച്ച കത്ത് റജിസ്‌ട്രേഷൻ ഐജിക്കും ഭൂമിയും കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലത്തെ സബ് രജിസ്റ്റ്രാർമാർക്കും വിജിലൻസ് നൽകി. എന്നാൽ സൂരജിന്റെ അനധികൃത സ്വത്തിന്റെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല.

സൂരജിന്റെ കേസ് അവലോകനം ചെയ്ത ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരമാണു നടപടി. സൂരജ് സർക്കാരിനു സമർപ്പിച്ച സ്വത്തുവിവരത്തിൽ കാര്യമായ വൈരുധ്യമുണ്ടെന്നും കണ്ടെത്തി. നാലു വർഷം മുൻപു സൂരജിന്റെ ആസ്തിയിൽ 140 പവൻ സ്വർണമുണ്ടായിരുന്നത് അടുത്ത വർഷം 600 പവൻ ആയി. മക്കൾക്കു സംസ്ഥാനത്തെ മെഡിക്കൽ കോളജിൽ എംഡിക്കു പ്രവേശനം നേടാൻ 1.20 കോടി രൂപയും എംബിബിഎസിനു പ്രവേശനം നേടാൻ 50 ലക്ഷം രൂപയും സംഭാവന നൽകിയെന്നതിന്റെ വിശദാംശവും അന്വേഷണത്തിലാണ്.

സൂരജ് വെളിപ്പെടുത്തിയതിന്റെ പതിന്മടങ്ങു വിലയുള്ള ആസ്തി ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ദുബായ് എന്നിവിടങ്ങളിൽ സൂരജ് ഫ് ളാറ്റും ഭൂമിയും മറ്റു പേരുകളിൽ സ്വന്തമാക്കിയെന്നാണു വിവരം. കോയമ്പത്തൂരിൽ മകന്റെ പേരിൽ ഫ് ളാറ്റുണ്ട്. കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനുമായിരിക്കെ വൻകിട കരാറുകാരിൽനിന്ന് ഇടനിലക്കാർവഴി കോഴ വാങ്ങിയെന്നും ചില കമ്പനികളിൽ ബിനാമി ഇടപാടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

സൂരജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുവിവരങ്ങൾ നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വസ്തുക്കളും പിന്നീട് തുടരന്വേഷണത്തിൽ കണ്ടെത്തിയ ഭൂസ്വത്തുക്കളും മരവിപ്പിക്കാനാണ് വിജിലൻസ്, രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരിക്കുന്നത്. സൂരജിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ വിജിലൻസ് നേരത്തെ കത്ത് നൽകിയിരുന്നു. വിജിലൻസ് റെയ്ഡിന് പിന്നാലെ ചില അക്കൗണ്ടുകളിൽ നിന്നും സൂരജ് പണം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

ഭൂമിയുടെയും കെട്ടിടങ്ങളുടെയും യഥാർഥമൂല്യം തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാൻ കേന്ദ്ര മരാമത്തുവകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിനു പുറമേ കേന്ദ്ര ആദായനികുതി വകുപ്പിന്റെ സേവനവും തേടിയിട്ടുണ്ട്. രണ്ട് ഏജൻസികളും ഒരുമാസത്തിനകം അന്വേഷണസംഘത്തിനു റിപ്പോർട്ട് കൈമാറും. ഇതേ കാര്യങ്ങൾ വിജിലൻസ് സ്വന്തം നിലയിലും അന്വേഷിക്കുന്നുണ്ട്.

സൂരജിന്റെ പേരിലുണ്ടായിരുന്ന മൂന്നു കേസുകൾ വിജിലൻസ് എഴുതിത്തള്ളിയതും അന്വേഷിച്ചുതുടങ്ങി. കോഴിക്കോട് കലക്ടറായിരിക്കെ ജനറൽ ആശുപത്രിയിൽ സാധനങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ നാലു പ്രതികളിൽ സൂരജിനെയും മറ്റൊരു പ്രതിയെയും മാത്രം ഒഴിവാക്കിയതിനു പിന്നിൽ വിജിലൻസിൽനിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥനാണെന്നു സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP