Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ കെ ബാബുവും കുടുങ്ങി; എഫ്‌ഐആർ ഇട്ട് മന്ത്രിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി; ബാബുവിന്റെ സ്വത്തുക്കൾ പരിശോധിച്ചോ എന്നും വിജിലൻസ് പിരിച്ചുവിടണമോ എന്നും കോടതി

ഒടുവിൽ കെ ബാബുവും കുടുങ്ങി; എഫ്‌ഐആർ ഇട്ട് മന്ത്രിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി; ബാബുവിന്റെ സ്വത്തുക്കൾ പരിശോധിച്ചോ എന്നും വിജിലൻസ് പിരിച്ചുവിടണമോ എന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബാർ കോഴ കേസിൽ മന്ത്രി കെ.ബാബുവിനെതിരായും ബിജു രമേശിനെതിരേയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാർ കോഴ ആരോപണം സംബന്ധിച്ച ദ്രുത പരിശോധന (ക്വിക് വെരിഫിക്കേഷൻ) പൂർത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അതിരൂക്ഷമായ വിമർശനങ്ങളോടെ സർക്കാരിനെ വെട്ടിലാക്കുന്ന കോടതിയുടെ പരാമർശം എത്തുന്നത്. ഇതുവരെയുള്ള വിജിലൻസ് നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് അന്വേഷണത്തിൽ കോടതി നിരീക്ഷണവും ഉണ്ടാകും. വിജിലൻസിന് ആത്മാർഥതയും സത്യസന്ധതയുമില്ലെന്നും കോടതി പരാമർശിച്ചു.

സർക്കാരിനെതിരെയും വിജിലൻസിനെതിരേയും രൂക്ഷ വിമർശമാണ് കോടതി നടത്തിയത്. വിജിലൻസിന്റെ സത്യസന്ധതയും ആത്മാർത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലൻസ് കോടതി അടച്ച് പൂട്ടാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. വിജിലൻസിന് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ വിജിലൻസ് തയ്യാറായിട്ടില്ല. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു. ബാർ ലൈസൻസ് പുതുക്കാൻ ബിജു രമേശിൽനിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. ടെലിവിഷൻ ചാനലുകളിൽ ബിജു രമേശ് നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി.

അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഒരു മാസംകൂടി സമയം വേണമെന്നുമാണ് വിജിലൻസ് ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ വിവരങ്ങൾ ലോകായുക്തയിലെന്നാണ് ഇതിന് വിജിലൻസ് കാരണമായി പറഞ്ഞത്. ഇതാണ് കോടതി തള്ളിയത്. കോടതിയുടെ പരാമർശങ്ങൾ അതിരൂക്ഷമാണ്. അതുകൊണ്ട് തന്നെ കെ ബാബു പ്രതിരോധത്തിലാകും. എക്‌സൈസ് മന്ത്രി സ്ഥാനം ബാബു രാജിവയ്‌ക്കേണ്ടി വരും. ഇതോടെ ബാർ കോഴയിൽ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായി. ബാബു ഉടൻ രാജിവയ്ക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ത്വരിത അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി വിജിലൻസ് ആവശ്യപ്പെട്ടു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കൂടുതൽ സമയം ചോദിക്കുന്ന വിജിലൻസ് ഇത്രയും നാളും എന്തു ചെയ്യുകയായിരുന്നു. ഒരു മാസത്തെ സമയം നീട്ടി നൽകണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ആരോപണം ഉന്നയിച്ച ആളുടെ മൊഴി രേഖപ്പെടുത്താത്തതിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. മന്ത്രി ബാബുവിന്റെ വീടും ആസ്തികളും എത്രയെന്ന് വിജിലൻസ് പരിശോധിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വീണ്ടും സമയം നീട്ടിച്ചോദിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അപ്പോൾ പരാതിയിൽ കഴന്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്നും കോടതി പറഞ്ഞു

അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ തിരുവനന്തപുരം ലോകായുക്തയിലാണെന്ന് വിജിലൻസ് മറുപടി നൽകി. അതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ചോദിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലൻസ് അടച്ചു പൂട്ടണമെന്നാണോ പറയുന്നത് എന്ന് കോടതി ചോദിച്ചു. വിജിലൻസിന് ആത്ഥമാർത്ഥതയും സത്യസന്ധതയും ഇച്ഛാശക്തിയും ഇല്ല. അല്ലെങ്കിൽ ത്വരിത അന്വേഷണം നേരത്തെ പൂർത്തിയാക്കിയേനെ. ഒന്നര മാസമായി വിജിലൻസ് വെറുതെ ഇരിക്കുകയാണ്. വിജിലൻസ് ഗാണ്ഡീവം നഷ്ടപ്പെട്ട അർജുനനാണോയെന്നും കോടതി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി.

ക്വിക് വെരിഫിക്കേഷന് തൃശൂർ വിജിലൻസ് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥയായ വിജിലൻസ് എസ്‌പി: ആർ. നിശാന്തിനി കൂടുതൽ സമയം ചോദിച്ചത്. ക്വിക് വെരിഫിക്കേഷന് മൂന്നു മാസം വരെ സമയമെടുക്കാൻ കഴിയുമെങ്കിലും ജോർജ് വട്ടുകുളത്തിന്റെ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച കോടതി ജനുവരി 23 വരെയാണ് സമയം അനുവദിച്ചത്. അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ജോർജ് വട്ടുകുളത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ ജിമ്മി ജെയിംസിന്റെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തിയത്. ബാറുടമകളടക്കമുള്ളവരുടെയും മൊഴിയെടുക്കേണ്ടതുണ്ട്. മന്ത്രി ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് സൂചന.

നേരത്തേ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബിജു രമേശിന്റെയും മന്ത്രി കെ. ബാബുവിന്റെയും മൊഴിയെടുക്കുകയും ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതാ പരിശോധന നടത്തുകയും ചെയ്തിരുന്നു. ആരോപണത്തിന് തെളിവില്ലെന്ന നിഗമനത്തിലാണ് കേസന്വേഷിച്ച വിജിലൻസ് ഡിവൈ.എസ്‌പി എത്തിയത്. വിജിലൻസ് കേസുകളിൽ പ്രാഥമികാന്വേഷണം നടത്തുന്നതിന് വകുപ്പില്ലെന്നും ക്വിക് വെരിഫിക്കേഷനാണ് വേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്നാണ് ക്വിക് വെരിഫിക്കേഷന് കോടതി ഉത്തരവിട്ടത്. ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് കോടതിയെ പ്രകോപിപ്പിക്കുന്നത്. അതാണ് കോടതിയുടെ പരാമർശങ്ങളിലും നിറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP