Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാങ്കോ മുളയ്ക്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു; അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് പറഞ്ഞതിനാൽ ഉച്ചക്ക് 1.45ന് പരിഗണിക്കും; ജലന്ധർ മെത്രാൻ ശ്രമിക്കുന്നത് അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള താൽകാലിക ഉത്തരവിന്; കന്യാസ്ത്രീ മഠത്തിലെ സ്ഥാനം നഷ്ടപ്പെട്ടതിന്റെ പക തീർക്കുന്നവെന്ന് ജാമ്യാപേക്ഷയിൽ ആരോപണം

ഫ്രാങ്കോ മുളയ്ക്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു; അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് പറഞ്ഞതിനാൽ ഉച്ചക്ക് 1.45ന് പരിഗണിക്കും; ജലന്ധർ മെത്രാൻ ശ്രമിക്കുന്നത് അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള താൽകാലിക ഉത്തരവിന്; കന്യാസ്ത്രീ മഠത്തിലെ സ്ഥാനം നഷ്ടപ്പെട്ടതിന്റെ പക തീർക്കുന്നവെന്ന് ജാമ്യാപേക്ഷയിൽ ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഉച്ചയ്ക്ക് 1.45 കോടതി പരിഗണിക്കും. ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്ന് ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. ഇവർ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ താൻ ശാസിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു. തനിക്കെതിരായ പീഡന പരാതി കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു.

ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാനാണ് ഇത്. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള താൽകാലിക ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന. ഏത് ഘട്ടത്തിൽ വേണമെങ്കിലും അന്വേഷണവുമായി സഹകരിക്കാമെന്നാണ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യമൊഴിയിൽ പീഡനത്തിനെക്കുറിച്ച് പറയുന്നില്ലെന്നും ഫ്രാങ്കോയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കാര്യവും വിശദീകരിക്കുന്നു.

ബുധനാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. അതിനു മുമ്പ് ഹർജിയിൽ തീരുമാനമുണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകുംവരെ അറസ്റ്റ് വിലക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മിഷനറീസ് ഓഫ് ജീസസിലെ പടലപ്പിണക്കങ്ങളാണു പരാതിക്കു കാരണമെന്നും ബിഷപ്പ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഷപ് ഇന്നു കേരളത്തിലെത്തുമെന്നാണ് സൂചന. നാളെയാണ് ചോദ്യം ചെയ്യൽ. രൂപത പിആർഒയും അടുത്ത അനുയായിയുമായ ഫാദർ പീറ്റർ കാവുംപുറത്തിനൊപ്പം ബിഷപ് ജലന്തറിൽനിന്നു തിരിച്ചെന്നാണു സൂചന.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ രണ്ടാം തവണയാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജലന്തറിലെത്തിയാണു ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒൻപത് മണിക്കൂർ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. എന്നാൽ ഇത്തവണ സ്ഥിതി ബിഷപ്പിന് അനുകൂലമല്ല. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. പൊലീസിന്റെ കൂടി നിർദ്ദേശം മാനിച്ചാണ് ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ അറസ്റ്റ് ചെയ്യാതെ ഫ്രാങ്കോയെ വിട്ടയയ്ക്കും.

വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്യും. ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്തർ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വൈക്കം ഡിവൈഎസ്‌പി ഓഫിസിൽ ചോദ്യം ചെയ്യൽ നടക്കാനിടയില്ല. ബിഷപ്പിന്റെ സഹായികളായ ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം ഇന്നലെ കോട്ടയത്ത് എത്തി. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവർ ചർച്ച നടത്തി. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരം 11-ാം ദിവസത്തിലേക്കു കടക്കുകയാണ്.

കന്യാസ്ത്രീകൾക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്ഷനിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും സാമൂഹ്യ പ്രവർത്തകരായ പി.ഗീത, അലോഷ്യ ജോസഫ് എന്നിവരും നിരാഹാരസമരം തുടരുകയാണ്. സമരത്തിനു പിന്തുണ അറിയിച്ചു നൂറുകണക്കിനു പേരാണു സമരവേദിയിൽ എത്തുന്നത്. അതിനിടെ കന്യാസ്ത്രീകൾക്കു നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിലും കോഴിക്കോടും ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണയും നടക്കുന്നുണ്ട്. ഇന്നു സംസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പന്തം കൊളുത്തി പ്രകടനവും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP