മാവേലിക്കരയിൽ പൊലീസുകാരിയെ യുവാവ് ചുട്ടുകൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ സൗമ്യ പുഷ്ക്കരൻ; ഡ്യൂട്ടി കഴിഞ്ഞ ശേഷം സ്കൂട്ടറിൽ പോകുകയായിരുന്ന സൗമ്യയെ കാറിലെത്തി ഇടിച്ചിട്ട ശേഷം വെട്ടി വീഴ്ത്തി; അതിന് ശേഷം തീകൊളുത്തിയത് യുവാവ്; നാടിനെ നടുക്കിയ സംഭവത്തിൽ അക്രമി പിടിയിൽ; തീ കൊളുത്തിയത് അജാസ് എന്ന പൊലീസുകാരൻ
June 15, 2019 | 04:52 PM IST | Permalink

മാവേലിക്കര: മാവേലിക്കരയിൽ പൊലീസുകാരിയെ യുവാവ് ചുട്ടുകൊന്നു. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിപിഒയായ സൗമ്യ പുഷ്ക്കരനാണ്(30) ദാരുണമായി കൊല്ലപ്പെട്ടത്. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. സ്കൂട്ടറിൽ പോകുകയായിരുന്ന സൗമ്യയെ കാറിലെത്തി ഇടിച്ചിട്ട ശേഷമാണ് തീകൊളുത്തിയത്. യുവാവിനും പൊള്ളലേറ്റു. ആക്രമിച്ച യുവാവും പൊലീസുകാരനാണെന്ന് സംശയമുണ്ട്. സംഭവത്തിന് പിന്നിൽ എന്താണെന്ന വിവരം അറിവായി വരുന്നതേയുള്ളൂ. അജാസ് എന്ന പൊലീസുകാരനാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. കൃത്യം ചെയ്തയാളും പൊലീസുകാരനാണോ എന്ന് സംശയമുണ്ട്. ഇയാൾക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മായാണ് സൗമ്യ. യുവതിയുടെ ഭർത്താവ് വിദേശത്താണ്. സംഭവത്തിന് പിന്നിൽ ഗൂഢാലാചന ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
