Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സതീഷിനെ മർദ്ദിക്കുമ്പോൾ രാംദാസും ശാശ്വതിയും മദ്യപിച്ച് നൃത്തം ചെയ്തു; കുടിവെള്ളം ചോദിച്ചപ്പോൾ സതീശന്റെ ദേഹത്ത് കയറി നിന്ന് മുഖത്തേക്ക് മൂത്രം ഒഴിച്ചു; അയ്യന്തോൾ ഫ്ളാറ്റ് കൊലയിൽ കോൺഗ്രസ് നേതാവിനെതിരെ കൊലക്കുറ്റം ചുമത്തും

സതീഷിനെ മർദ്ദിക്കുമ്പോൾ രാംദാസും ശാശ്വതിയും മദ്യപിച്ച് നൃത്തം ചെയ്തു; കുടിവെള്ളം ചോദിച്ചപ്പോൾ സതീശന്റെ ദേഹത്ത് കയറി നിന്ന് മുഖത്തേക്ക് മൂത്രം ഒഴിച്ചു; അയ്യന്തോൾ ഫ്ളാറ്റ് കൊലയിൽ കോൺഗ്രസ് നേതാവിനെതിരെ കൊലക്കുറ്റം ചുമത്തും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അയ്യന്തോൾ ഫ്ളാറ്റ് കൊലപാതകത്തിൽ കെപിസിസി മുൻ സെക്രട്ടറി എം.ആർ രാംദാസിനും നേരിട്ട് പങ്ക്. രാംദാസിന്റെ സാന്നിധ്യത്തിലായിരുന്നു യുവാവിനെ മർദ്ദിച്ചത്. മുഖ്യപ്രതി റഷീദാണ് നിർണ്ണായക മൊഴി പൊലീസിന് നൽകിയത്. കൊല്ലപ്പെട്ട സതീശനെ ക്രൂരമായി മർദിക്കുമ്പോൾ എം.ആർ രാംദാസും മുറിയിലുണ്ടായിരുന്നു. യുവാവ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്നെ രാംദാസ് ഫ്ളാറ്റിൽ എത്തിയിരുന്നു. ശാശ്വതിക്കൊപ്പം മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത രാംദാസ്, സതീശിനെ താനും കൃഷ്ണപ്രസാദും മർദ്ദിക്കുന്നത് നോക്കിയിരുന്നുവെന്നും റഷീദിന്റെ മൊഴിയിൽ പറയുന്നു. സതീശനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ റഷീദിന്റെ മൊബൈലിലും ഐ പാഡിലും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ക്രൂരമർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ സതീശൻ കുടിവെള്ളം ചോദിച്ചപ്പോൾ റഷീദ് സതീശന്റെ ദേഹത്ത് കയറി നിന്ന് മുഖത്തേക്ക് മൂത്രം ഒഴിച്ചു. സതീശൻ മരിച്ചതറിഞ്ഞ് ആദ്യം പ്രതികൾ അഭയം തേടിയത് എം ആർ രാംദാസിന്റെ അടുത്തായിരുന്നു. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം റഷീദിനും കാമുകി ശാശ്വതിക്കും രക്ഷപ്പെടാനുള്ള മാർഗം ഉപദേശിച്ചത് രാംദാസാണ്. അറസ്റ്റിലായ സുഹൃത്ത് കൃഷ്ണ പ്രസാദിനോട് കൊലപാതക കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയാൽ എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകാമെന്ന് രാംദാസ് ഉറപ്പും നൽകി. നിലവിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് രാംദാസിനെതിരെ ചുമത്തിയിരിക്കുന്നത്.

ഷൊർണൂർ സ്വദേശി സതീശനാണ് ഈ മാസം ആദ്യം അയ്യന്തോളിലെ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ കെപിസിസി സെക്രട്ടറി രാംദാസ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാംദാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ രാംദാസിനും റഷീദിനുമെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ശാശ്വതിയും റഷീദും തമ്മിലുള്ള അവിഹിത ബന്ധവും റഷീദിന്റെ ഗുണ്ടാ ബന്ധങ്ങളും സതീശ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനം നടന്നത്. ഫ്ളാറ്റിൽ നടക്കുന്ന എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് സതീശനോട് ചോദിച്ചറിഞ്ഞ റഷീദ് ഫ്ളാറ്റിലെ രഹസ്യങ്ങളെല്ലാം ചോർന്നുവെന്ന സംശയത്തിൽ സതീശനെ വെള്ളവും ഭക്ഷണവും നൽകാതെ കക്കൂസിൽ പൂട്ടിയിട്ടു. നിരീക്ഷണത്തിന് കൃഷ്ണപ്രസാദിനെ ചുമതലപ്പെടുത്തി. ഈ ദിവസങ്ങളിലെല്ലാം ശാശ്വതി റഷീദിന്റെ ഫ്ളാറ്റിലുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം മഹാരാഷ്ട്ര, കർണാടക, കാശി, ആഗ്ര, തിരുപ്പതി, ഡൽഹി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. രാംദാസിന്റെ അറസ്റ്റോടെയാണ് കോടതിയിൽ റഷീദ് കീഴടങ്ങിയത്.

പ്രതികളുടെ മൊഴിയിൽ നിന്ന് കൊലപാതകത്തെ കുറിച്ച് പൊലീസ് എത്തിയ നിഗമനം ഇങ്ങനെ: ഷൊർണൂരിൽ ബസ് ഡ്രൈവറായിരുന്ന സതീശൻ ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം കൊടൈക്കനാലിലെ റിസോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കൊടൈക്കനാലിൽ സുഹൃത്ത് നടത്തുന്ന റിസോർട്ടിൽ ടൂറിസ്റ്റുകൾക്കുള്ള വാഹനത്തിന്റെ ഡ്രൈവർ ജോലിയായിരുന്നു സതീശന്റെ ലക്ഷ്യം. സതീശന് ജോലി വാഗ്ദാനം ചെയ്ത കൂട്ടുകാരൻ കേസിലെ മുഖ്യപ്രതിയായ റഷീദിന്റെ ഡ്രൈവറായിരുന്നു. ആ കൂട്ടുകാരനൊപ്പമാണ് കൊടൈക്കനാലിലേക്ക് പുറപ്പെട്ടത്. പോകുംവഴി റഷീദിനെ കാണാനായി കൂട്ടുകാരൻ ഫ്‌ളാറ്റിലേക്കു പോയി. മടങ്ങിവന്നപ്പോൾ റഷീദും കാമുകിയായ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു. കൊടൈക്കനാൽ യാത്രയിൽ അവരും ചേർന്നു. കൊടൈക്കനാലിൽ വിദേശികൾ പങ്കെടുത്ത ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത അവർക്ക് നാട്ടിലേക്ക് തിരികെ ഉടൻ വരാൻ കഴിഞ്ഞില്ല,

ഡി.ജെ പാർട്ടിക്കുശേഷം സ്വന്തം വാഹനത്തിൽ തിരികെ പോകാൻ കഴിയാതായ റഷീദിനെയും കാമുകിയെയും നാട്ടിലെത്തിക്കാൻ സുഹൃത്താണ് സതീശനോട് ആവശ്യപ്പെട്ടത്. അയ്യന്തോളിലെ ഫ്‌ളാറ്റിലെത്തി അന്ന് അവിടെ തങ്ങിയ സതീശനോട് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരു കൊച്ചി ബാങ്കിൽ ജോലിതരപ്പെടുത്തി നൽകാമെന്നും അതിന് ചെലവു ചെയ്യണമെന്നും റഷീദ് പറഞ്ഞു. കൈവശം പണമില്ലാതിരുന്ന സതീശൻ ഷൊർണൂരിലുള്ള പിതാവിന്റെ പക്കൽ നിന്ന് പണംവാങ്ങി മദ്യവുമായി ഫ്‌ളാറ്റിലേക്ക് മടങ്ങി. ഇതിനിടെ ഫോണിൽ വിളിച്ച സുഹൃത്തിനോട് റഷീദുമായി പരിചയപ്പെട്ടതും യാത്രയും ജോലി വാഗ്ദാനവുമെല്ലാം വെളിപ്പെടുത്തി. റഷീദിനെ അറിയാവുന്ന സുഹൃത്ത് അയാളുമായുള്ള അടുപ്പം നല്ലതല്ലെന്ന് സതീശനെ താക്കീത് ചെയ്തു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച സതീശൻ സുഹൃത്തിന്റെ ഉപദേശം അവഗണിച്ചു. റഷീദിന്റെ ഫ്‌ളാറ്റിൽ തന്നെ തങ്ങി. അതിനിടെ വീണ്ടും സതീശനെ ഫോണിൽ വിളിച്ച സുഹൃത്ത് റഷീദിന്റെ വാക്കുകൾ വിശ്വസിക്കരുതെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് മടങ്ങണമെന്നും നിർബന്ധിച്ചു.

തന്റെ ഉപദേശം സതീശൻ കാര്യമാക്കാത്തതിൽ രോഷം കൊണ്ട സുഹൃത്ത് ഫോണിലൂടെ വിരട്ടി. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ശ്രദ്ധിച്ച റഷീദ് ഫോൺപിടിച്ചുവാങ്ങി സതീശന്റെ സുഹൃത്തിനെ ശകാരിച്ചു. ശാശ്വതിയുമായുള്ള കൊടൈക്കനാൽ യാത്രയും റഷീദിന്റെ ഫ്‌ളാറ്റിലെ വാസവും സതീശന്റെ സുഹൃത്ത് ഫോണിലൂടെ തിരികെ ചോദ്യം ചെയ്തു. ഫ്‌ളാറ്റിൽ നടന്ന കാര്യങ്ങൾ സതീശൻ ഡ്രൈവറായ കൂട്ടുകാരനെ അറിയിച്ചതിൽ തോന്നിയ പകയാണ് പ്രശ്‌നമായി മാറിയതെന്ന് പൊലീസ് പറയുന്നു. സതീശൻ യുവതിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന സംശയവും റഷീദിനുണ്ടായി. പ്രകോപിതനായ റഷീദ് സതീശനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാങ്കൽപ്പിക കസേരയിൽ ഇരുത്തി. സദാസമയവും കാറിൽ കൊണ്ടുനടക്കാറുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് സതീശനെ മർദ്ദിച്ചശേഷം കക്കൂസിൽ പൂട്ടിയിട്ടു. ഫെബ്രു.29നായിരുന്നു ഇത്. അന്നേദിവസം റഷീദിന്റെ ആതിഥ്യം സ്വീകരിച്ചെത്തിയ കോൺഗ്രസ് നേതാവ് എം.ആർ രാമദാസും ഇക്കാര്യങ്ങൾ അറിഞ്ഞു. സതീശനെ മോചിപ്പിക്കാനോ ഇക്കാര്യങ്ങൾ പൊലീസിനെ അറിയിക്കാനോ കൂട്ടാക്കാതിരുന്ന രാംദാസും റഷീദിന്റെ ക്രൂരതകൾക്ക് കൂട്ടുനിൽക്കുകയായിരുന്നു.

ദിവസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് സതീശനെ ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കുമ്പോഴും രാംദാസ് അവിടെ എത്തി മദ്യപാനവും ശാശ്വതിയുമായി ആട്ടവും പാട്ടും നടത്തി മടങ്ങി. സംഭവദിവസം വൈകിട്ട് എം.ആർ രാമദാസ് മദ്യവും ഭക്ഷണവുമായി എത്തിയാണ് ഫ്‌ളാറ്റിലെ ഡാൻസ് പരിപാടിയിൽ പങ്കെടുത്തത്. ഫ്‌ളാറ്റിലെ രഹസ്യങ്ങൾ ചോർന്നതിന്റെ പകയൊടുങ്ങാത്ത റഷീദിന്റെ നിർദേശമനുസരിച്ച് ശാശ്വതിയും കൃഷ്ണപ്രസാദും കക്കൂസിന് പുറത്തിറക്കി സതീശനെ ക്രൂരമായി ഉപദ്രവിച്ചു. മർദ്ദനം സഹിക്കാതെ മൂത്രമൊഴിച്ച സതീശനെ കൊണ്ട് ആ മൂത്രം നക്കിച്ചു. കുഴഞ്ഞുവീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ച സതീശന്റെ മുഖത്തേക്ക് റഷീദ് മൂത്രമൊഴിച്ചെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP