സിസ്റ്റർ അഭയ കൊലക്കേസ്: അഭയയുടെ ചെരുപ്പ് അടക്കമുള്ള തൊണ്ടി സാധനങ്ങൾ നശിപ്പിക്കാൻ താൻ ഉത്തരവിട്ടു; മരണത്തിൽ സംശയമുണ്ടെന്ന അഭയയുടെ അച്ഛന്റെ പരാതി ആ സമയം കിട്ടിയിരുന്നെങ്കിൽ അനുമതി നൽകില്ലായിരുന്നുവെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്
November 19, 2019 | 09:53 PM IST | Permalink

അഡ്വ.പി.നാഗ് രാജ്
തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായിരുന്ന കിഷോറിനെ തിരുവനന്തപുരം സിബിഐ കോടതി വിസ്തരിച്ചു. കേസിലെ തൊണ്ടി മുതലുകളായ അഭയയുടെ ചെരുപ്പ് അടക്കമുള്ള സാധനങ്ങൾ നശിപ്പിക്കാൻ താൻ ഉത്തരവിട്ടതായി അദ്ദേഹം കോടതിയിൽ മൊഴി നൽകി. ഇത് നശിപ്പിക്കാനായി സെക്ഷൻ ക്ലർക്ക് നൽകിയ ഹർജി താൻ അനുവദിക്കുകയായിരുന്നു. ഈ സമയം അഭയയുടെ അച്ഛൻ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.
എന്നാൽ ഈ പരാതിയും തൊണ്ടിമുതൽ നശിപ്പിക്കാനുള്ള ഹർജിയും ഒരുമിച്ചല്ല ലഭിച്ചത്. മരണത്തിൽ സംശയമുണ്ടെന്ന പരാതി തന്റെ മുന്നിലെത്തിയിരുന്നെങ്കിൽ തൊണ്ടിമുതൽ നശിപ്പിക്കാൻ അനുമതി നൽകില്ലായിരുന്നെന്നും അദ്ദേഹം മൊഴി നൽകി. തൊണ്ടിമുതൽ ഹാജരാക്കാതെ നശിപ്പിച്ചുവെന്ന് രേയയുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിസ്താരം ബുധനാഴ്ച തുടരും.
