Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് ടുവില്‍ പഠനം നിര്‍ത്തി ആധാരമെഴുത്തില്‍ അച്ഛന്റെ സഹായിയായി; ഉദ്യോഗസ്ഥരുടെ എല്ലാമെല്ലാമായി തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് അരക്കോടി; വിമാനത്തില്‍ പറന്ന് നടന്ന് കാബറെ കണ്ട് അടിച്ചുപൊളിച്ച തട്ടിപ്പുകാരന്‍ വിഷ്ണുവിന്റെ കഥ

പ്ലസ് ടുവില്‍ പഠനം നിര്‍ത്തി ആധാരമെഴുത്തില്‍ അച്ഛന്റെ സഹായിയായി; ഉദ്യോഗസ്ഥരുടെ എല്ലാമെല്ലാമായി തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് അരക്കോടി; വിമാനത്തില്‍ പറന്ന് നടന്ന് കാബറെ കണ്ട് അടിച്ചുപൊളിച്ച തട്ടിപ്പുകാരന്‍ വിഷ്ണുവിന്റെ കഥ

തിരുവനന്തപുരം: തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിലെ തട്ടിപ്പ് എല്ലാ സർക്കാർ ഓഫീസുകൾക്കും ഒരു മുൻകരുതലാകണം. ട്രഷറിയിൽ ഒടുക്കാനായി നൽകിയ 56 ലക്ഷം രൂപ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസിൽ കോവളം കോളിയൂർ മുട്ടയ്ക്കാട് പുളിമൂട്ട് മേലെവീട്ടിൽ വിഷ്ണുവും (23) ചില ജീവനക്കാരും പിടിയിലായതോടെ പുറത്തുവന്നത് അവിശ്വസനീയമായ കഥയാണ്.

നാലുമാസങ്ങൾക്കുള്ളിൽ ഒന്നും രണ്ടുമല്ല അരക്കോടി രൂപയാണ് വിഷ്ണു തട്ടിയത്. ഈ പണം താൻ തനിച്ചാണ് ചെലവഴിച്ചതെന്നും മറ്റാർക്കും അതിൽ പങ്കില്ലെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സ്വന്തമായി ബൈക്കോ വാഹനങ്ങളോ ഇല്ലാത്ത വിഷ്ണു നാട്ടിൽ ഓട്ടോയിലാണ് സദാ കറക്കം. ബംഗളുരു, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ വിമാനത്തിൽ യാത്ര. വൻകിട ഹോട്ടലുകളിലെ സ്യൂട്ട് റൂമുകളിലാണ് ഉറക്കം. കണക്കിൽ കവിഞ്ഞ് പണം കൈവന്നതോടെ മദ്യപാനം ശീലമാക്കി. കേരളം വിട്ടാൽ രണ്ട് പെഗ് അടിച്ച് കാബറെ കാണും. ഇത്തരത്തിൽ അടിച്ചുപൊളിച്ചാണ് അരക്കോടിയോളം രൂപ ചെലവഴിച്ചതെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞിരിക്കുന്നത്.

പ്‌ളസ് ടുവിന് ശേഷം പഠനം നിർത്തിയതാണ് വിഷ്ണു. പിന്നീട് മുട്ടയ്ക്കാട് ഗവ.ആയൂർവേദ ആശുപത്രി റോഡിൽ വർഷങ്ങളായി പിതാവ് വിജയന്റെ പേരിലുള്ള ആധാരമെഴുത്ത് ഓഫീസിൽ സഹായിയായി. ആധാരമെഴുത്തുകാരുടെ സംഘടനാ നേതാവായിരുന്ന പിതാവ് വൃക്കരോഗം ബാധിച്ച് കിടപ്പിലായതോടെ പിതൃ സഹോദരനായിരുന്നു ആധാരമെഴുത്ത് നടത്തിയിരുന്നത്. കൊച്ചച്ഛനെ സഹായിക്കാനായി ദിവസവും രാവിലെ വിഷ്ണു ഓഫീസിലെത്തും. ആ പരിചയത്തിൽ തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരുമായി സൗഹൃദത്തിലായി. പിന്നീട് ഓഫീസലെ പ്രധാന കാര്യക്കാരൻ. അങ്ങനെ ജീവനക്കാരനെ പോലെ വിഷ്ണുമാറി.

രണ്ട് ഓഫീസ് അസിസ്റ്റന്റുമാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഒരാൾ ട്രഷറിയിൽ പോയാൽ രണ്ടാമൻ സബ് രജിസ്ട്രാറെ സഹായിക്കാനായി ബഞ്ചിൽ വേണം. ആധാരം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരുടെ ഫോട്ടോയും ഐ.ഡി കാർഡും രേഖകളും ഒത്തുനോക്കലും രജിസ്‌ട്രേഷൻ ഫീസ് എണ്ണി തിട്ടപ്പെടുത്തലും ആധാരത്തിൽ വിരലടയാളം പതിക്കലുമൊക്കെയാണ് രണ്ടാമന്റെ പണി. പതുക്കെ ഈ പണി വിഷ്ണുവിന്റേതായി. അർക്കും എന്തു സഹായവും ചെയ്യും. അങ്ങനെ ഓഫീസിലെ ഒരു സ്റ്റാഫ് തന്നെയായി വിഷ്ണു മാറി. വിഷ്ണുവില്ലാത്ത ഒരു ദിവസത്തെ കുറിച്ച ചിന്തിക്കാനാവുകുയുമിില്ല.

ഇതിനിടെ ആധാരമെഴുത്ത് ലൈസൻസിയോ വെണ്ടറോ അല്ലാത്ത ഒരാളെ സബ് രജിസ്ട്രാർ ഓഫീസിൽ കസേരയിട്ട് ഇരുത്തിയത് തിരുവല്ലത്തെ മുതിർന്ന ആധാരമെഴുത്തുകാർ ചോദ്യം ചെയ്തു. സ്ഥലം മാറിപ്പോയ വനിതാ സബ് രജിസ്ട്രാറുടെ കാലത്താണ് ട്രഷറി ഇടപാടുകൾക്ക് വിഷ്ണുവിനെ ആദ്യം നിയോഗിച്ചത്. എഴുത്തിന്റെയും ഫീസടവിന്റെയും തോത് അനുസരിച്ച് ഓരോ ദിവസവും ട്രഷറിയിൽ ഒടുക്കേണ്ട തുക വ്യത്യസ്തമായിരിക്കും. ചില ദിവസം ഒരുലക്ഷത്തിൽ താഴെയാണ് തുകയെങ്കിൽ ചിലപ്പോൾ ഇത് മൂന്നും നാലും ലക്ഷം രൂപവരെയുണ്ടാകും. ഇതെല്ലാം വിഷ്ണു കൈകാര്യം ചെയ്യാൻ തുടങ്ങി. തുടക്കത്തിൽ കൃത്യമായി പണം ട്രഷറിയിലൊടുക്കി രസീത് ജീവനക്കാർക്ക് കൈമാറിയിരുന്ന വിഷ്ണുവിനെ ജീവനക്കാർ അതിയായി വിശ്വസിച്ചു. ട്രഷറിയിൽ പണം ഒടുക്കുന്ന രസീതുകൾ ജീവനക്കാർ പരിശോധിക്കാൻ മെനക്കെടുന്നില്ലെന്ന് മനസിലാക്കി വിഷ്ണു തട്ടിപ്പിന് തുടക്കമിട്ടു.

ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു ഇത്. പണം ഒടുക്കുമ്പോൾ പേയ്‌മെന്റ് സ്‌ളിപ്പിൽ പതിക്കുന്ന വിഴിഞ്ഞം എസ്.ബി.ടിയുടെ സീൽ വ്യാജമായി നിർമ്മിച്ചു. ഇതുപയോഗിച്ച് ഇക്കഴിഞ്ഞ മെയ്‌ രണ്ടിനാണ് വിഷ്ണു തട്ടിപ്പിന്റെ ആദ്യപരീക്ഷണം നടത്തിയത്. വിഴിഞ്ഞം സബ് ട്രഷറിയിലെ രജിസ്‌ട്രേഷൻ വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിൽ പണം ഒടുക്കാതെ ബാങ്കിലെ പേയ് മെന്റ് സ്‌ളിപ്പിൽ തുക രേഖപ്പെടുത്തി വ്യാജ സീൽ പതിച്ച് പണം അടച്ചെന്ന വ്യാജേന സബ് രജിസ്ട്രാർക്ക് കൈമാറി. രജിസ്ട്രാർ യാതൊരു സംശയവും കൂടാതെ അത് ഓഫീസിലെ രേഖകളിൽ സൂക്ഷിക്കാൻ തുടങ്ങിയതോടെ തുടർച്ചയായി ലക്ഷങ്ങളുടെ വെട്ടിപ്പ് തുടങ്ങി. സംശയം തോന്നിയതോടെ പരാതിയായി. അങ്ങനെ വിഷ്ണുവിന്റെ കള്ളി പൊളിഞ്ഞു.

മിക്ക ദിവസങ്ങളിലും ചില ജീവനക്കാരുമൊത്ത് മദ്യപാനത്തിനും സൽക്കാരങ്ങൾക്കുമായി ആധാരമെഴുത്ത് ഓഫീസിലും സമീപത്തെ ഒരു ഹോട്ടലിലും വിഷ്ണു തമ്പടിക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിഷ്ണുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവനക്കാർക്ക് തട്ടിപ്പുമായി ബന്ധമുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിന് പുറത്തേക്ക് നിരന്തരം ടൂറുപോകുന്ന വിഷ്ണു ബംഗളുരുപോലുള്ള മെട്രോ നഗരങ്ങളിൽ തട്ടിപ്പ് നടത്തിയ പണം നിക്ഷേപിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. വിഷ്ണുവിന്റെ മൊബൈൽ കോൾ വിശദാംശങ്ങൾ സൈബർ സഹായത്തോടെ ശേഖരിച്ച് പണം ചെലവായ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിച്ച പണം കണ്ടെത്താനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP