Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെയും അംഗത്തേയും വെട്ടിയതിന് പിന്നിൽ ക്വട്ടേഷൻ; കെ എസ് യുവിന് വേണ്ടി അക്രമം നടത്തിയ ഗുണ്ടാ നേതാവിന് ആർ എസ് എസുമായി ബന്ധം

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെയും അംഗത്തേയും വെട്ടിയതിന് പിന്നിൽ ക്വട്ടേഷൻ; കെ എസ് യുവിന് വേണ്ടി അക്രമം നടത്തിയ ഗുണ്ടാ നേതാവിന് ആർ എസ് എസുമായി ബന്ധം

കോട്ടയം: എംജി സർവകലാശാല ആസ്ഥാനത്ത് ഇന്നലെ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെയും വികലാംഗനായ അംഗത്തേയും വെട്ടിയത് കെഎസ് യുവിന്റെ ക്വട്ടേഷൻ പ്രകാരമെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തലവനും കൊലക്കേസ് പ്രതിയുമായ അരുൺ ഗോപനും, ഏറ്റുമാനൂരിലെ ബ്ലേഡ് മാഫിയ തലവനും ക്വട്ടേഷൻ നേതാവുമായ അമ്മഞ്ചേരി സിബിയും അടങ്ങുന്ന പത്തംഗ സംഘത്തെ ഏറ്റുമാനൂർ സിഐ സി.ജെ മാർട്ടിൻ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു.

മാന്നാനം കെ.ഇ കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു വിദ്യാർത്ഥികൾ തമ്മിൽ വെള്ളിയാഴ്ച രാവിലെ സംഘർഷമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിനും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. ജിം അലക്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ഇതിന്റെ തുടർച്ചയായി എം. ജി സർവകലാശാലയ്ക്കു മുന്നിൽ വച്ച് എസ്.എഫ് ഐ പ്രസിഡന്റിനെയടക്കം വെട്ടി പരിക്കേല്പിച്ചത്.യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജിം അലക്സ് നല്കിയ ക്വട്ടേഷനനുസരിച്ചാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.എസ് അരുൺ, പ്രവർത്തകൻ സച്ചു എന്നിവരെ വെട്ടിപരിക്കേല്പിച്ചത്.

രാവിലെ കെ.ഇ കോളേജിലെ സംഭവത്തിന് ശേഷം ക്വട്ടേഷൻ അനുസരിച്ച് ഉച്ചകഴിഞ്ഞ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ രണ്ട് കാറുകളിലായിട്ടാണ് 10 അംഗ ക്വട്ടേഷൻ സംഘം എത്തിയത്. സർവകലാശാല ക്യാംപസിനുള്ളിൽ കയറിയ ഒരു സംഘം കെഎസ് യു പ്രവർത്തകർ എസ്എഫ്‌ഐ പ്രവർത്തകർക്കു നേരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകർ യൂണിയൻ മുറിക്കുള്ളിൽ നിന്നു പുറത്തിറങ്ങിയപ്പോൾ കെഎസ് യുക്കാർ ഓടി. ഇവരെ പിടികൂടാൻ ജില്ലാ പ്രസിഡന്റ് അരുണും, വികലാംഗനായ സച്ചുവും പുറത്തേയ്ക്കു ഓടുകയായിരുന്നു. ഈ സമയം ക്യാംപസിനു പുറത്ത് മാരകായുധങ്ങളുമായി കാത്തു നിന്ന അരുൺ ഗോപൻ, അമ്മഞ്ചേരി സിബി എന്നിവർ അടങ്ങുന്ന ഗുണ്ടാ സംഘം എസ്എഫ്‌ഐ പ്രവർത്തകരെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം അരുണിനെയും, സച്ചുവിനെയും തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ഇടതു കൈ ഇല്ലാത്ത സച്ചുവിനെ വലതു കൈയ്ക്കാണ് സംഘം വെട്ടിയത്. കൈ ഒടിഞ്ഞു തൂങ്ങുകയും, എല്ലിനു വെട്ടേയ്ക്കുകയും ചെയ്തു. അരുണിനു എട്ടു സ്റ്റിച്ചുണ്ട്.

ആർ.എസ്.എസിന്റെ ശാഖകളിൽ സജീവമായി പങ്കെടുക്കുകയും, കണ്ണൂരിൽ ആർ.എസ്.എസിനു വേണ്ടി സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് അരുൺ ഗോപൻ. മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന കേസിൽ വിചാരണ നേരിടുകയാണ്.ബാംഗ്ലൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കുഴൽപ്പണം കടത്തുന്ന സംഘാംഗമാണ് അരുൺ. ഏറ്റുമാനൂർ, കടുത്തുരുത്തി, കുറവിലങ്ങാട് എന്നിവിടങ്ങളിൽ മുളകുപൊടി സ്‌പ്രേആക്രമണം നടത്തി കുഴൽപ്പണം തട്ടിയെടുത്ത കേസിൽ അരുൺ നേരത്തെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പിടിയിലായ അമ്മഞ്ചേരി സിബിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പിടിയിലായവർ കെ.എസ്.യു നല്കിയ ക്വട്ടേഷൻ അനുസരിച്ചാണ് അക്രമം നടത്തിയതെന്ന് സമ്മതിച്ചതായാണ് വിവരം.

കെ.എസ്.യു കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്

ഇന്നലെ കെ.ഇ കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും നടന്ന സംഭവങ്ങൾക്ക് പിന്നിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാന്നാനം കെഇ കോളേജ് യൂണിയന്റെ നേത്യത്വത്തിൽ നടന്ന വിവാദ പോസ്റ്റർ പ്രചരണമാണെന്നാണ്. എന്നാൽ ഇത് കെ.എസ്.യു അവസരത്തിനൊത്ത് മലക്കം മറിയുന്നതാണന്ന് മറുനാടൻ മലയാളിക്ക് വ്യക്തമായി.

ഇന്നലെ രാവിലെ പോസ്റ്റർ വിവാദവും സംഘർഷവും അറിഞ്ഞ് കെ.എസ്.യു ഭാരവാഹികളെ പല തവണ ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ എല്ലാം പോസ്റ്റർ വിവാദവുമായി സംഘർഷത്തിന് ബന്ധമില്ലന്നാണ്. തുടർന്നാണ് പോസ്റ്റർ വിവാദം മറുനാടൻ മലയാളി പുറത്ത് വിടുന്നത്. തൊട്ടു പിന്നാലെ എസ്.എഫ്.ഐ നേതാക്കളെ ആക്രമിക്കുന്നു. ഇതോടെ വിവരശേഖരണത്തിനായി കെ.എസ്.യു നേതാക്കളെ സമീപിച്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ മർദ്ദിച്ചിരുന്നു. ഇത് പ്രിൻസിപ്പാളുമായി ചർച്ച ചെയ്ത് ഇറങ്ങുമ്പോഴാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ ഉള്ളവരെ എസ്.എഫ്.ഐ മർദ്ദിച്ചത്. മറുനാടൻ പോസ്റ്റർ വിവാദം വാർത്തയ്ക്ക് വേണ്ടി കെ.എസ്.യുക്കാരെ സമീപിച്ചപ്പോൾ വ്യാഴാഴ്ച രാത്രിയാണ് സംഭവം അറിഞ്ഞതെന്നും അടുത്ത ദിവസം പരാതി നല്കുമെന്നുമാണ്.

പോസ്റ്റർ വിവാദം എസ്.എഫ്.ഐയും കുരുക്കിൽ

ലോക വനിതാ ദിനാചരണത്തിൽ മാന്നാനം കുറിയാക്കോസ് ഏലിയാസ് കോളേജിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ പോസ്റ്റർ പ്രചാരണം വിവാദത്തിൽ നിന്ന് തല ഊരാനാകതെ എസ്.എഫ്.ഐ. കോളേജ് യൂണിയന്റെ നേത്യത്വത്തിൽ നടന്ന പോസ്റ്റർ പ്രചരണ പരിപാടിയുടെ ഭാഗമായി ക്യാമ്പസിനുള്ളിൽ കോളേജ് യൂണിയന്റെ പേരിൽ പ്രദർശിപ്പിച്ച പോസ്റ്ററിലെ വാചകങ്ങളാണ് വിവാദമായിരിക്കുന്നത്.

സ്ത്രീയുടെ ലൈംഗിക അവയവത്തിന്റെ വർണനയടക്കം പരാമർശിക്കുന്ന പോസ്റ്ററുകൾക്കെതിരെ അദ്ധ്യാപകർ രംഗത്ത് എത്തിയതോടെയാണ് ഇത് വിവാദമായത്. ലൈംഗിക അവയവത്തിന്റെ അശൽല പര്യായങ്ങളുൾപ്പെടെ പോസ്റ്ററുകളിൽ പ്രയോഗിച്ചിരിക്കുകയായിരുന്നു. ആർത്തവ സമയത്ത് സ്ത്രീ ദേവാലയത്തിൽ എത്തെരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ദൈവം കാട്ടിയ സ്ത്രീ വിരുദ്ധയാണ്.. എന്നിങ്ങനെ പോയി പ്രയോഗങ്ങൾ.

എട്ടാം തീയതി തന്നെ കോളേജിലെ വനിതാ ഫോറത്തിന്റെ നേത്യത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തുകയും ഇന്നലെ ചേർന്ന കോളേജ് ഡേയുടെ പ്രാർത്ഥനാ ഗാനത്തിന് ശേഷം ഈ സംഭവത്തിൽ മാപ്പ് പറയുകയും ചെയ്യാമെന്ന് ധാരണയിലെത്തി ഒപ്പുവച്ച് പരിഞ്ഞു. എന്നാൽ ഇന്നലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നിധിൻ സണ്ണി നടത്തിയ പ്രസംഗം പോസ്റ്ററിനെ ന്യായികരിക്കുന്ന തരത്തിലായിരുന്നു. തുടർന്ന് മറുനാടൻ മലയാളി വാർത്ത പ്രസിദ്ധികരിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീ സംഘടനകൾ ഉൾപ്പടെ ഉള്ളവർ രംഗത്ത് എത്തി. എസ്.എഫ്.ഐയുടെ പൊതു നിലപാടാണോ കെ.ഇ കോളേജിൽ നടന്നതെന്ന് വ്യക്തമാക്കണമെന്നതാണ് ഇവരുടെ അവശ്യം. വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭപരിപാടികൾ നടത്താനുള്ള തീരുമാനത്തിലാണ് സ്ത്രീ സംഘടനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP