Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കനയ്യ കുമാറിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഉപാധികളോടെയുള്ള ഇടക്കാല ജാമ്യം ആറുമാസത്തേക്ക്; 'രാജ്യദ്രോഹം' എഡിറ്റ് ചെയ്തു കയറ്റിയതെന്നു മജിസ്‌ട്രേറ്റിന്റെയും റിപ്പോർട്ട്

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കനയ്യ കുമാറിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഉപാധികളോടെയുള്ള ഇടക്കാല ജാമ്യം ആറുമാസത്തേക്ക്; 'രാജ്യദ്രോഹം' എഡിറ്റ് ചെയ്തു കയറ്റിയതെന്നു മജിസ്‌ട്രേറ്റിന്റെയും റിപ്പോർട്ട്

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തേക്ക് ഉപാധികളോടെയാണു കനയ്യകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ജാമ്യത്തിനായി 10,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. സർവകലാശാല അദ്ധ്യാപകൻ ജാമ്യം നിൽക്കണമെന്നും ഉപാധികളിൽ പറയുന്നു.

കോടതിയിൽ കെട്ടിവെയ്ക്കാനുള്ള ജാമ്യത്തുക ജെഎൻയുവിലെ അദ്ധ്യാപകർ നൽകും. ഇതോടെ രണ്ടാഴ്ചത്തെ ജയിൽ വാസത്തിനു ശേഷം കന്നയ്യ കുമാർ ഇന്നു മോചിതനാവും. കനയ്യകുമാറിന് ജാമ്യം നൽകരുതെന്ന് ഡൽഹി പൊലീസ് കോടതിയിൽ വാദിച്ചു. അതേസമയം സമാന സംഭവത്തിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, അനിബർ ഭട്ടാചാര്യ എന്നിവരുടെ ജാമ്യ ഹർജി ഇന്നു പരിഗണിച്ചിച്ചില്ല.

കനയ്യകുമാർ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിച്ചിട്ടില്ലെന്ന മജിസ്‌ട്രേറ്റ് റിപ്പോർട്ടും പുറത്തു വന്നു. 25 പേജുള്ള റിപ്പോർട്ട് ഡൽഹി സർക്കാരിനു സമർപ്പിച്ചു. കനയ്യക്കെതിരെ ഹാജരാക്കിയ വീഡിയോകളിൽ 'രാജ്യദ്രോഹം' എഡിറ്റ് ചെയ്ത് കയറ്റിയതാണെന്നാണ് മജിസ്‌ട്രേറ്റ് റിപ്പോർട്ടിലെയും പ്രസക്ത ഭാഗങ്ങൾ.

കനയ്യകുമാർ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ മുഴക്കുന്ന വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. കനയ്യക്കെതിരെ വീഡിയോ തെളിവില്ലെന്നും, സാക്ഷി മൊഴി മാത്രമേ ഉള്ളുവെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ഫെബ്രുവരി ഒമ്പതിന് ജെഎൻയു ക്യാമ്പസിലുണ്ടായ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഡൽഹി സർക്കാരാണ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. രാജ്യദ്രോഹപരിപാടികൾ അരങ്ങേറിയെന്ന് സ്ഥാപിക്കാൻ ചില ചാനലുകളും ഡൽഹി പൊലീസും പ്രധാനമായും ആശ്രയിച്ചിരുന്ന വീഡിയോകൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഡൽഹിയിലെ ട്രൂത്ത് ലാബ്‌സ് സമർപ്പിച്ചത്.

കൃത്രിമദൃശ്യങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കനയ്യയുടെ അഭിഭാഷകരും ജെഎൻയു വിദ്യാർത്ഥിസംഘടനാ നേതാക്കളും ആവശ്യപ്പെട്ടു. കൃത്രിമദൃശ്യങ്ങൾ പ്രചരിപ്പിച്ച സീ ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. തങ്ങളുടെ കൈവശമുള്ള വീഡിയോകളിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി, രാജ്യദ്രോഹമെന്നാൽ എന്താണെന്ന് അറിയുമോയെന്നും ആരാഞ്ഞിരുന്നു.

കനയ്യയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി 12നാണ്. രാജ്യദ്രോഹക്കേസിൽ തന്നെ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും രാജ്യദ്രോഹ മുദ്രാവാക്യം താൻ മുഴക്കിയിട്ടില്ലെന്നും കനയ്യ കോടതിയിൽ ബോധിപ്പിച്ചു.

കനയ്യക്കെതിരെ നാല് പ്രധാന കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. കനയ്യ ജെഎൻയുവിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി. അത് തെളിയിക്കുന്ന സ്വകാര്യ ടെലിവിഷൻ ദൃശ്യങ്ങളുണ്ട്. സംഘടിപ്പിച്ച പരിപാടി സാംസ്‌കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു, അനുവാദമില്ലാതെ ബലംപ്രയോഗിച്ച് പരിപാടി സംഘടിപ്പിച്ചു, ജെഎൻയു ക്യാമ്പസിൽ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി, ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി എന്നീ കുറ്റങ്ങളാണ് പൊലീസ് കനയ്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്.

കനയ്യകുമാറിനെ പാട്യാല കോടതിയിൽ ഹാജരാക്കുമ്പോൾ സംഘപരിവാർ അഭിഭാഷകർ മർദ്ദിച്ചതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജാമ്യത്തിനായി കനയ്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് ഡൽഹി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയത്. ഹർജിയെ ഡൽഹി പൊലീസ് എതിർത്തിട്ടുണ്ട്. ഫെബ്രുവരി 11 ന് ജെഎൻയുവിൽ നടന്ന പരിപാടിയിൽ ദേശദ്രോഹപരമായി സംസാരിച്ചുവെന്ന് ആരോപിച്ച് ഫെബ്രുവരി 12നാണ് കനയ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദിനെയും അനിർബാൻ ഭട്ടാചാര്യയെയും ഇന്നലെ14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ചൊവ്വാഴ്ച ഇരുവരെയും മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP