Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അർദ്ധരാത്രി മദ്യപിക്കാനിറങ്ങിയപ്പോൾ ഒട്ടും കരുതിയില്ല വരാനിരിക്കുന്നത് ഊരാക്കുടുക്കാകുമെന്ന്; വഴിയിലൂടെ ഒന്നുമറിയാതെ നടന്നുവന്ന യുവാവുമായി വാക്കുതർക്കം മുറുകിയപ്പോൾ പൊക്കിയെടുത്ത് തലകീഴായി ടാർ റോഡിൽ ഇടിച്ചു; പോത്തൻകോട്ടെ വിനയബോസിന്റെ പാതിരാക്കൊലപാതകക്കേസിൽ അകപ്പെട്ടത് ക്രിമിനൽ പശ്ചാത്തലമില്ലാത്ത നാല് യുവാക്കൾ; മദ്യലഹരിയിൽ ജീവിതം തുലച്ചതിന്റെ പശ്ചാത്താപത്തിൽ നീറി യുവാക്കൾ

അർദ്ധരാത്രി മദ്യപിക്കാനിറങ്ങിയപ്പോൾ ഒട്ടും കരുതിയില്ല വരാനിരിക്കുന്നത് ഊരാക്കുടുക്കാകുമെന്ന്; വഴിയിലൂടെ ഒന്നുമറിയാതെ നടന്നുവന്ന യുവാവുമായി വാക്കുതർക്കം മുറുകിയപ്പോൾ പൊക്കിയെടുത്ത് തലകീഴായി ടാർ റോഡിൽ ഇടിച്ചു; പോത്തൻകോട്ടെ വിനയബോസിന്റെ പാതിരാക്കൊലപാതകക്കേസിൽ അകപ്പെട്ടത് ക്രിമിനൽ പശ്ചാത്തലമില്ലാത്ത നാല് യുവാക്കൾ; മദ്യലഹരിയിൽ ജീവിതം തുലച്ചതിന്റെ പശ്ചാത്താപത്തിൽ നീറി യുവാക്കൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പാതിരാത്രിയുള്ള വാക്ക് തർക്കം കൊലപാതകത്തിലേക്ക് നയിച്ച കഥയാണ് പോത്തൻകോട് വിനയബോസ് കൊലപാതകത്തിന് പിന്നിലുള്ളത്. പിടിയിലായവരും കൊലചെയ്യപ്പെട്ട വിനയബോസും തമ്മിൽ മുൻ വൈരാഗ്യമില്ല. പരിചയവുമില്ല. പാതിരാത്രി മദ്യത്തിന്റെ പുറത്തുള്ള ഒരു തമ്മിൽ തല്ലൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മുപ്പത് വയസിൽ താഴെയുള്ളവരാണ് വിനയബോസ് കൊലപാതകത്തിൽ പിടിയിലായതും. കൊല്ലപ്പെട്ട വിനയബോസിനും പ്രായം മുപ്പത്തിയെട്ടു വയസ് മാത്രവും. മദ്യത്തിന്റെ ലഹരിയിൽ നടന്ന കൊലപാതകം മൂലം ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത യുവാക്കൾ കൊലപാതകക്കേസിൽ അകത്താവുകയും ചെയ്തു. ഈ അമ്പരപ്പിൽ നിന്ന് റിമാൻഡിലായ പ്രതികൾ മോചിതരായിട്ടില്ലെന്നു കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോത്തൻകോട് എസ്‌ഐ ജെ.എസ്.അശ്വനി മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊല്ലപ്പെട്ട വിനയബോസിന് ക്രിമിനൽ പശ്ചാത്തലവുമുണ്ട്. അയിരൂർപ്പാറയിലെ ഒരു കൊലപാതകക്കേസിൽ വിനയബോസ് ഏഴാംപ്രതിയായിരുന്നു. പക്ഷെ വിനയബോസിന്റെ കൊലപാതകക്കേസ് വെറും യാദൃശ്ചിക സംഭവമായിരുന്നു. നടന്നുപോകുന്ന വഴിയിൽ സംശയാസ്പദമായ രീതിയിൽ ഇവരെ കണ്ടതാണ് വിനയബോസ് ചോദ്യം ചെയ്തത്. മദ്യലഹരിയിലായതിനാൽ നാൽവർ സംഘം വിനയബോസുമായി ഉടക്കി. ഇത് അർദ്ധരാത്രി സംഘർഷവും ഒടുവിൽ കൊലപാതകവുമായി മാറുകയും ചെയ്തു.

കഴിഞ്ഞ 21 നു രാത്രിയാണ് കൊലപാതകത്തിൽ കലാശിച്ച സംഭവങ്ങളുടെ തുടക്കം. 21 നു രാത്രി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു ദളിത് യുവാവായ വിനയബോസ്. പിടിയിലായ നാലുപേരും സാബു, ശരത്, അജയകുമാർ, ശരത്. നാലുപേരും മങ്ങോട്ടുകോണം ജംഗ്ഷന് സമീപമുള്ള ഒരു മരണവീട്ടിൽ വന്നതായിരുന്നു. അർദ്ധരാത്രിയായപ്പോൾ മദ്യപിക്കാനായി നാൽവർ സംഘം വെളിയിലേക്ക് ഇറങ്ങി. ഈ സമയത്താണ് വിനയബോസ് നടന്നുവരുന്നത്. ഇവർ മദ്യപിക്കുന്നു എന്ന് മനസിലാക്കിയ വിനയബോസ് നാൽവർ സംഘവുമായി ഉരസി. ഈ ഉരസൽ സംഘട്ടനത്തിലേക്ക് നീങ്ങി. നാലുപേരോടും ഒരുമിച്ച് ഏറ്റുമുട്ടാൻ വിനയബോസിന് കഴിഞ്ഞില്ല. സംഘട്ടനത്തിനു ഒടുവിൽ നാൽവർ സംഘം വിനയബോസിനെ എടുത്ത് തല കീഴാക്കി ടാർ റോഡിൽ ഇടിച്ചു. ഇതോടെ വിനയബോസ് അബോധാവസ്ഥയിലായി.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ നാൽവർ സംഘം തൊട്ടടുത്ത വീട്ടിൽ പറഞ്ഞ ശേഷം സംഭവ സ്ഥലത്ത് നിന്ന് മുങ്ങി. വീട്ടുകാർ വന്നു നോക്കിയശേഷം അവർ പൊലീസിനെ വിവരമറിയിച്ചു. പോത്തൻകോട് പൊലീസ് എത്തിയാണ് വിനയബോസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്നാണ് വിനയബോസ് മരിക്കുന്നത്. ഇതോടെ പ്രതികൾക്ക് മേൽ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ വന്നു. ദളിത് യുവാവായതിനാൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന പ്രകാരവും കേസ് വന്നു. കന്യാകുമാരി അടക്കമുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊലീസ് സംഘത്തിന്റെ സമയോചിതമായ ശ്രമങ്ങളുടെ ഫലമായാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മങ്ങാട്ട്‌കോണം ചെങ്കോട്ടു വീട്ടിൽ സാബു (29), ഉണ്ണി എന്ന അജയകുമാർ ( 30), വിഷ്ണു ഭവനിൽ സച്ചു എന്ന ശരത് (21), ശരണ്യ ഭവനിൽ ശരത് (27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP