Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്രവാർത്തകൾക്കും പേടിപ്പിക്കലുകൾക്കും അപ്പുറം എന്തുകൊണ്ട് സാക്കീർ നായിക്കിനെ തൊടാൻ പൊലീസിന് കഴിയാറില്ല?

പത്രവാർത്തകൾക്കും പേടിപ്പിക്കലുകൾക്കും അപ്പുറം എന്തുകൊണ്ട് സാക്കീർ നായിക്കിനെ തൊടാൻ പൊലീസിന് കഴിയാറില്ല?

ധാക്കയിൽ ഭീകരാക്രമണം നടത്തിയവർ മുതൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരപ്രസ്ഥാനത്തിൽ ചേർന്നവർ വരെ സാക്കീർ നായിക്കിന്റെ പ്രസംഗത്തിലാകൃഷ്ടരായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പറയുമ്പോഴും പൊലീസിന് സാക്കീർ നായിക്കിനെ തൊടാൻ ഇതേവരെ സാധിക്കാത്തത് എന്തുകൊണ്ടാണ്? നായിക് നടത്തുന്നത് വിദ്വേഷപ്രചാരണമാണെന്ന പത്രവാർത്തകളും മറ്റുമുണ്ടെങ്കിലും മതിയായ തെളിവുകളില്ലാതെ ഇരുട്ടിൽത്തപ്പുകയാണ് പൊലീസ് ഇപ്പോഴും.

ധാക്കയിൽ ഭീകരാക്രമണം നടത്തിയവരിലൊരാൾ സാക്കീർ നായിക്കിന്റെ പേര് പറഞ്ഞതോടെയാണ് മഹാരാഷ്ട്ര പൊലീസ് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്വേഷം പ്രചരിപ്പിക്കുന്നതാണോ എന്ന് അന്വേഷിക്കാൻ തുടങ്ങിയത്. ഇതിനുമുമ്പ് ഇന്ത്യയിൽ അറസ്റ്റിലായ ഒട്ടേറെ തീവ്രവാദികളും നായിക്കിന്റെ പേര് വ്യക്തമാക്കിയിരുന്നു.

2009-ൽ ന്യുയോർക്ക് സബ്‌വേ ബോംബാക്രമണത്തിന് പദ്ധതിയിട്ട അഫ്ഗാൻകാരനായ നജീബുള്ള സാസി, ഗ്ലാസ്‌ഗോയിൽ 2007-ൽ ഭീകരാക്രമണം നടത്തിയ ബെംഗളൂരു സ്വദേശി ഡോ. ഖഫീൽ അഹമ്മദ്, മുംബൈയിൽ തീവണ്ടിയിൽ സ്‌ഫോടനം നടത്തിയ സംഭവത്തിലെ രാഹിൽ ഷെയ്ഖ്, ഔറംഗബാദ് ആയുധക്കടത്ത് കേസിലെ പ്രതി ഫിറോസ് ദേശ്മുഖ് എന്നിവർ നായിക്കിന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടരായിരുന്നു എന്ന് വ്യക്തമാണ്.

ഐസിസിൽ ചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ച് അറസ്റ്റിലായ പലരും ഇതേ പ്രസംഗങ്ങൾ പിന്തുടർന്നിരുന്നു. കേരളത്തിൽനിന്ന് ഐസിസിൽ ചേരാൻപോയി എന്ന് കരുതപ്പെടുന്ന 21 പേരിൽ പലരും നായിക്കിന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടരായി തീവ്രവാദ മാർഗം തിരഞ്ഞെടുത്തവരാണ്. ഫേസ്‌ബുക്കിൽ നായിക്കിനെ പിന്തുടരുന്നത് 1.4 കോടി ആളുകളാണ്.

തന്റെ പ്രസ്താവനകളെ സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റി വിവാദമായി ചിത്രീകരിക്കുകയാണെന്നും തെറ്റായി വ്യാഖ്യാനിക്കുകയുമാണെന്നും സാക്കീർ നായിക്ക് പറുന്നു. തെളിവുകളില്ലാതെ തന്നെ വിദ്വേഷ പ്രചാരകനായി ചിത്രീകരിക്കുകയാണെന്നും നായിക് കുറ്റപ്പെടുത്തുന്നു.

എന്നാൽ, നായിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുംബൈയിലെ റാസ അക്കാദമിയിലെ സയ്യദ് നൂറി പറഞ്ഞു. ചിലതരത്തിലുള്ള ചാവേറാക്രമണങ്ങൾ സ്വീകാര്യമാണെന്ന് പറയുന്നതിൽ എന്താണ് അർഥമെന്ന് അദ്ദേഹം ചോദിക്കുന്നു. പ്രസംഗങ്ങളിൽ ആകൃഷ്ടരായ യുവാക്കളിൽ പലരും ഇത് ശരിയാണെന്ന് ധരിക്കും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്.

പീസ് ടിവിയിലൂടെ നായിക് നടത്തുന്ന പ്രസംഗങ്ങളാണ് പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുന്നത്. ലോകമാകമാനമായി 20 കോടി ആളുകൾ പീസ് ടിവി പിന്തുടരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട ഈ ചാനൽ രഹസ്യമായി സംപ്രേഷണം തുടരുന്നുമുണ്ട്.

ബി.വൈ.എൽ നായർ ഹോസ്പിറ്റലിന് കീഴിലുള്ള ടോപ്പിക്കൽ കോളേജിൽനിന്ന് മെഡിക്കൽ ബിരുദം സ്വന്തമാക്കിയ നായിക്ക് 1987-ൽ ദക്ഷിണാഫ്രിക്കക്കാരനായ മതപ്രചാരകൻ അഹമ്മദ് ദീദത്തിന്റെ പ്രസംഗം കേട്ടതോടെയാണ് പുതിയ വഴിയിലേക്ക് തിരിഞ്ഞത്. ഖുറാനും മറ്റ് മതഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കിയ നായിക് തന്റേതായ രീതിയിൽ മതപ്രസംഗങ്ങൾക്ക് തുടക്കമിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP