Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രി പോലും മാണി കുറ്റക്കാരനല്ലെന്നു പറയുന്നു; പിന്നെ എങ്ങനെ വിജിലൻസ് അന്വേഷണം നീതി പൂർവമാകും? സിബിഐക്കു കൈമാറിക്കൂടെയെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം; ബാർ കോഴക്കേസ് ഡിസംബർ രണ്ടിലേക്കു മാറ്റി; പൊതുപ്രസ്താവനകൾക്കു വിലക്ക്; കക്ഷികൾക്കു കോടതിയുടെ നോട്ടീസ്

മുഖ്യമന്ത്രി പോലും മാണി കുറ്റക്കാരനല്ലെന്നു പറയുന്നു; പിന്നെ എങ്ങനെ വിജിലൻസ് അന്വേഷണം നീതി പൂർവമാകും? സിബിഐക്കു കൈമാറിക്കൂടെയെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം; ബാർ കോഴക്കേസ് ഡിസംബർ രണ്ടിലേക്കു മാറ്റി; പൊതുപ്രസ്താവനകൾക്കു വിലക്ക്; കക്ഷികൾക്കു കോടതിയുടെ നോട്ടീസ്

കൊച്ചി: ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം നീതിപൂർവകമാകില്ലെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. സിബിഐ പോലൊരു കേന്ദ്ര ഏജൻസിക്ക് എന്തുകൊണ്ട് ഈ കേസ് കൈമാറുന്നില്ലെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാർ നിരീക്ഷിച്ചു. ബാർ കോഴക്കേസ് ഡിസംബർ രണ്ടിലേക്കു മാറ്റിവച്ചു.

കെ. എം. മാണിക്കെതിരേ വിജിലൻസ് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സണ്ണി മാത്യു എന്ന ആൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേസ് അന്വേഷണത്തിന്റെ സ്വഭാവംതന്നെ ചോദ്യം ചെയ്തു ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയത്.

കെ എം മാണിയുൾപ്പെടെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിജിലൻസ് രേഖകൾ കോടതി പരിഗണിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതു പ്രസ്താവനകൾ നടത്തുന്നതിനെയും കോടതി വിലക്കി.

മാണിയുടെ ഭാഗം കേൾക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സണ്ണി മാത്യു ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത വെള്ളിയാഴ്ചയ്ക്കകം വിജിലൻസ് കോടതിയിൽ നിന്ന് ഹാജരാക്കാനാണു കോടതി നിർദ്ദേശം.

ബാർകോഴക്കേസിൽ മുൻ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോൾ വിജിലൻസ് അന്വേഷണം നീതിപൂർവമാകുമോ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കേസ് അന്വേഷിക്കാൻ സിബിഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. എന്നാൽ സിബിഐ അന്വേഷണത്തെ അഡ്വക്കറ്റ് ജനറൽ എതിർത്തു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയോ ഹർജി തള്ളുകയോ ആവും ചെയ്യുകയെന്നും വാക്കാൽ പാരമർശിച്ചിട്ടുണ്ട്.

കെ.എം. മാണിക്കെതിരെ ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ജഡ്ജി ഇല്ലിക്കാടന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിവിഷൻ ഹർജിയിലാണ് നിരീക്ഷണം. ഇത് നൽകിയിരക്കുന്നത് ഒരു ബാറുടമയാണ്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ബാർ കോഴ സംബന്ധിച്ച കേസിൽ കക്ഷിയായിരുന്ന ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യുവാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. ഈ കേസിലാണ് സിബിഐയുടെ സാധ്യതകൾ കോടതി തേടുന്നത്.

ഇതോടെ വെട്ടിലാകുന്നത് സർക്കാരാണ്. സിബിഐ അന്വേഷണത്തെ എതിർത്ത് വിജിലൻസിൽ നിലപാട് ശക്തമാക്കിയാൽ കോടതി വിധി നിർണ്ണായകമാകും. സിബിഐ അന്വേഷണമാണ് ഉചിതമെന്നാണ് ഹൈക്കോടതി നിരീക്ഷിക്കുന്നത്. ഫലത്തിൽ ഹർജിയിൽ നിന്ന് മാണിയെ ഒഴിവാക്കാനുള്ള നീക്കം ഫലത്തിൽ തിരിച്ചടിയാകുന്ന സാഹചര്യമാണ് ഉള്ളത്. ബാർ അനുവദിക്കുന്നതിന് മുൻ മന്ത്രി മാണിയുൾപ്പെടെയുള്ളവർ കോഴ വാങ്ങിയെന്ന് ആരോപണത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കേസിൽ തുടരന്വേഷണം നടത്തണമെന്ന് പറഞ്ഞ ഹൈക്കോടതി മാണി മന്ത്രി സഭയിൽ തുടരുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചു.

'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണ'മെന്ന കോടതി പരാമർശം മന്ത്രിയുടെ രാജിയിൽ കലാശിച്ചു. തുടരന്വേഷണം വേണമെന്ന വിധിക്കെതിരെയാണ് ഇപ്പോൾ വീണ്ടും റിവ്യൂ ഹർജി നൽകിയിരിക്കുന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരായ കേസിൽ തുടരന്വേഷണം നടത്താൻ ഒക്ടോബർ 29നാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. വിജിലൻസ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷൻ നടപടിക്ക് സാധ്യതയില്ലെന്ന അന്തിമ റിപ്പോർട്ട് കണക്കിലെടുക്കാതെ നടത്തിയ ഇടപെടൽ നിയമപരമായി നിലനിൽക്കില്ലെന്നും ആരോപിച്ചാണ് ഹർജി. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് മനസ്സിലാക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ച്‌തെന്ന് ഹർജിയിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന വസ്തുതാ റിപ്പോർട്ട് വകുപ്പുതല നടപടി മാത്രമാണ്. ഇതിനെ അന്തിമ റിപ്പോർട്ടായി കാണാനാകില്ല. ഇത് വിളിച്ചുവരുത്തി പരിശോധിച്ച നടപടി തെറ്റാണെന്നും, മാണി കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലാത്ത കേസിൽ തുടരന്വേഷണം നടത്തണമെന്ന ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.

ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നു കെ ബാബു

കൊച്ചി: ബാർ കോഴക്കേസിൽ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നു മന്ത്രി കെ ബാബു. കേസിൽ ഹൈക്കോടതി പരാമർശം വന്നതിനെ തുടർന്നു മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കെ ബാബു.


കോടതിയിൽ തകർന്നത്‌ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഹീനമുഖം

തിരുവനന്തപുരം: ഹൈക്കോടതിയിൽ ബാർ കോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ പരാമർശത്തോടെ തകർന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കുന്ന സർക്കാരിന്റെ ഹീനമുഖമാണെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണത്തിനു കഴിയില്ല. അതുകൊണ്ടാണ് കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും പിണറായി വ്യക്തമാക്കി.

ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ്. ആരോപണ വിധേയർ നിരപരാധികൾ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാൻ നിയമ വിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നു. കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണെന്നും പിണറായി പറഞ്ഞു.

സിബിഐക്കും കുറവുകളുണ്ടെന്നു കെ മുരളീധരൻ

തിരുവനന്തപുരം: ബാർ കോഴ കേസിൽ സിബിഐ അന്വേഷണത്തിന്റെ കാര്യം സർക്കാർ ആലോചിച്ച് തീരുമാനിക്കണമെന്ന് കെ.മുരളീധരൻ എംഎ!ൽഎ. സിബിഐയ്ക്ക് കുറവുകളുണ്ട്. പഴയ പോലെ വിശ്വാസ്യതയെന്നും കേന്ദ്ര ഏജൻസിയായ സിബിഐയ്ക്കില്ല. സിബിഐയ്ക്കു മേലും രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാവാം. ബാർ കോഴ കേസ് വിജിലൻസ് അന്വേഷിക്കണോ അതല്ല സിബിഐ അന്വേഷിക്കണോ എന്നൊക്കെ സർക്കാർ തീരുമാനിക്കും ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ബാർ കേസിൽ മന്ത്രി കെ ബാബുവിനെതിരായ ആരോപണങ്ങളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. അന്വേഷണം നടക്കുന്ന സമയത്ത് പ്രതികരിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും മുരളി പറഞ്ഞു.

പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരസ്യപ്രസ്താവന പാടില്ലെന്നു കോടതി നിഷ്‌കർഷിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്.

മാണിക്കു മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നു ചെന്നിത്തല

കോട്ടയം: ബാർ കോഴക്കേസിൽ മുന്മന്ത്രി കെ.എം.മാണിക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിലെ ഹൈക്കോടതി പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേസുമായി ബന്ധപ്പെട്ടുണ്ടായ മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. വിജിലൻസ് അന്വേഷണം ഏല്ലായിപ്പോഴും നീതിപൂർവമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മൻ ചാണ്ടിക്കു തുടരാൻ അർഹതയില്ലെന്ന് കോടിയേരി

 തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

ഒരു നിമിഷം പോലും തുടരാൻ മുഖ്യമന്ത്രിക്ക് അർഹതയില്ല. കേസിൽ കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതിയുടെനടപടി ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇത്തരമൊരു സാഹചര്യം വന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ മാണി കുറ്റക്കാരനല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണുണ്ടായത്. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പാടില്ലായിരുന്നു എന്നും ഇത് അദ്ദേഹത്തിന്റെ കേസിലെ ഇടപെടൽ തന്നെയാണെന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

ഏതന്വേഷണവും നേരിടാൻ കേരള കോൺഗ്രസ് തയ്യാറെന്ന് ആന്റണി രാജു

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഏതന്വേഷണവും നേരിടാൻ കേരള കോൺഗ്രസ് തയാറാണെന്ന് ആന്റണി രാജു. മുഖ്യമന്ത്രി ഉത്തമബോധ്യത്തോടെയാണ് കാര്യങ്ങൾ പറഞ്ഞതെന്നും ആന്റണി രാജു പറഞ്ഞു.

കോടതി നിരീക്ഷണത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു വി എം സുധീരൻ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ കോടതി നിരീക്ഷണത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. അന്വേഷണം സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ചു കോടതി തന്നെ തീരുമാനിക്കട്ടെയെന്നും വി എം സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP