Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കൊല്ലം വേർപിരിഞ്ഞു കഴിഞ്ഞതിനാൽ വിവാഹ മോചനത്തിന് അർഹതയാകും; ഭാര്യാഭർത്താക്കന്മാരായാൽ ഒരാൾ വിദേശത്താണെങ്കിൽ നാട്ടിലുള്ളയാൾക്കു വിവാഹ മോചന ഹരജി നൽകണം; 150 വർഷം പഴക്കമുള്ള ക്രിസ്ത്യൻ വിവാഹ മോചന നിയമ ഭേതഗതി ചെയ്തു നീതി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം

ഒരു കൊല്ലം വേർപിരിഞ്ഞു കഴിഞ്ഞതിനാൽ വിവാഹ മോചനത്തിന് അർഹതയാകും; ഭാര്യാഭർത്താക്കന്മാരായാൽ ഒരാൾ വിദേശത്താണെങ്കിൽ നാട്ടിലുള്ളയാൾക്കു വിവാഹ മോചന ഹരജി നൽകണം; 150 വർഷം പഴക്കമുള്ള ക്രിസ്ത്യൻ വിവാഹ മോചന നിയമ ഭേതഗതി ചെയ്തു നീതി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: 150 വർഷത്തോളം പഴക്കമുള്ള ക്രിസ്ത്യൻ വിവാഹമോചന നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. നവംബർ 16ന് തുടങ്ങുന്ന സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിയമനിർമ്മാണങ്ങളിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്.

അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല.

വിവാഹമോചനത്തിനായി പരസ്പരസമ്മതത്തോടെ കോടതിയെ സമീപിക്കുന്നതിനുമുമ്പ് ദമ്പതിമാർ വേർപിരിഞ്ഞ് കഴിയേണ്ട കാലാവധി ഇപ്പോഴുള്ള രണ്ട് വർഷം എന്നതിൽനിന്ന് ഒരുവർഷമായി കുറയ്ക്കുന്നതാണ് ഭേദഗതിയിലെ പ്രധാനനിർദ്ദേശം.

ഈ കാലാവധി മറ്റുസമുദായങ്ങളുടേതിന് തുല്യമാക്കാനാണ് ഭേദഗതിയിലൂടെ നിയമമന്ത്രാലയം ഉദ്ദേശിക്കുന്നത്. 1869-ലെ വിവാഹമോചന നിയമമാണ് ഭേദഗതി ചെയ്യുന്നത്.

ഹിന്ദു വിവാഹ നിയമം, പാഴ്‌സി വിവാഹ- വിവാഹ മോചന നിയമം, സ്‌പെഷൽ മാര്യേജ് ആക്ട് എന്നിവയിൽ വേറിട്ടുകഴിയേണ്ട കാലാവധി ഒരുവർഷമാണ്. 2001-ൽ ഒരു ഭേദഗതിയിലൂടെ വിവാഹമോചന നിയമത്തിൽ ഉൾപ്പെടുത്തിയ വകുപ്പ് 10 എ (1) പ്രകാരം വേറിട്ടുകഴിയേണ്ട കാലപരിധി രണ്ട് വർഷമോ അതിൽക്കൂടുതലോ ആണ്.

ക്രിസ്ത്യൻ സമുദായാംഗങ്ങളിൽനിന്ന് ആവശ്യമുയർന്നതും ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് കാലപരിധി ഒരുവർഷമായി കുറയ്ക്കാനുള്ള ഭേദഗതി കൊണ്ടുവരാൻ നിയമമന്ത്രാലയം തീരുമാനിച്ചത്.

വേറിട്ട് താമസിക്കേണ്ട കാലാവധി മറ്റ് സമുദായങ്ങളിൽ ഒരുവർഷമാണെന്നിരിക്കേ ക്രിസ്ത്യൻ സമുദായാംഗങ്ങൾ രണ്ട് വർഷം വേറിട്ട് താമസിക്കേണ്ട കാര്യമുണ്ടോയെന്നാണ് കോടതി ചോദിച്ചിരുന്നത്.

ഇത് യുക്തിസഹമല്ലെന്നും നിയമപരമായ ഒരു പ്രശ്‌നം മാത്രമാണിതെന്നും കേന്ദ്രസർക്കാർ സ്വന്തംനിലയിൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമായിരുന്നെന്നും ജസ്റ്റിസുമാരായ വിക്രംജിത് സെൻ എ.എം. സപ്രേ എന്നിവർ നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞവർഷം ഒരു ഡൽഹി സ്വദേശി നൽകിയ ഹർജിയിൽ വിധി പുറപ്പെടുവിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
രണ്ട് വർഷം വേറിട്ട് കഴിയണമെന്ന നിബന്ധന തെറ്റാണെന്ന് പല ഹൈക്കോടതികളും ചൂണ്ടിക്കാട്ടിയിരുന്നു.

ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മാത്രമേ ഇന്ത്യയിൽ താമസിക്കുന്നുള്ളൂവെങ്കിലും അവർക്ക് വിവാഹമോചനത്തിന് ഹർജി ഫയൽചെയ്യാൻ അനുമതി നൽകുന്നതാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മറ്റൊരു ഭേദഗതി.

ഭാര്യാഭർത്താക്കന്മാർ ഇരുവരും വിവാഹമോചന ഹർജി ഫയൽ ചെയ്യുമ്പോൾ ഇന്ത്യയിൽ താമസക്കാരായിരിക്കണമെന്നാണ് നിലവിലെ നിബന്ധന.
നിയമം ഭേദഗതിചെയ്താൽ സ്ത്രീക്ക് അവർ താമസിക്കുന്ന സ്ഥലത്തിന്റെ പരിധി ഉൾപ്പെടുന്ന ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകാൻ അനുവാദമുണ്ടാകും.

നിലവിലെ നിയമപ്രകാരം വിവാഹം നടന്ന സ്ഥലത്തോ, ദമ്പതിമാർ ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലത്തോ മാത്രമേ വിവാഹമോചന ഹർജി ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ. വിവാഹമോചന നിയമം കൂടുതൽ സ്ത്രീസൗഹൃദപരമാക്കണമെന്ന് നിയമ കമ്മീഷൻ നിരവധിതവണ ശുപാശ ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP