Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന പത്രക്കുറിപ്പുമായി യൂത്ത് ലീഗ്; നിലപാട് വ്യക്തമാക്കൽ ജൗഹർ മുനവറിനെ തള്ളിപ്പറഞ്ഞ് നേതാവ് യൂത്ത് ലീഗ് പികെ ഫിറോസ് രംഗത്തെത്തിയ സാഹചര്യത്തിൽ; ഇങ്ങനെപോയാൽ ഫിറോസിന് കെടി ജലീലിന്റെ ഗതിവരുമെന്ന് ഒരു വിഭാഗം; വത്തക്ക പ്രയോഗത്തിലെ പ്രസംഗത്തിൽ ലീഗിലും ചേരിതിരിവ്

ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന പത്രക്കുറിപ്പുമായി യൂത്ത് ലീഗ്; നിലപാട് വ്യക്തമാക്കൽ ജൗഹർ മുനവറിനെ തള്ളിപ്പറഞ്ഞ് നേതാവ് യൂത്ത് ലീഗ് പികെ ഫിറോസ് രംഗത്തെത്തിയ സാഹചര്യത്തിൽ; ഇങ്ങനെപോയാൽ ഫിറോസിന് കെടി ജലീലിന്റെ ഗതിവരുമെന്ന് ഒരു വിഭാഗം; വത്തക്ക പ്രയോഗത്തിലെ പ്രസംഗത്തിൽ ലീഗിലും ചേരിതിരിവ്

ജാസിം മൊയ്തീൻ

കോഴിക്കോട്: പ്രസംഗത്തിലെ വത്തയ്ക്ക പ്രയോഗത്തിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പൊലീസ് കേസെടുത്ത ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ പക്ഷം പിടിച്ച് യൂത്ത് ലീഗ്. വിവാദത്തിൽപ്പെട്ട അദ്ധ്യാപകന് എതിരെ കേസെടുക്കരുതെന്ന ആവശ്യവുമായാണ് യൂത്ത് ലീഗ് രംഗത്തെത്തുന്നത്.

ഫറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവറിനെതിരെ കൊടുവള്ളി പൊലീസെടുത്ത കേസ് പിൻവലിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. വാർത്താ കുറിപ്പിലൂടെയാണ് യൂത്ത് ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാദ പ്രസംഗത്തിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടന്നിരുന്നു. സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് അദ്ധ്യാപകന് എതിരെ ഉയർന്നത്. സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം നേരിട്ട സംഭവം ചർച്ചയായതിന് തൊട്ടുപുറകെ ഇത്തരമൊരു വിവാദം ഉണ്ടായത് സ്ഥാപനത്തിന് വലിയ നാണക്കേടായി മാറി. തുടർന്ന് അദ്ധ്യാപകന് നിർബന്ധിത അവധി നൽകിയിരിക്കുകയാണ്. ഇതിനിടെയാണ് ഡിജിപിക്ക് ഉൾപ്പെടെ പരാതി എത്തുന്നതും സ്ഥാപനത്തിലെ വിദ്യാർത്ഥിനി തന്നെ പൊലീസിൽ നേരിട്ട് പരാതി നൽകുന്നതും. ഇതേത്തുടർന്നാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി അമൃത മേത്തർ നൽകിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കേസ് സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നേരത്തെ കോളേജിനെതിരെയുള്ള സമരങ്ങൾ കോളേജിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന രീതിയിൽ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് നിലപാടെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ ഫാറൂഖ് കോളേജിലെ പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയ അദ്ധ്യാപകനെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതോടെ ഇക്കാര്യം വലിയ ചർച്ചയായി.

ഇതിനെതിരെ സമസ്ത വിഭാഗം നേതാക്കളടക്കം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ പരാതിയുമായി നേതൃത്വത്തെ സമീപിച്ചതോടെയാണ് ഇപ്പോൾ സംസ്ഥാന കമ്മറ്റിയുടെ കുറിപ്പിന്റെ രൂപത്തിൽ അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടുമായി യൂത്ത് ലീഗ് എത്തുന്നത്. അദ്ധ്യാപകനെ തള്ളിപ്പറഞ്ഞുള്ള പികെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴെ നിരവധി ലീഗ് പ്രവർത്തകരും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അദ്ധ്യാപകനെ അനുകൂലിക്കുന്നുവരും ഫിറോസിനെ തെറിപറഞ്ഞ് കമന്റുകളിടുന്നത് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ പോയാൽ പികെ ഫിറോസിന് കെടി ജലീലിന്റെ ഗതിയാകുമെന്നാണ് ഇവർ പറയുന്നത്. ഇത്തരത്തിൽ ലീഗിൽ തന്നെ രണ്ടുപക്ഷമായി ഈ വിഷയത്തിൽ പോരുതുടരുന്നുവെന്നാണ് വിവരം.

നേരത്തെ പികെ ഫിറോസിനെ പോലുള്ളവരെ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് അടക്കിനിർത്തണമെന്ന് ചേളാരി സമസ്ത വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗിന്റെ നേതൃസ്ഥാനം സമുദായത്തിനെതിരെ എന്തുവിളിച്ച് പറയാനുള്ള ലൈസൻസാണന്ന് ധരിക്കരുതെന്നും, ലീഗിന്റെ നേതൃസ്ഥാനത്തിരുന്ന് ഇത്തരത്തിൽ സമുദായത്തെ അവഹേളിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാട് ലീഗ് തിരുത്തണമെന്നും സമസ്ത നേതാക്കൾ പറഞ്ഞിരുന്നു.

ഇതെല്ലാം തുടരുന്നതിനിടയിലാണ് ഇപ്പോൾ പത്രക്കുറിപ്പിറക്കി സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് യൂത്ത് ലീഗെടുത്തിരിക്കുന്നത്. കേസെടുത്ത പൊലീസ് നടപടി സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധതയാണ് കാണിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. .ഫറൂഖ് ട്രെയിനിങ് കോളേജ് അദ്ധ്യാപകനായ ജൗഹർ മുനവർ, വിദ്യാർത്ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമർശം നടത്തി മാനസിക സംഘർഷവും അപമാനവും വരുത്തിയെന്ന ചൂണ്ടിക്കാട്ടിയാണ് അമൃതയുടെ പരാതി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മണക്കാട് സ്വദേശിയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരം മണക്കാട് സ്വദേശി പരാതി കോഴിക്കോട് റൂറൽ എസ്‌പിക്ക് കൈമാറിയതായി ഡിജിപി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP