Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധ്യാന കേന്ദ്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ലണ്ടനിലേക്ക് നഴ്സിങ് ജോലി ഓഫർ നൽകിയപ്പോൾ വിശ്വസിച്ചവർ നിരവധി; മൂന്നു കോടി രൂപയോളം തട്ടിച്ചെടുത്ത ജോഷി തോമസ് മുംബൈ വിമാനത്താവളത്തിൽ എത്തിതോടെ പൊലീസ് പൊക്കി; മാർഗററ്റ് മേരിക്ക് പിന്നാലെ ജോഷിയും കുടുങ്ങുമ്പോൾ അവസാനിക്കുന്നത് വിസാ തട്ടിപ്പു കേസിലെ പ്രതികൾക്കായുള്ള കേരള പൊലീസിന്റെ കാത്തിരിപ്പ്; തട്ടിപ്പിന് ഇരയായവർക്ക് താൽക്കാലിക ആശ്വാസമായെങ്കിലും നഷ്ടമായ പണം എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു

ധ്യാന കേന്ദ്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ലണ്ടനിലേക്ക് നഴ്സിങ് ജോലി ഓഫർ നൽകിയപ്പോൾ വിശ്വസിച്ചവർ നിരവധി; മൂന്നു കോടി രൂപയോളം തട്ടിച്ചെടുത്ത ജോഷി തോമസ് മുംബൈ വിമാനത്താവളത്തിൽ എത്തിതോടെ പൊലീസ് പൊക്കി; മാർഗററ്റ് മേരിക്ക് പിന്നാലെ ജോഷിയും കുടുങ്ങുമ്പോൾ അവസാനിക്കുന്നത് വിസാ തട്ടിപ്പു കേസിലെ പ്രതികൾക്കായുള്ള കേരള പൊലീസിന്റെ കാത്തിരിപ്പ്; തട്ടിപ്പിന് ഇരയായവർക്ക് താൽക്കാലിക ആശ്വാസമായെങ്കിലും നഷ്ടമായ പണം എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു

പ്രത്യേക ലേഖകൻ

ലണ്ടൻ:നാലു മാസം മുൻപ് കേരളത്തെ ഞെട്ടിച്ചു പുറത്തു വന്ന ലണ്ടൻ വിസാ തട്ടിപ്പിന്റെ മുഖ്യ കണ്ണി എന്ന് കരുതപ്പെടുന്ന ജോഷി തോമസ് 38 പൊലീസ് പിടിയിൽ. യുകെയിലേക്കു നഴ്സിങ് ജോലി തരപ്പെടുത്താം എന്ന വാഗ്ദാനവുമായി ഇയാൾ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിയുന്നത്. മലയാളികൾക്ക് മുറമെ തമിഴ്, കന്നഡ ഭാഷ സംസാരിക്കുന്നവരുടെയും പണം നഷ്ടമായതായി പൊലീസിൽ ലഭിച്ച പരാതികൾ വ്യക്തമാക്കുന്നു.

ലണ്ടനിൽ എത്താൻ ഐഇഎൽടിഎസ് പരീക്ഷാ സ്‌കോറിങ് നിർബന്ധം ആണെന്നിരിക്കെ ഇതൊന്നും ഇല്ലാതെ താൻ ലണ്ടനിൽ എത്തിക്കാം എന്നതായിരുന്നു ഇയാളുടെ ഓഫർ. ഇയാളുടെ ഭാര്യ എന്ന് കരുതപ്പെടുന്ന സ്ത്രീയും തട്ടിപ്പിൽ മുഖ്യ കണ്ണിയാണെന്നു സംശയിക്കപ്പെടുന്നു. ജോഷി തോമസിന്റെ വലംകൈ ആയി പ്രവർത്തിച്ച മാർഗരറ്റ് വിസ നടപടിക്രമങ്ങളുടെ ഭാഗം എന്ന് വിശ്വസിപ്പിച്ചു അപേക്ഷകരെ എറണാകുളം വിഎഫ്എസ് കേന്ദ്രത്തിൽ എത്തിച്ചു അവസാന ഗഡു ആയി 50000 രൂപ കൂടി കൈക്കലാക്കുന്നതിനിടയിൽ സംശയം തോന്നിയ അപേക്ഷകരുടെ ഇടപെടലാണ് ഈ തട്ടിപ്പു സംഘത്തെ പൊലീസ് പിടിയിലാക്കാൻ സഹായിച്ചത്.

മാർഗരറ്റിനെ പിടികൂടിയതിനെ തുടർന്ന് രംഗത്ത് നിന്നും അപ്രത്യക്ഷനായ ജോഷിയെ പിടികൂടുന്നതിനായി കേരള പൊലീസ് അന്യ സംസ്ഥാന പൊലീസിന്റെ സഹായവും തേടിയിരുന്നു. പ്രധാന എയർപോർട്ടുകളിൽ കൂടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാൻ എത്തിയ ജോഷി തോമസ് മുംബൈ എയർപോർട്ട് പൊലീസിന്റെ പിടിയിലാകുന്നത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നെത്തിയ പൊലീസ് സംഘം മുംബൈയിൽ വച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു.

കാസർഗോഡ് കരിപേടകം സ്വദേശിയാണ് ജോഷി തോമസ് എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ തട്ടിപ്പിൽ കൂടുതൽ അകപ്പെട്ടതും കാസർഗോഡ്, കാഞ്ഞങ്ങാട് പ്രദേശങ്ങളിൽ ഉള്ളവരാണ്. കേരളത്തിലെ ഒരു പ്രധാന ധ്യാനകേന്ദ്രത്തിലെ വാട്‌സ്ആപ് ഗ്രൂപ് വഴിയാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. വാട്‌സ്ആപ് കൈകാര്യം ചെയ്തിരുന്ന ഏതാനും പേരും ഇയാളുടെ സഹായകളായി പ്രവർത്തിച്ചിരിക്കാം എന്ന് സംശയമുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് ധ്യാനകേന്ദ്രം അധികൃതർ വാട്ട്‌സ്ആപ്പ് കൂട്ടായ്മകൾ പിരിച്ചു വിടാനും നിർദ്ദേശം നൽകിയിരുന്നു.

എറണാകുളം സൗത്ത് പൊലീസ് ആണ് ജോഷി തോമസിനെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം 45 പേരുടെ പരാതിയാണ് എറണാകുളം പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇയാളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ഇപ്പോഴും പൊലീസ് കണ്ടെത്തുകയാണ്. ഇയാൾ മുൻപ് ദുബായ് അടക്കമുള്ള രാജ്യങ്ങളിൽ താമസിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മുൻപും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായും ഇപ്പോൾ വിവരം പുറത്തു വരുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇയാൾ പൊടുന്നനെ വിദേശത്തേക്ക് കടക്കുന്നതിൽ വിജയിച്ചിരുന്നു.

എന്നാൽ മടങ്ങി എത്തി പണ സംബന്ധമായ ചില ഇടപാടുകൾ നടത്തി വീണ്ടും വിദേശത്തേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് കുരുക്കിൽ പെട്ടിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട കേസ് വിവരങ്ങൾ പൊലീസ് ഫോറീനഴ്സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിനും കൈമാറിയിട്ടുണ്ട്. ഇതാണ് ഇയാളെ ഇപ്പോൾ പിടിയിലാക്കാൻ കാരണമായി മാറിയതും. രാജ്യമെങ്ങും ഇയാൾക്ക് വേണ്ടി അന്വേഷണ സംഘത്തിന്റെ കണ്ണ് ഉണ്ടായിരുന്നു എന്നതറിയാതെയാണ് ഇയാൾ മുംബൈ എയർപോർട്ടിൽ എത്തുന്നതും ഒടുവിൽ പിടിയിലാകുന്നതും.

ഇയാൾക്ക് എതിരെ കേരളത്തിൽ വിവിധ ജില്ലകളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിൽ ആയ നിലക്ക് ചോദ്യം ചെയ്യലിനായി വിവിധ ജില്ലകളിലെ പൊലീസിന് ഇയാളെ കൈമാറേണ്ടി വരും. ഇംഗ്ലണ്ട് വിസ തട്ടിപ്പ് കേസിൽ മെറിൻ ജോഷി (മാർഗററ്റ് മേറി)ക്ക് വ്യക്തി കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഭാര്യ സഹോദരൻ ഉൾപ്പെടെയുള്ളവർ മുഖേനെയാണ് ഇയാൾ പണം കൈകാര്യം ചെയ്തിരുന്നതെന്നും സൂചനായുണ്ട്. അതിനിടെ പണം നഷ്ടമായവർക്കു പ്രതി അറസ്റ്റിൽ ആയതോടെ താൽക്കാലിക ആശ്വാസം ആയെങ്കിലും നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യം കണ്ടറിയണം.

ഇംഗ്ലണ്ട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഒരു യോഗ്യതയും ഇല്ലാതെ ജോലി ചെയ്യാൻ എത്താം എന്ന് ആരെങ്കിലും പറഞ്ഞാൽ ഇപ്പോഴും വിശ്വസിക്കാൻ മലയാളികൾ തയ്യാറാണ് എന്നതാണ് ജോഷി തോമസും സംഘവും നടത്തിയ തട്ടിപ്പിലൂടെ വ്യക്തമാകുന്നത്. ഇന്നേവരെ ഒരാളെ പോലും ഇയാൾ വിദേശത്തു എത്തിച്ചിട്ടില്ലെങ്കിലും പ്രാർത്ഥനാ ഗ്രൂപ്പ് വഴി ഇത്തരം ഒരു തട്ടിപ്പ് ഒരിക്കലും നടക്കില്ലെന്നു കരുതിയ അപേക്ഷകരുടെ നിഷ്‌കളങ്കതയാണ് ജോഷി തോമസ് തന്റെ കച്ചവടത്തിന് അടിത്തറയാക്കി മാറ്റിയത്.

ഈ കേസിൽ അന്താരാഷ്ട്ര കണ്ണികൾ ഉൾപ്പെട്ടിരിക്കാൻ ഉള്ള സാധ്യതയും പണം നഷ്ടമായവർ ചൂണ്ടിക്കാട്ടുന്നു. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇവരിൽ പലരും ഇംഗ്ലണ്ടിൽ ഉള്ള സാം എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് യുകെ റിക്രൂട്ട്‌മെന്റിന്റെ കാര്യം വെളിപ്പെടുത്തുന്നത്. എന്നാൽ ഇയാൾ യുകെയിൽ നിന്ന് തന്നെയാണോ വിളിച്ചിരിക്കുന്നത് എന്നത് പൊലീസ് കണ്ടെത്തേണ്ട കാര്യമാണ്. കേസിലെ പ്രതികൾ ഇരകളായവർക്കു വിശ്വാസത്തിനായി നൽകിയ നമ്പറുകൾ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.

ഇപ്പോൾ പ്രധാന പ്രതി അകത്തായതോടെ കേസിലെ യുകെ കണ്ണികളെ പുറത്തു കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘം പങ്കുവയ്ക്കുന്നത്. ഗൾഫിൽ വച്ച് താൻ പരിചയപ്പെട്ട ജോഷി തോമസിന്റെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് മാർഗരറ്റ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കേസിൽ ഇവരുടെ റോൾ എന്തെന്ന് അന്വേഷണത്തിന്റെ പ്രധാന ഘട്ടത്തിൽ പൊലീസിന് പറയാനാകില്ല. പണം ഇവരിലൂടെ കൈമറിഞ്ഞു പോയിരിക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാർഗരറ്റിന് അറിയാം എന്ന് തന്നെയാണ് പൊലീസ് കരുതുന്നത്.

അതിനിടെ സെഹിയോൻ ധ്യാനകേന്ദ്രവുമായി ഈ കേസിനു യാതൊരു ബന്ധവും ഇല്ലെന്ന മട്ടിൽ പ്രാർത്ഥന കേന്ദ്രത്തിന്റെ വിശദീകരണവും നേരത്തെ പുറത്തു വന്നിരുന്നു. പ്രസ്തുത പ്രാർത്ഥന ഗ്രൂപ്പുകളുടെ വാട്‌സ്ആപ് പിരിച്ചു വിടാനും നിർദ്ദേശം നൽകിയതായി സെഹിയോൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാഞ്ഞങ്ങാട്ടെ പ്രാർത്ഥന ഗ്രൂപ്പിലെ ജിമ്മി, ബിജു എന്നിവർ ഈ തട്ടിപ്പിലെ കണ്ണികൾ തന്നെ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ജോഷി തോമസ് കൈപ്പറ്റിയ പണം ജിമ്മിയുടെ ഭാര്യ സനിത ജോസ് അടക്കമുള്ളവരുടെ അക്കൗണ്ടുകൾ വഴിയാണ് കൈമാറിയിരിക്കുന്നത്. കോട്ടയം, കാസർഗോഡ് ജില്ലകളിൽ ഉള്ള 25 പേരുടെ അക്കൗണ്ടുകൾ വഴിയാണ് രണ്ടേകാൽ കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പൊടുന്നനെ വൻതുക ഒരു അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് അധികൃതരുടെ കണ്ണിൽ പെടാതിരിക്കാൻ ആണ് ജോഷി തോമസ് ഇത്തരത്തിൽ പലർ വഴി പണം കൈമാറ്റം ചെയ്തത്.

വിവിധ രാജ്യങ്ങളിൽ തൊഴിൽ അവസരം എന്ന പേരിൽ അടുത്തിടെയാണ് തട്ടിപ്പുകാരുടെ എണ്ണം ഏറിയിരിക്കുക ആണെന്ന് പൊലീസ് തന്നെ സൂചിപ്പിക്കുന്നു. ഇത് തടയാൻ നാലു മാസം മുൻപ് കേരള പൊലീസ് ഇമൈഗ്രെഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്ന പേരിൽ പ്രത്യേക ടീമിനെ ക്രൈം ബ്രാഞ്ചിന്റെ കീഴിൽ ആരംഭിച്ചിരിക്കുകയാണ്. വിദേശത്ത് ആളെ പറഞ്ഞയക്കാം എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ബിസിനസ് നടത്തുന്നവരെ കുടുക്കാൻ ഈ പ്രത്യേക യൂണിറ്റ് പ്രയോജനപ്പെടും എന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ജോഷി തോമസ് പ്രതിയായ ഇംഗ്ലണ്ട് വിസ കേസ് ഉടനെ ഈ പ്രത്യേക വിഭാഗത്തിലേക്ക് കൈമാറില്ലെന്നു എറണാകുളം പൊലീസ് സൂചിപ്പിക്കുന്നു. പ്രാഥമിക അന്വേഷണം ലോക്കൽ പൊലീസ് നടത്തി ലഭ്യമായ തെളിവുകൾ അടക്കമാകും കേസ് പ്രത്യേക വിഭാഗത്തിന് കൈമാറുകയെന്നും നിലവിലെ അന്വേഷണ സംഘ തലവൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേസിലെ മുഴുവൻ ആളുകളെയും ഉടൻ പിടികൂടാൻ കഴിയും എന്ന പ്രതീക്ഷയാണ് പൊലീസ് നൽകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP