Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു; ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൺസ് അയക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശം; ഈ മാസം 14ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം; പുതിയ സിനിമകൾക്ക് ഡേറ്റ് നൽകാതെ ജനപ്രിയൻ ഒരുങ്ങുന്നത് വിചാരണയെ നേരിടാൻ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു; ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൺസ് അയക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശം; ഈ മാസം 14ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം; പുതിയ സിനിമകൾക്ക് ഡേറ്റ് നൽകാതെ ജനപ്രിയൻ ഒരുങ്ങുന്നത് വിചാരണയെ നേരിടാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതിയ സിനിമകൾക്ക് ഡേറ്റ് നൽകാതെ ദിലീപ് ഒരുങ്ങുന്നത് നടിയെ ആക്രമിച്ച കേസിലെ വിചാരണയെ നേരിടാൻ തന്നെ. കേസിന്റെ നടപടി ക്രമങ്ങൾ തുടങ്ങുന്നുവെന്ന് വ്യക്തമായതോടെയാണ് താരം അഭിനയത്തിന് താൽക്കാലിക ബ്രേക്ക് നൽകുന്നതെന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം തന്നെ തുടങ്ങുകയാണ്. വിചാരണ തുടങ്ങുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൺസ് അയക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശിച്ചു.

നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽനിന്ന് കൈമാറിയ കുറ്റപത്രം വിചാരണ നടപടികൾക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. വാദിക്കും പ്രതിക്കും പ്രോസിക്യൂഷനുമെല്ലാം ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് ഹർജികൾ നൽകാനുള്ള അവസരം കിട്ടും. സെഷൻസ് കേസ് നമ്പർ ലഭിച്ചതോടെ ഉടൻ തന്നെ ജാമ്യഹർജി നൽകാനാണ് ഒന്നാംപ്രതി പൾസർ സുനിയുടെ അഭിഭാഷകരുടെ നീക്കവുമുണ്ട്. പ്രത്യേക കോടതി ആവശ്യപ്പെടുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ ഉടൻ തീരുമാനമെടുക്കും.

അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് നടിയും കോടതിയെ സമീപിച്ചു. കേസിൽ സാക്ഷികളായി നിരവധി നടികളുണ്ട്. അതുകൊണ്ട് വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്.

പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് കോടതി തന്നെ കേസ് കേൾക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാൻ പ്രിൻസിപ്പൽ ജഡ്ജിക്കാവും. എന്നാൽ, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്

എറണാകുളത്തെ ഏഴു സെഷൻസ് കോടതികളിൽ രണ്ടിടത്ത് വനിതാ ജഡ്ജിമാരുണ്ട്. ഇവരിൽ ഒരാൾ കേസ് കേൾക്കണമെന്നാണ് പ്രോസിക്യൂഷനും ആഗ്രഹിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി നേടിക്കൊടുക്കേണ്ടതുണ്ട്. നീതി പൂർവമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കുമെന്ന് തന്നെയാണ് പ്രോസിക്യുഷന്റേയും നിലപാട്. . കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകാതെ പൂർത്തിയാക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

സാക്ഷികളെയും പ്രതികളെയും സ്വാധീനിക്കാനുള്ള ദിലീപിന്റെ നീക്കം യഥാർഥപ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള ശ്രമത്തിനു തടസമാണെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തിയാണിത്. സ്ത്രീകൾക്കെതിരായ കേസുകൾ വനിതാജഡ്ജി കേൾക്കുന്ന കീഴ്‌വഴക്കം രാജ്യത്തുണ്ട്. ഇതിനുപുറമെ, രഹസ്യവിചാരണ വേണമെന്നും ആവശ്യപ്പെടും. മഞ്ജു വാര്യർ, കാവ്യാ മാധവൻ, രമ്യാ നമ്പീശൻ, റിമി ടോമി തുടങ്ങി സാക്ഷികളായി സിനിമാരംഗത്തെ പ്രമുഖരുണ്ട്. ഇവർക്കു നിർഭയമായി തുറന്നുപറയാനുള്ള സാഹചര്യം വേണം. അതിനു വനിതാ ജഡ്ജിയാണ് അഭികാമ്യമെന്നാണ് വിലയിരുത്തൽ.

വനിതാ ജഡ്ജി തന്നെ കേസ് കേൾക്കണമെന്ന് ഒന്നാംപ്രതി പൾസർ സുനിയും ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മാർട്ടിൻ ഓടിച്ചിരുന്ന വണ്ടിയിൽ താൻ കയറിയെങ്കിലും പ്രോസിക്യുഷൻ ആരോപിക്കുന്ന കൃത്യം നടത്തിയിട്ടില്ലെന്നാണു സുനിയുടെ പ്രധാനവാദം. നടിയുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളത്. സംഭവത്തിൽ പങ്കുണ്ടെന്നു കാണിക്കുന്ന ശാസ്ത്രീയ പരിശോധനകളൊന്നും തനിക്കെതിരല്ലെന്നും സുനി വാദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP