പ്രതിഭാഗം വക്കീലുമാർ മണിക്കൂറുകളോളം വിസ്തരിച്ചിട്ടും ഡോ.കന്തസ്വാമി കീഴടങ്ങിയില്ല; അഭയയുടേത് നേരായ രീതിയിലുള്ള മുങ്ങിമരണമല്ല; തലയിലേറ്റ മൂന്നു മാരക പരിക്കുകളാണ് മരണകാരണമെന്നും ഫോറൻസിക് വിദഗ്ധൻ; ശാസ്ത്രീയമൊഴി ഖണ്ഡിക്കാനാവാതെ പ്രതിഭാഗം
November 21, 2019 | 08:15 PM IST | Permalink

അഡ്വ.പി.നാഗ് രാജ്
തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് നേരായ രീതിയിലുള്ള മുങ്ങി മരണമല്ലെന്നും തലയിലേറ്റ മാരകമായ മൂന്നു പരിക്കുകളാണ് മരണകാരണമായതെന്നും ഉള്ള ആദ്യ വിസ്താര മൊഴിയിൽ ഉറച്ച് ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസ്വാമി തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി. പ്രതിഭാഗം മണിക്കൂറുകളോളം അദ്ദേഹത്തെ എതിർവിസ്താരം നടത്തിയിട്ടും അദ്ദേഹത്തിന്റെ മൊഴിയെ ചോദ്യം ചെയ്ത് പ്രതിഭാഗത്തിനനുകൂലമായി കൊണ്ടുവരാനായില്ല.
അഭയയുടെ തലയ്ക്കേറ്റ അടിയുടെ ആഘാതം ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കും മുമ്പേ തലച്ചോറിനെ ബാധിച്ചതായും ക്രോസ് വിസ്താരത്തിൽ അദ്ദേഹം മെഡിക്കൽ സയൻസിൽ ഊന്നി ശാസത്രീയമായ മൊഴി നൽകി. തലച്ചോറിനെ ബാധിക്കുന്നത് നഗ്നനേത്രം കൊണ്ട് കാണാനാകില്ല. തലക്കേൽക്കുന്ന അടിയുടെ ആഘാതം ആദ്യം തലച്ചോറിനെ ബാധിക്കും. തലച്ചോറ് പരിശോധനയിൽ തലച്ചോറിനേറ്റ മാറ്റം കാണാനാകില്ല. ഇതോടെ പ്രതിഭാഗത്തിന് അദ്ദേഹത്തിന്റെ ശാസ്ത്രീയ മൊഴിയെ ഖണ്ഡിക്കാനാവാതെ പിന്മാറേണ്ടി വന്നു.