Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാബു കുമാർ വധശ്രമക്കേസ്: ഡിവൈഎസ്‌പി. സന്തോഷ് നായരടക്കം 6 പ്രതികളെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു; സന്തോഷ് നായരെ കുടുക്കിയത് ഇ-മെയിലും ഫോൺ വിളികളും; കേസിൽ വിശദവാദം ജനുവരി 24 ന്

ബാബു കുമാർ വധശ്രമക്കേസ്: ഡിവൈഎസ്‌പി. സന്തോഷ് നായരടക്കം 6 പ്രതികളെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു; സന്തോഷ് നായരെ കുടുക്കിയത് ഇ-മെയിലും ഫോൺ വിളികളും; കേസിൽ വിശദവാദം ജനുവരി 24 ന്

അഡ്വ.പി.നാഗ രാജ്

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി വൈ എസ് പി സന്തോഷ് നായരും സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയനും അടക്കമുള്ള ആറു പ്രതികളെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ 5 പൊലീസുദ്യോഗസ്ഥരും സീരിയൽ നടിമാരുമൊത്തുള്ള നിശാവിരുന്നിനെക്കുറിച്ച് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലും സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിലും അറിയിച്ചതിലും പത്ര വാർത്ത വന്നതിനും പ്രതികാരമായി ഹെഡ് കോൺസ്റ്റബിൾ ബാബു കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും കോടതിയിൽ സിബിഐ. തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്ന പ്രാരംഭ വാദത്തിനിടയിലാണ് സിബിഐ നിലപാടറിയിച്ചത്. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും കുറ്റവിമുക്തരാക്കണമെന്നും ഡിവൈഎസ്‌പി സന്തോഷ് നായരടക്കം 6 പ്രതികൾ മറുവാദമുന്നയിച്ചു. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ സിബിഐ ജഡ്ജി ജെ.നാസർ വിശദമായ വാദം ജനുവരി 24 ന് കേൾക്കും.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്. എം. നായർ, സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയൻ, കൊല്ലം നഗരത്തിലെ പ്രബല ഗുണ്ടാത്തലവനും 'നവൻ ഷിപ്പിങ് കമ്പനി' ഉടമയുമായ കണ്ടെയ്‌നർ സന്തോഷ് എന്ന സന്തോഷ് കുമാർ, പ്രധാന ഗുണ്ടകളായ ജിണ്ട അനി എന്ന വിനേഷ് , പെന്റി എഡ്വിൻ ഓസ്റ്റിൻ, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരാണ് വധശ്രമക്കേസിലെ പ്രതികൾ.

2011 ജനുവരി 11 രാവിലെ 10.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബാബുകുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധമായ സ്പ്രിങ്ങ് മോഡൽ കത്തിപയോഗിച്ച് നെഞ്ചിലും വയറിലുമായി കുത്തി കഠിന ദേഹോപദ്രവം ഏൽപ്പിച്ച് മൃതപ്രായനാക്കുകയും കുറ്റക്കാരെ നിയമപരമായ ശിക്ഷയിൽ നിന്ന് മറയ്ക്കുന്നതിന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കേസ് ഡയറി കത്തിച്ചു കളഞ്ഞും തൊണ്ടി മുതൽ മറ്റിടത്തേക്ക് മാർവാട് ചെയ്തും തെളിവുകൾ നശിപ്പിക്കുകയും വ്യാജമായ വിവരം നൽകുകയും പൊലീസ് സ്റ്റേഷനിൽ തെറ്റായ റെക്കോഡ് തയ്യാറാക്കിയെന്നുമാണ് സിബിഐ കേസ്. 2014 നവംബർ 22നാണ് സി ബി ഐ ഡിവൈഎസ്‌പി കെ.റ്റി.തോമസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

2009 ഒക്ടോബർ 11 ന് രാത്രി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ സ്പിരിറ്റ് മാഫിയാത്തലവനായ കള്ള് ഷാപ്പ് കോൺട്രാക്റ്റർ ഒരുക്കിയ നിശാ മദ്യവിരുന്നിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്.എം.നായരും 4 പൊലീസുദ്യോഗസ്ഥരും സീരിയൽ നടിമാരും പങ്കെടുത്ത വിവരം ബാബു കുമാർ മാതൃഭൂമി കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ വി.ബി.ഉണ്ണിത്താന് നൽകി.കൂടാതെ വിവരം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മദ്യസൽക്കാര വാർത്ത ഉണ്ണിത്താൻ റിപ്പോർട്ട് ചെയ്തു. കൂടാതെ സന്തോഷ് നായരുടെ കായൽ കയ്യേറ്റവും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചുള്ള വാർത്തയും ഉണ്ണിത്താൻ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സന്തോഷ് നായർ സസ്‌പെൻഷനിലായി. ഇതിനുള്ള പ്രതികാരമാണ് വധശ്രമമെന്നാണ് വിരോധ കാരണമായി കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഡിവൈഎസ്‌പിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കുടുംബ ജീവിതം തകർന്നതോടെ ഉണ്ണിത്താനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി കണ്ടെയ്‌നർ സന്തോഷിന് നിർദ്ദേശം നൽകി. സന്തോഷ് പ്രധാന ക്രിമിനലായ ഹാപ്പി രാജേഷിന് 35,000 രൂപക്ക് ക്വട്ടേഷൻ നൽകി. തുടർന്ന് 2010 ഏപ്രിൽ 16ന് രാത്രിയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ഉണ്ണിത്താനെ ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഡിവൈഎസ്‌പിമാരായ സന്തോഷ് നായർ, ഗുണ്ടകളായ പുഞ്ചിരി മഹേഷ്, അയത്തിൽ വി.ആർ.ആനന്ദ്, ഉളിയക്കോവിൽ എസ്.ഷെഫീക്ക് എന്നിവരാണ് ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതികൾ. 2012 ജൂലൈ 5നാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഹാപ്പി രാജേഷിനൊപ്പം ആക്രമണത്തിൽ പങ്കെടുത്ത മഹേഷ് , ആനന്ദ്, ഷെഫീക്ക് എന്നീ 3 പ്രതികളെ 2011 മെയ് 13 ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ക്വട്ടേഷൻ ഏൽപ്പിച്ചത് കണ്ടെയ്‌നർ സന്തോഷാണെന്ന് പിടിയിലായ ഗുണ്ടകളിൽ നിന്ന് അന്വേഷണ സംഘം മനസ്സിലാക്കി.ഇതറിഞ്ഞ് സന്തോഷ് മുങ്ങി. പിന്നീട് തിരുവല്ല കോടതിയിൽ കീഴടങ്ങി. സന്തോഷിനെ ചോദ്യം ചെയ്തതോടെയാണ് ഡിവൈഎസ്‌പി സന്തോഷ് നായരുടെ പങ്ക് പുറത്തു വന്നത്.

ഹാപ്പി രാജേഷ് ഇതിനിടെ കൊല്ലപ്പെട്ടു.സന്തോഷ് നായരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പാണ് ഓട്ടോറിക്ഷക്കകത്തുകൊലപ്പെടുത്തിയ നിലയിൽ രാജേഷിനെ കണ്ടെത്തിയത്. 2011 മെയ് 21നാണ് ഡിവൈഎസ്‌പിയെ ക്രൈംബ്രാഞ്ച് ഡിഐജി എസ്.ശ്രീജിത്ത് അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ടെയ്‌നർ സന്തോഷിനെ സിബിഐ ഉണ്ണിത്താൻ വധശ്രമക്കേസിൽ മാപ്പ് സാക്ഷിയാക്കി.എന്നാൽ പല നിർണ്ണായക വിവരങ്ങളും മറച്ച് വെച്ച് സന്തോഷ് രഹസ്യമൊഴി നൽകിയതായും വിചാരണയിൽ സന്തോഷ് കൂറുമാറി പ്രതി ഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കുമെന്നും അതിനാൽ സന്തോഷിനെ മാപ്പ് സാക്ഷി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് പ്രതിപ്പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി സിബിഐ കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ കഴിഞ്ഞ് മാത്രമേ സിബിഐയുടെ ഈ ആവശ്യം പരിഗണിക്കാനാവൂയെന്നും ഹർജി അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

സന്തോഷ് നായരെ കുടുക്കിയത് ഇ-മെയിലും ഫോൺ വിളികളുമാണ്. കണ്ടെയ്‌നർ സന്തോഷിനയച്ച ഇ-മെയിൽ സന്ദേശങ്ങളുമാണ്. സന്തോഷ് നായരിൽ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സി -ഡാക്കിൽ നടത്തിയ സാങ്കേതിക പരിശോധനയിൽ വിവരങ്ങൾ റിട്രീവ് ( വീണ്ടെടുക്കൽ ) ചെയ്‌തെടുത്ത് പരിശോധനാ ഫലം സിബിഐ കോടതിയിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP