Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടേൽ പ്രതിമയുടെ വിജയപ്രഭ ശിവജി പ്രതിമയിൽ 'പ്രതിഫലിച്ചില്ല'; ശിവജി സ്മാരത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കാനുള്ള സുപ്രീം കോടതി നിർദ്ദേശം മഹാരാഷ്ട്രാ സർക്കാരിന് തിരിച്ചടി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടങ്ങുന്ന ബെഞ്ചിന്റെ നിർദ്ദേശം കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് സംഘടനയുടെ ഹർജിക്ക് പിന്നാലെ

പട്ടേൽ പ്രതിമയുടെ വിജയപ്രഭ ശിവജി പ്രതിമയിൽ 'പ്രതിഫലിച്ചില്ല'; ശിവജി സ്മാരത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കാനുള്ള സുപ്രീം കോടതി നിർദ്ദേശം മഹാരാഷ്ട്രാ സർക്കാരിന് തിരിച്ചടി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടങ്ങുന്ന ബെഞ്ചിന്റെ നിർദ്ദേശം കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് സംഘടനയുടെ ഹർജിക്ക് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ രാജ്യത്തിന് സമർപ്പിക്കുന്നതിൽ ബിജെപി സർക്കാർ വിജയം കണ്ടെങ്കിലും ശിവജി സ്മാരകത്തിന്റെ കാര്യത്തിൽ സംഗതി തിരിച്ചായി. അറബിക്കടലിൽ നിർമ്മിക്കുന്ന ശിവജി പ്രതിമയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം മഹാരാഷ്ട്രാ സർക്കാരിന് ഇപ്പോൾ വൻ തിരിച്ചടിയായിരിക്കുകയാണ്. പ്രതിമയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് (സിഎടി) എന്ന സംഘടന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയും ജസ്റ്റീസ് എസ്.കെ കൗളും അടങ്ങുന്ന ബെഞ്ച് ശിവജി സ്മാരകത്തിന്റെ ജോലികൾ ഉടൻ നിറുത്തി വയ്ക്കണമെന്ന് സർക്കാരിന് കർശന നിർദ്ദേശം നൽകിയത്.

വെള്ളിയാഴ്‌ച്ച വന്ന നിർദ്ദേശത്തിന് പിന്നാലെ നിർമ്മാണ പ്രവർത്തനം മരവിപ്പിക്കുന്ന നിർദ്ദേശം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ഉടൻ സമീപിക്കുമെന്ന് മഹാരാഷ്ട്രാ സർക്കാർ വ്യക്തമാക്കി. കോടതി ഉത്തരവ് വന്നതിന് പിന്നാലെ നിർമ്മാണം നിർത്തിവെക്കാൻ കരാറുകാരന് നിർദ്ദേശം നൽകിക്കൊണ്ട് ചൊവ്വാഴ്ച മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് ഉത്തരവിറക്കി. ബുധനാഴ്ചയോടെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു. മുംബൈയിലെ പ്രശസ്തമായ മറൈൻ ഡ്രൈവിൽ, 3.5 കി. മീറ്റർ കടലിനുള്ളിൽ കൃത്രിമമായുണ്ടാക്കിയ ദ്വീപിലാണ് പ്രതിമ സ്ഥാപിക്കുന്നത്.

88.8 മീറ്റർ ഉയരമുള്ള പീഠവും 123.2 മീറ്റർ ഉയരമുള്ള പ്രതിമയുമായി മൊത്തം 212 മീറ്റർ ഉയരത്തിലാണ് ശിവജി സ്മാരകം ഉയരുക. കടലിൽ തറയുണ്ടാക്കി നിർമ്മാണസാമഗ്രികൾ ഇറക്കുന്ന ജോലിയാണ് തുടങ്ങിയിരുന്നത്. പണി നിർത്തിവെക്കുന്നത് പ്രതിമ പൂർത്തിയാകുന്നത് വൈകാൻ വഴിയൊരുക്കും. പ്രതിമാ നിർമ്മാണത്തിന് പാരിസ്ഥിതികാനുമതി നൽകിയത് മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സി.എ.ടി. സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിമയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി പൊതുജനങ്ങൾക്കുള്ള ആവലാതികൾ കേൾക്കേണ്ടതായിരുന്നെന്നും അതില്ലാതെയാണ് സർക്കാർ അനുമതിനൽകിയതെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു.

പ്രതിമയുടെ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യം നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.ദേശീയ പ്രാധാന്യമുള്ള വിഷയമായാണ് പ്രതിമാനിർമ്മാണത്തെ കണക്കാക്കുന്നതെന്നും അതുസംബന്ധിച്ച പ്രായോഗിക പ്രശ്‌നങ്ങൾ സംസ്ഥാനസർക്കാരിന്റെ വിവേകത്തിനു വിടുകയാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരേയാണ് സി.എ.ടി. സുപ്രീംകോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ശിവജി സ്മാരകം അഭിമാനപദ്ധതിയായാണ് ദേവേന്ദ്ര ഫഡ്നവിസ് സർക്കാർ കണക്കാക്കുന്നത്. നിർമ്മാണം തുടങ്ങിയതിനുശേഷം നിർത്തിവെക്കേണ്ടിവന്നത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ഔഗ്യോഗിക വൃത്തങ്ങൾ സമ്മതിച്ചു. വിലക്കുനീക്കുന്നതിനായി സുപ്രീംകോടതിയിൽ വിശദമായി സത്യവാങ്മൂലം നൽകാനൊരുങ്ങുകയാണ് സർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP