Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ വിവാഹേതര ബന്ധങ്ങളും ബലാൽസംഗമല്ല; വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ യുവതിക്ക് കുഞ്ഞിന്റെ ചെലവിന് കേസ് നൽകണം; എല്ലാ പീഡന കേസുകളെയും ബാധിച്ചേക്കാവുന്ന വിധിയുമായി ബോംബെ ഹൈക്കോടതി

എല്ലാ വിവാഹേതര ബന്ധങ്ങളും ബലാൽസംഗമല്ല; വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ യുവതിക്ക് കുഞ്ഞിന്റെ ചെലവിന് കേസ് നൽകണം; എല്ലാ പീഡന കേസുകളെയും ബാധിച്ചേക്കാവുന്ന വിധിയുമായി ബോംബെ ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി നടത്തുന്ന ലൈംഗിക ബന്ധങ്ങളെയെല്ലാം ബലാൽസംഗമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ നഗരങ്ങളിൽ നടക്കുന്ന വിവാഹ പൂർവബന്ധങ്ങളിൽ ഞെട്ടേണ്ട സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളതെന്നും ഹൈക്കോടതി നിരീക്ഷണം. ഇന്ത്യൻ സമൂഹം മാറുന്നുവെന്ന കാഴ്ചപ്പാട് മുൻനിർത്തിയുള്ള വിധി പീഡനക്കേസ്സുകളെ നിർണായകമായി ബാധിക്കാവുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.

നാസിക് സ്വദേശിയായ രാഹുൽ പാട്ടീൽ മുൻകൂർ ജാമ്യത്തിനായി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും കാണിച്ച് രാഹുലിന്റെ മുൻ കാമുകി സീമ ദേശ്മുഖ് കേസ് കൊടുത്തതിനെത്തുടർന്നാണ് ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

തന്നെ വിവാഹം കഴിക്കാമെന്ന് വാക്കുനൽകി വഞ്ചിച്ചുവെന്നും താൻ രാഹുലിൽനിന്ന് ഗർഭിണിയാണെന്നും സീമ പരാതിയിൽ പറഞ്ഞിരുന്നു. രാഹുൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ, സീമയുമായുണ്ടായിരുന്ന ബന്ധം ഉഭയ സമ്മത പ്രകാരമുള്ളതായിരുന്നുവെന്ന് രാഹുൽ അവകാശപ്പെട്ടു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതുകൊണ്ടാണ് വിവാഹം കഴിക്കാൻ സാധിക്കാതിരുന്നതെന്നും രാഹുൽ വാദിച്ചു.

അഭിഭാഷകരാണ് രാഹുലും സീമയും. 1999 മുതൽ ഇവർക്ക് പരിചയമുണ്ട്. 2006 മുതൽ ഇരുവരും തമ്മിൽ ലൈംഗിക ബന്ധവും ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് ആദ്യം വാക്കുനൽകിയ രാഹുൽ 2009-ൽ അത് സാധിക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടർന്ന് സീമ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ, ഇതിനുശേഷവും ഇരുവരും തമ്മിൽ ലൈംഗികബന്ധമുണ്ടായിട്ടുണ്ടെന്ന് കോടതിയിൽ ബോധിപ്പിച്ചിരുന്നു. 


സമൂഹം മാറുകയാണെന്ന വ്യക്തമായ സൂചനയോടെയാണ് ഇക്കാര്യത്തിൽ കോടതി നിരീക്ഷണം നടത്തിയിട്ടുള്ളത്. വിവാഹേതര ബന്ധത്തിന്റെ പേരിൽ ഞെട്ടേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഒരു ബന്ധം നിലനിൽക്കെ, മറ്റൊരാളുമായി ലൈംഗിക ബന്ധമുണ്ടാകുന്ന സംഭവങ്ങൾ ഇപ്പോൾ സാധാരണയാണ്. വേണമെങ്കിൽ, ലൈംഗികത ആസ്വദിക്കാനായി ഒരാൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ പോലുമാകും. മുംബൈയും പുണെയും പോലുള്ള നഗരങ്ങളിൽ ഇത് വലിയ സംഭവമായി കാണേണ്ടതുമില്ലെന്ന് ജസ്റ്റിസ് മൃദുല ഭട്കർ പറഞ്ഞു.

ലൈംഗിക ബന്ധത്തിലേർപ്പെടുകയെന്നത് ജീവശാസ്ത്രപരമായ ആവശ്യമാണെങ്കിലും, പാശ്ചാത്യ സമൂഹങ്ങളെ അപേക്ഷിച്ച് അതിന് ഇന്ത്യയിൽ അനുമതിയില്ലാത്തത് നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ കൊണ്ടാണ്. എന്നാൽ, സമൂഹം മാറുന്നതനുസരിച്ച് സ്ത്രീ-പുരുഷ ബന്ധങ്ങളിൽ മാറ്റമുണ്ടാകുന്നുവെന്ന വസ്തുത കാണാതിരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രായപൂർത്തിയായ വിദ്യാസമ്പന്നയായ ഒരു യുവതിക്ക് തന്റെ ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ബന്ധത്തിലേർപ്പെടാനാവും. അതിന്റെ പ്രത്യാഘാതങ്ങളറിഞ്ഞുകൊണ്ടാണ് അവരത് ചെയ്യുന്നത്. ലിവ്-ഇൻ ബന്ധങ്ങളെ സമൂഹം അംഗീകരിച്ചുതുടങ്ങിയ കാലമാണിത്. സ്ത്രീയുടെ ലൈംഗികാവകാശങ്ങളെയും അമ്മയാകണോ വേണ്ടയോ എന്ന തീരുമാനത്തെയും നിയമം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ ബന്ധങ്ങളെയും അതത് സംഭവങ്ങളുടെ സാഹചര്യമനുസരിച്ച് മാത്രമേ വിലയിരുത്താനാകൂവെന്നും കോടതി വ്യക്തമാക്കി.

വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത, പാവപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്താൽ അത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാൽസംഗത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പങ്കാളികൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാവുകയും അവർക്കിടയിലെ പ്രണയം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, മുൻകാലങ്ങളിലുണ്ടായിട്ടുള്ള ലൈംഗിക ബന്ധങ്ങളെ ബലാൽസംഗമെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, വിവാഹം ഒരാളിൽ അടിച്ചേൽപ്പിക്കാനും നിയമത്തിനാവില്ലെന്ന് കോടതി ചൂണ്ടിക്ാട്ടി.

രാഹുലും സീമയും വിദ്യാസമ്പന്നരാണ്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സീമ തന്നെ വിവാഹത്തിന് നിർബന്ധിക്കുന്നുവെന്ന് കാണിച്ച് 2011-ൽ രാഹുൽ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനുശേഷവും ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. 2013-ലാണ് തന്നെ ബലാൽസംഗം ചെയ്തുവെന്ന പരാതിയുമായി സീമ രംഗത്തെത്തുന്നത്. വിദ്യാസമ്പന്നയായ യുവതിക്ക് ലൈംഗിക ബന്ധം പുലർത്തുന്നതിലെ പ്രത്യാഘാതങ്ങൾ നന്നായി അറിയുന്നതാണ്. അതുകൊണ്ടുതന്നെ ഈ കേസിൽ രാഹുലിനെതിരെ ബലാൽസംഗം ആരോപിക്കാനാവില്ലെന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

രാഹുലിന്റെ കുട്ടിയുടെ മേലുള്ള നിയമപരമായ അവകാശങ്ങൾ നിലനിർത്താനും അതിന് രാഹുലിൽനിന്ന് ജീവനാംശം തേടാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് മൃദുല ഭട്കർ ഉത്തരവിട്ടു.

വിവാഹേതര ബന്ധങ്ങളെയും വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തുവെന്ന പരാതികളെയും ബാധിച്ചേക്കാവുന്ന വിധിന്യായമായാണ് ഇതനെ വിലയിരുത്തുന്നത്. കേസിലുൾപ്പെടുന്ന കക്ഷികളുടെ സാമൂഹിക പശ്ചാത്തലവും അവർ ബന്ധപ്പെടാനുണ്ടായ സാഹചര്യവും കേസ്സിനെ ബാധിക്കുമെന്ന നിരീക്ഷണം ഒട്ടേറെ പീഡനക്കേസ്സുകളുടെ ഭാവി തന്നെ മാറ്റിമറിക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP