Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഹന്ത പൊന്തിയാൽ പുരുഷപൊലീസെന്നോ വനിതാ പൊലീസെന്നോ ഭേദമില്ല! ക്യാൻസർ രോഗിയായ വീട്ടമ്മയ്ക്ക് നേരേ തണ്ണിത്തോട് വനിതാ എസ്‌ഐയുടെ പീഡനം; പ്രമേഹമുണ്ടെന്നും കണ്ണിന് 90 ശതമാനം കാഴ്ചയില്ലെന്നും പറഞ്ഞിട്ടും വാറണ്ട് നടപ്പാക്കാൻ കസ്റ്റഡിയിൽ എടുത്തു; കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചിട്ടും അവശയായ വീട്ടമ്മയെ കോടതിയിൽ ഹാജരാക്കിയേ തീരൂവെന്ന് വാശി; ഒടുവിൽ കോടതിയിൽ എത്തിച്ചപ്പോൾ കഥ ഇങ്ങനെ

അഹന്ത പൊന്തിയാൽ പുരുഷപൊലീസെന്നോ വനിതാ പൊലീസെന്നോ ഭേദമില്ല! ക്യാൻസർ രോഗിയായ വീട്ടമ്മയ്ക്ക് നേരേ തണ്ണിത്തോട് വനിതാ എസ്‌ഐയുടെ പീഡനം; പ്രമേഹമുണ്ടെന്നും കണ്ണിന് 90 ശതമാനം കാഴ്ചയില്ലെന്നും പറഞ്ഞിട്ടും വാറണ്ട് നടപ്പാക്കാൻ കസ്റ്റഡിയിൽ എടുത്തു; കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചിട്ടും അവശയായ വീട്ടമ്മയെ കോടതിയിൽ ഹാജരാക്കിയേ തീരൂവെന്ന് വാശി; ഒടുവിൽ കോടതിയിൽ എത്തിച്ചപ്പോൾ കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേരളാ പൊലീസിലെ പുരുഷന്മാരേക്കാൾ ക്രിമിനലുകൾ ആയി മാറിയോ വനിതകൾ. ജില്ലയുടെ കിഴക്കൻ മേഖലയിൽ വനിത എസ്എച്ചഒ ആയുള്ള തണ്ണിത്തോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു എൽപി വാറണ്ടിന്റെ പേരിൽ, രോഗം ബാധിച്ച് അവശനിലയിലായ വീട്ടമ്മയോട് ഇവർ കാട്ടിക്കൂട്ടിയത് കണ്ടാൽ ന്യായമായും അങ്ങനെ സംശയിച്ചു പോകും.

തേക്കുതോട് കറുകയിൽ വീട്ടിൽ അനിലിന്റെ ഭാര്യ ഉഷാ കുമാരി(39)യോടായിരുന്നു ഒരു ക്രിമിനലിനോടുള്ളതിനേക്കാൾ മോശമായി പൊലീസ് പെരുമാറിയത്. ഇതു സംബന്ധിച്ച് ഇവർ മനുഷ്യാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും പരാതി നൽകി.

ഉഷാകുമാരി പറയുന്ന കഥകേൾക്കൂ:

നേരത്തേ ക്യാൻസർ രോഗിയായിരുന്നു ഉഷ. അടുത്ത കടുത്ത പ്രമേഹം ബാധിച്ച് കണ്ണിന്റെ കാഴ്ച 90 ശതമാനവും നഷ്ടപ്പെട്ടു. ഓഫ്ത്താൽമിക് ഡിസെബിലിറ്റി എന്ന പേരിൽ ഇവർക്ക് ഭിന്നശേഷിക്കുള്ള പെൻഷനും ലഭിക്കുന്നുണ്ട്. കടുത്ത പ്രമേഹമുള്ളതിനാൽ ഇൻസുലിൻ പതിവായി എടുക്കുകയും വേണം. ഉഷയുടെ ഭർത്താവ് അനിൽ വിദേശത്താണ്. അതിന് മുൻപ് ഇവർ കോട്ടയം എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 2 ലക്ഷം വായ്പ എടുത്തിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവിൽ വീഴ്ച വരുത്തി. കോടതിയിൽ കേസ് ആയി. പിന്നീടിത് വാറണ്ടായി. ഉഷയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ അഞ്ചു തവണ കോടതി തണ്ണിത്തോട് പൊലീസിന് വാറണ്ട് അയച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ഒക്ടോബർ 25 ന് ബാങ്കുമായുള്ള കേസ് ഒത്തു തീർന്നു. അവസാന ഗഡുവായ 52,000 രൂപയടച്ച് ഉഷാകുമാരി ബാധ്യത തീർക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 24 നാണ് ലോങ് പെൻഡിങ് വാറണ്ടിന്റെ പേരിൽ തണ്ണിത്തോട് പൊലീസ് വീട്ടിൽ നിന്ന് ഉഷയെ കസ്റ്റഡിയിൽ എടുത്തത്. വാറണ്ടുമായി എസ്ഐ ബീനാ ബീഗവും സിപിഓ രജനിയുമാണ് എത്തിയത്. മാഡം വിളിക്കുന്നു നിങ്ങൾക്ക് ഒരു വാറണ്ടുണ്ട്. സ്റ്റേഷൻ വരെ വരണം എന്നാണ് പറഞ്ഞത്. എന്തിനുള്ള വാറണ്ടാണെന്ന് ചോദിച്ചപ്പോൾ കോട്ടയം കോടതിയിൽ നിന്നാണെന്നും ബാങ്കുമായുള്ള കേസിന്റെ ആണെന്നും പൊലീസുകാർ പറഞ്ഞു.

പണം അടച്ച് ബാധ്യത ഒഴിവാക്കിയതാണെന്ന് ഉഷ അറിയിച്ചപ്പോൾ രേഖകൾ കാണിക്കാൻ പറഞ്ഞു. രേഖകൾ എല്ലാം ഭർത്താവിന്റെയും മകന്റെയും ഫോണിലാണ്. കാഴ്ച ശക്തിയില്ലാത്ത തനിക്ക് അത് എടുക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ കൂട്ടാക്കാൻ എസ്ഐയും പൊലീസുകാരും തയാറായില്ല. വേഗം ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു.

താൻ ക്യാൻസർ രോഗിയാണ്, കടുത്ത പ്രമേഹമുണ്ട്, കണ്ണിന് 90 ശതമാനം കാഴ്ചയില്ല എന്നൊക്കെ ഉഷ പൊലീസുകാരോട് പറഞ്ഞെങ്കിലും വണ്ടിയിൽ കയറാൻ ഉത്തരവിടുകയായിരുന്നു. ഭക്ഷണം കഴിച്ചില്ല, പ്രമേഹത്തിനുള്ള ഇൻസുലിൻ എടുത്തില്ല എന്ന് പറഞ്ഞതും കൂട്ടാക്കാൻ പൊലീസ് തയാറായില്ല. തുടർന്ന് മോഷ്ടാവിനെ എന്ന വണ്ണം ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഇവർ കുഴഞ്ഞു വീണു.

ഭക്ഷണം വല്ലതും കഴിക്കൂവെന്ന് പൊലീസുകാർ പറഞ്ഞു. ഒടുവിൽ ഉഷ കൊടുത്ത പണവുമായി ഒരു പൊലീസുകാരൻ പോയി പൊറോട്ടയും ചായയും വാങ്ങി കൊടുക്കുകയായിരുന്നു. അത് കഴിച്ച് തീരുന്നതിന് മുൻപ് തന്നെ പൊലീസ് ജീപ്പിൽ കയറ്റി പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചു. ഉഷയുടെ മകൾ വായ്പ അടച്ചു ബാധ്യത തീർത്തതിന്റെ രേഖകളുമായി അവിടെ കാത്തു നിന്നിരുന്നു. ഇത് എസ്.ഐയെയും മറ്റും കാണിച്ചപ്പോൾ കോടതിയിൽ ഹാജരാക്കിയേ പറ്റൂവെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയായിരുന്നുവത്രേ.

തുടർന്ന് പൊലീസുകാരി രജനിയെയും കൂട്ടി കോട്ടയത്തേക്ക് ബസിൽ പൊയ്ക്കൊള്ളാൻ പറഞ്ഞ് എസ്ഐ മടങ്ങി. പ്രമേഹരോഗിയായതും കാഴ്ച ശക്തിയില്ലാത്തതും കാരണം തനിക്ക് ബസിൽ പോകാൻ പറ്റില്ല എന്ന് ഉഷ അറിയിച്ചു. ഒടുവിൽ, ടാക്സി വിളിച്ചു പോകാമെന്ന മകളുടെ നിർദ്ദേശം പൊലീസുകാരി അംഗീകരിച്ചു.

മകൾ വിളിച്ചു കൊണ്ടുവന്ന ടാക്സിയിലാണ് ഇവർ കോട്ടയത്തേക്ക് പോയത്. യാത്രയിലുടനീളം അസ്വസ്ഥയായിരുന്നു ഉഷ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനാൽ ശാരീരിക പ്രശ്നവും നേരിട്ടു. തിരുവല്ലയിൽ എത്തിയപ്പോൾ കാർ നിർത്തി ഛർദിച്ചു. അവശനിലയിൽ ഇവർ ഛർദിക്കുന്നതു കണ്ട് തൊട്ടടുത്ത ജ്യൂവലറിയിലെ ജീവനക്കാർ ഓടി വന്ന് ഉഷയ്ക്ക് വെള്ളവും മറ്റ് പ്രഥമശുശ്രൂഷകളും നൽകി. തനിക്ക് മൂത്രമൊഴിക്കണമെന്ന് ഉഷ അറിയിച്ചപ്പോൾ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകാമെന്നായി വനിതാ പൊലീസ്. ഉഷയ്ക്ക് ഇത് സമ്മതമായിരുന്നില്ല.

തുടർന്ന്, ടാക്സി ഡ്രൈവറുടെ നിർദ്ദേശപ്രകാരം അടുത്തുള്ള പെട്രോൾ പമ്പിലെ ടോയ്ലറ്റിലേക്ക് ഇവരെ കൊണ്ടുപോയി. ടോയ്ലറ്റിൽ കയറിക്കോ കതക് അടയ്ക്കരുതെന്ന് പൊലീസുകാരി നിർദ്ദേശിച്ചു. നിങ്ങളും ഒരു സ്ത്രീയല്ലേ, താൻ കൊള്ളക്കാരിയോ പിടിച്ചുപറിക്കാരിയോ അല്ലെന്ന് ഉഷ പറഞ്ഞതോടെ ഇവർ പിന്മാറി. ഉച്ചയോടെ കോട്ടയം കോടതിയിൽ എത്തിയപ്പോഴാണ് ഈ കേസ് ഒത്തു തീർന്നതാണെന്ന് അറിയിപ്പു കിട്ടിയത്.

ഉഷയെ ഇവിടേക്ക് കൊണ്ടുവരരുതെന്ന് പൊലീസിന് നിർദ്ദേശം നൽകിയിരുന്നുവെന്നും അവിടെ നിന്ന് പറഞ്ഞുവത്രേ. പിന്നെ, എന്തിനാണ് ഈ ബഹളം കൂട്ടിയതെന്നും മനുഷ്യാവകാശങ്ങൾ തനിക്ക് നിഷേധിച്ചതെന്നും ഉഷ ചോദിക്കുന്നു.അതേസമയം, തനിക്ക് കിട്ടിയ വാറണ്ട് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഉഷയെ കണ്ടിട്ട് രോഗമുള്ളതായി തോന്നിയില്ലെന്നും തണ്ണിത്തോട് എസ്ഐ. ബീനാബീഗം മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചു തവണ ഇവർക്കെതിരേ വാറണ്ട് വന്നിരുന്നു. ആറാം പ്രാവശ്യം എസ്എച്ച്ഓ ആയ തനിക്ക് കോടതി നേരിട്ട് വാറണ്ട് നടപ്പാക്കാൻ അയച്ചു തരികയായിരുന്നു. ജനമൈത്രി പൊലീസ് സംവിധാനമുള്ളതിനാൽ ആളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. അവരുടെ വീട്ടിലെത്തിയപ്പോൾ ക്യാൻസർ രോഗിയാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പ്രമേഹമുണ്ടെന്ന് പറഞ്ഞു. അവരെ കണ്ടിട്ട് ഒരു അസുഖവും ഉള്ളതായി തോന്നിയില്ല.

എല്ലാം വെറുതേ പറയുകയാണെന്ന് തോന്നി. കോടതി നിർദ്ദേശം നടപ്പാക്കേണ്ടതു കൊണ്ട് അവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചു. ഭക്ഷണവും വാങ്ങി നൽകി. സമയം വൈകണ്ട എന്നു കരുതി സ്റ്റേഷൻ ജീപ്പിൽ തന്നെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിച്ചു ബസ് കയറ്റി വിട്ടുവെന്നും ബീനാ ബീഗം പറഞ്ഞു. ഇവരെ ബസിൽ കൊണ്ടുപോകുന്നതിനുള്ള വാറണ്ട് പൊലീസുകാരി രജനിയെ ഏൽപ്പിച്ചിരുന്നു. അവർ കാറിലാണ് പോയത് എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു. അങ്ങനെ പോയെങ്കിൽ താൻ അതിന് ഉത്തരവാദിയല്ല എന്നും എസ്ഐ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP