Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാബു കുമാർ വധശ്രമക്കേസ്: കൂറുമാറിയ ഡോക്ടർക്ക് സിബിഐ കോടതിയുടെ രൂക്ഷ വിമർശനം; പ്രോസിക്യൂട്ടർ ഏകാധിപതിയെപ്പോലെ കോടതിക്ക് നിർദ്ദേശം നൽകണ്ട; സാക്ഷിമൊഴി നൽകാൻ വൈകിയെത്തിയ ഡോക്ടർമാർക്ക് വക്കാലത്ത് പിടിച്ച പ്രോസിക്യൂട്ടർക്ക് കോടതിയുടെ താക്കീതും

ബാബു കുമാർ വധശ്രമക്കേസ്: കൂറുമാറിയ ഡോക്ടർക്ക് സിബിഐ കോടതിയുടെ രൂക്ഷ വിമർശനം; പ്രോസിക്യൂട്ടർ ഏകാധിപതിയെപ്പോലെ കോടതിക്ക് നിർദ്ദേശം നൽകണ്ട; സാക്ഷിമൊഴി നൽകാൻ വൈകിയെത്തിയ ഡോക്ടർമാർക്ക് വക്കാലത്ത് പിടിച്ച പ്രോസിക്യൂട്ടർക്ക് കോടതിയുടെ താക്കീതും

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി വന്ന് കൂറുമാറി പ്രതി ഭാഗം ചേർന്ന ഡോക്ടറെ തിരുവനന്തപുരം സിബിഐ കോടതി രൂക്ഷമായി വിമർശിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലെ മുൻ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും നിലവിൽ കൊല്ലംഅയത്തിൽ സ്വകാര്യ ആശുപത്രി ഡോക്ടറുമായ ഷിബു തോമസിനെയാണ് സിബിഐ ജഡ്ജി സനിൽകുമാർ വിമർശിച്ചത്.

പൊലീസിനും സിബിഐയ്ക്കും ബാബു കുമാറിനേറ്റ മാരകമായ പരിക്കുകൾ മരണ കാരണമായേക്കാവുന്ന പരിക്കുകൾ ആണെന്ന് കൊടുത്ത മൊഴിയാണ് കോടതിയിൽ തിരുത്തി കൂറുമാറി പ്രതി ഭാഗം ചേർന്നത്. ബാബു കുമാറിന്റെ ശരീരത്തിൽ 3 പരിക്കുകൾ ഉണ്ടായിരുന്നു. ഇടത്തേ അടിവയറ്റിൽ 3 സെ. മീ. നീളത്തിലും 1 സെ.മീ. വീതിയിലും ശരീരം തുളച്ചു കയറുന്ന പരിക്കുണ്ടായിരുന്നു. ഇടത്തെ കൈയിൽ ഷോൾഡറിന് താഴെ 7 ഃ 3 ഃ 5 സെ. മീ. ആകൃതിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇടത്തേ നെഞ്ചിൽ നിപ്പിളിന് താഴെ 3 ഃ 1 സെ.മീ. വലിപ്പത്തിൽ ആഴമുള്ള മുറിവുണ്ടായിരുന്നുവെന്നും സി ബി ഐ കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ രേഖകൾ ഉദ്ധരിച്ചു കൊണ്ട് ഡോക്ടർ ഷിബു മൊഴി നൽകി.

എന്നാൽ പരിക്കുകളുടെ പ്രത്യാഘാതം എന്താകുമായിരുന്നുവെന്ന സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാറിന്റെ ചോദ്യത്തിന് മുറിവിന്റെ ആഴം താനളന്നില്ലെന്നും ആയുധം എത്തരത്തിലുള്ളതാകാമെന്ന് തനിക്കറിയില്ലെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞ് വ്യക്തമായ ഉത്തരം നൽകാതെ ഡോക്ടർ ഒഴിഞ്ഞു മാറിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ഡോക്ടർക്ക് വായിൽ തോന്നുന്നത് പറയാനല്ല , മറിച്ച് ഡോക്ടറെന്ന ഒദ്യോഗിക പദവി വച്ച് കൊണ്ടുള്ള വിദഗ്ധാഭിപ്രായം ബോധിപ്പിക്കാനാണ് വിളിച്ചു വരുത്തിയതെന്നും കോടതി ഡോക്ടറെ ഓർമ്മിപ്പിച്ചു. സിബിഐ തന്നോട് ' ലീഡിങ് ചോദ്യങ്ങൾ ' ( ഉത്തരമങ്ങിയ ചോദ്യങ്ങൾ ) ചോദിച്ചപ്പോൾ താനന്ന് മുറിവുകൾ മരണ കാരണമാകുമെന്നും മൂർച്ചയുള്ള കത്തി കൊണ്ട് കുത്തിയാൽ ഇത്തരം പരിക്കുകൾ ഉണ്ടാകാമെന്നും സിബിഐക്ക് മൊഴി നൽകിയതാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഇതോടെ ഡോക്ടറെ പ്രതിഭാഗം സ്വാധീനിച്ചതായി കോടതി നിരീക്ഷിച്ചു.

അതേ സമയം ബാബു കുമാറിനെ ശസ്തക്രിയ ചെയ്ത അതേ ആശുപത്രിയിലെ സീനിൻ സർജനായ ഡോ. എൻ. കരുണാകരൻ നായർ കൃത്യമായി മൊഴി നൽകി. ബാബു കുമാറിനേറ്റ പരിക്കുകൾ അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലായിരുന്നുവെങ്കിൽ രോഗിയുടെ മരണത്തിന് ഇട വരുത്തുന്നതായിരുന്നു. അത്തരത്തിലുള്ള മാരക പരിക്കുകളാണ് തന്റെ ശ്രദ്ധയിൽ പെട്ടത്. അറ്റംമൂർച്ചയുള്ള കത്തി കൊണ്ട് കുത്തിയാൽ ഇത്തരം പരിക്കുകൾ ഉണ്ടാകാമെന്നും അദ്ദേഹം മൊഴി നൽകി. ബാബു കുമാർ 12 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതായും അദ്ദേഹം മൊഴി നൽകി.

വിചാരണക്ക് ഡോക്ടർമാർ വൈകിയെത്തിയതിന് ഡോക്ടർമാർക്ക് വക്കാലത്ത് പിടിച്ച പ്രോസിക്യൂട്ടറെ കോടതി രൂക്ഷമായി വിമർശിച്ചു. ഡോക്ടർമാർ വരാൻ വൈകുമെന്നും കോടതി ബെഞ്ചിറങ്ങി ചേമ്പറിൽ ഇരിക്കാനും ഡോക്ടർമാർ എത്തുന്ന മുറക്ക് കോടതി വീണ്ടും കൂടിയാൽ മതിയെന്നും പ്രോസിക്യൂട്ടർ പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി നടപടികൾ നീതിന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കാൻ പ്രോസിക്യൂട്ടറെ അനുവദിക്കില്ല. ഏകാധിപതിയെ പോലെ കോടതിക്ക് നിർദ്ദേശം നൽകാൻ മുതിരരുതെന്നും പ്രോസിക്യൂട്ടറെ കോടതി താക്കീത് ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ വിധിന്യായത്തിൽ പ്രോസിക്യൂട്ടർക്കെതിരെ പ്രതികൂല പരാമർശം രേഖപ്പെടുത്തുമെന്നും കോടതി പ്രോസിക്യൂട്ടറെ അറിയിച്ചു.

ഗസ്റ്റ് ഹൗസ് സംഭവം ബാബു കുമാർ വഴി പുറം ലോകമറിഞ്ഞതിൽ വച്ചുള്ള വിരോധത്താലും ജിണ്ടാ അനിയെ ഗുണ്ടാ ലിസ്റ്റിൽ പെടുത്താതിരിക്കാൻ ക്രൈം കേസ് വിവരങ്ങൾ മേലാവിലേക്ക് അയക്കരുതെന്ന് കണ്ടെയ്നർ സന്തോഷ് ആവശ്യപ്പെട്ടിട്ടും ബാബു കുമാർ വഴങ്ങാത്തതിനാലും സന്തോഷ് മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് കൃത്യം നിർവ്വഹിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP