Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിറ്റെക്‌സിൽ നിന്ന് ഫാക്ടിലെ പ്‌ളാന്റിലേക്ക് കൊണ്ടുപോയ മാലിന്യം റോഡിൽ വീണതോടെ സംഘർഷം; അസഹ്യമായ ദുർഗന്ധം പടർന്നതോടെ അന്വേഷണവുമായി ഇറങ്ങി ലോഡ് തടഞ്ഞ് നാട്ടുകാർ; ആദ്യം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് കയ്യൊഴിയാൻ നോക്കിയ കമ്പനി പ്രതിഷേധം കനത്തപ്പോൾ മാലിന്യമെല്ലാം വാരിമാറ്റി റോഡും കഴുകി; കറുത്ത പാറപ്പൊടിപോലുള്ള വസ്തു രാസമാലിന്യമെന്നും മാരകവിഷമെന്നും ആക്ഷേപം

കിറ്റെക്‌സിൽ നിന്ന് ഫാക്ടിലെ പ്‌ളാന്റിലേക്ക് കൊണ്ടുപോയ മാലിന്യം റോഡിൽ വീണതോടെ സംഘർഷം; അസഹ്യമായ ദുർഗന്ധം പടർന്നതോടെ അന്വേഷണവുമായി ഇറങ്ങി ലോഡ് തടഞ്ഞ് നാട്ടുകാർ; ആദ്യം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് കയ്യൊഴിയാൻ നോക്കിയ കമ്പനി പ്രതിഷേധം കനത്തപ്പോൾ മാലിന്യമെല്ലാം വാരിമാറ്റി റോഡും കഴുകി; കറുത്ത പാറപ്പൊടിപോലുള്ള വസ്തു രാസമാലിന്യമെന്നും മാരകവിഷമെന്നും ആക്ഷേപം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കിഴക്കമ്പലം കിറ്റക്‌സിൽ നിന്നും കൊണ്ടുപോകുകയായിരുന്ന മാലിന്യം പാതയോരത്ത് പതിച്ച സംഭവത്തിൽ സംഘർഷം. ദുർഗന്ധം കൊണ്ട് സഹികെട്ട നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊലീസ് വിവരമറിയിച്ചപ്പോൾ കൈയൊഴിഞ്ഞ കമ്പനി അധികൃതർ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ മാലിന്യം കോരിമാറ്റി പരിസരം വൃത്തിയാക്കിയ വെള്ളം വരെ നീക്കി.

എന്നാൽ ഇതുകൊണ്ടും പ്രശ്‌നം അവസാനിച്ചിട്ടില്ല. താഴെ വീണ മാലിന്യത്തിൽ മാരക വിഷപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് രാസവികിരണത്തിന് കാരണമായിട്ടുണ്ടെന്നും മറ്റുമുള്ള പ്രചാരണവും ഇതിന് പിന്നാലെ ശക്തമായി. ഇതോടെ പെരിങ്ങാല നിവാസികൾക്കിടയിൽ ആശങ്കയും ശക്തമായിട്ടുണ്ട്. 

രാവിലെ ഏഴരയോടുകൂടി പള്ളിക്കര ഭാഗത്ത് ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ കാരണം തിരക്കി നാട്ടുകാരിൽ ഒരു വിഭാഗം പലവഴിക്കും തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് കറുത്ത നിറത്തിൽ പാറപ്പൊടിയുടെ രൂപത്തിലുള്ള വസ്തു ശ്രദ്ധയിൽ പെടുന്നത്.

പള്ളിക്കര ജുമാ മസ്ജിദ് മുതൽ പെരിങ്ങല ജംഗ്ഷൻ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്ത് പലയിടത്തുമായി ഇത് കാണപ്പെട്ടു. ദുർഗന്ധത്തിന് കാരണം ഈ പദാർത്ഥമാണെന്നുള്ള തിരിച്ചറിവിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യവുമായി പോകുകയായിരുന്ന ടോറസ് നാട്ടുകാർ കണ്ടെത്തി. തുടർന്ന് വാഹനം തടഞ്ഞിട്ട് പ്രതിഷേധിച്ചു.

കിറ്റെക്‌സ് കമ്പനിയിൽ നിന്ന് ഫാക്ടിലെ പ്ലാന്റിലേക്കു കൊണ്ടുപോകുന്ന വഴിയിൽ ആണ് മാലിന്യം റോഡിൽ പതിച്ചത്. പിൻവശത്തെ ഡോറിന്റെ കൊളുത്ത് വിട്ടതാണ് മാലിന്യം റോഡിൽ പതിക്കാൻ കാരണമായതെന്നാണ് ടോറസിന്റെ ഡ്രൈവർ ആലപ്പുഴ സ്വദേശി രഘു അമ്പലമേട് പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

നാട്ടുകാർ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ അമ്പലമേട് പൊലീസ് കാര്യം ബോദ്ധ്യപ്പെടുത്തിയപ്പോൾ കമ്പനിക്ക് പുറത്ത് ഉണ്ടായ സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലന്നായിരുന്നു കിറ്റക്‌സ് കമ്പനി അധികൃതരുടെ ആദ്യ നിലപാട്. പിന്നീട് തങ്ങൾ റോഡ് ഉപരോധം ആരംഭിച്ചതോടെയാണ് കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് പ്രതിഷേധക്കാർ പറയുന്നു.

മാലിന്യം കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട മനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ടോറസ് ഈ പ്രദേശത്തുകൂടെ സഞ്ചരിച്ചതെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് റോഡിൽ വീണ കറുത്ത വസ്തു നീക്കുന്നതിനും പ്രദേശം വൃത്തിയാക്കുന്നതിനും കമ്പനിയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടായതെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

പൊലീസും നാട്ടുകാരും മാലിന്യം റോഡിൽ നിന്നും നീക്കണം എന്ന ഉറച്ച നിലപാടെടുത്തതോടടെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കമ്പനി ഇടപെട്ട് മാലിന്യം നീക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം കൊണ്ട് റോഡിൽ നിന്നും മാലിന്യം നീക്കി, വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി, ഇതിന് പിന്നാലെ മലിന ജലം യന്ത്രസഹായത്താൽ വലിച്ചെടുത്ത് ടാങ്കർ ലോറിയിലാക്കിയാണ് പ്രദേശം ശുദ്ധീകരിക്കുകയും ചെയ്തു.

ഈ പ്രക്രിയയാണ് നാട്ടുകാരിൽ ഇപ്പോൾ ഭയാശങ്ക ഉയർത്തിയിരിക്കുന്നത്. മാലിന്യത്തിൽ അത്യന്തം അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നതിനാലാണ് ഈ വിധത്തിൽ പ്രദേശം ശുദ്ധീകരിച്ചതെന്നും മലിന്യം തങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമോ എന്നുമാണ് ഇവിടുത്തുകാരുടെ ഇപ്പോഴത്തെ സംശയം. മാലിന്യം സുരക്ഷിതമായി ഫാക്ടിൽ എത്തിച്ചുവെന്നും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ടോറസ് ഡ്രൈവർ രഘുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അമ്പലമേട് എസ് ഐ ജസ്റ്റിൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP