Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുസ്ലിം വോട്ട് ലക്ഷ്യമാക്കിയുള്ള നെട്ടോട്ടത്തിനിടയിൽ ഹർജിയിലെ സാങ്കേതിക ഭാഗം പോലും ശ്രദ്ധിച്ചില്ല; സംസ്ഥാന സർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജിയിൽ നിറയെ പിഴവുകൾ; എല്ലാം ശരിയാക്കി വീണ്ടും സമർപ്പിക്കാൻ നോട്ടീസ് അയച്ച് സുപ്രീംകോടതി; തടസ്സ ഹർജിയുമായി കേന്ദ്രം

മുസ്ലിം വോട്ട് ലക്ഷ്യമാക്കിയുള്ള നെട്ടോട്ടത്തിനിടയിൽ ഹർജിയിലെ സാങ്കേതിക ഭാഗം പോലും ശ്രദ്ധിച്ചില്ല; സംസ്ഥാന സർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജിയിൽ നിറയെ പിഴവുകൾ; എല്ലാം ശരിയാക്കി വീണ്ടും സമർപ്പിക്കാൻ നോട്ടീസ് അയച്ച് സുപ്രീംകോടതി; തടസ്സ ഹർജിയുമായി കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്ലിം വോട്ട് ബാങ്കിനെ അടുപ്പിക്കാനാണ് സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് ഫയൽ ചെയ്ത സ്യൂട്ട് ഹർജിയിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണം സജീവമായിരുന്നു. ഇത് ശരിവയ്ക്കും വിധം ഹർജി നൽകുമ്പോൾ അതിനൊപ്പമുള്ള സാങ്കേതിക വശങ്ങൾ പോലും സർക്കാർ ശ്രദ്ധിച്ചില്ലെന്ന് വ്യക്തമായി. ഹർജിക്ക് ഒപ്പം നൽകിയ രേഖകളിലെ പിഴവ് നീക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി രെജിസ്ടറി നോട്ടീസ് നൽകി.

സംസ്ഥാന സർക്കാർ സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശ് സ്യൂട്ടിന്റെ തുടർ നടപടികൾക്ക് ആയുള്ള പ്രോസസ്സിങ് ഫീസ് കോടതിയിൽ അടച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സ്യൂട്ടിന് ഒപ്പം സർക്കാർ നൽകിയ രണ്ട് രേഖകളിലെ പിഴവുകൾ നീക്കാൻ സ്റ്റാൻഡിങ് കോൺസിലിന് സുപ്രീം കോടതി നോട്ടീസ് നൽകിയത്. നോട്ടീസ് അയച്ച കാര്യം സുപ്രീം കോടതി വെബ്സൈറ്റിൽ രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ നോട്ടീസ് ലഭിച്ചിട്ടില്ല എന്നാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയത്.

രെജിസ്ടറി ആവശ്യപ്പെട്ട രേഖകൾ സർക്കാർ കൈമാറിയതിന് ശേഷം സ്യൂട്ട് കോടതിയിൽ ലിസ്റ്റ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്യൂട്ടിന്റെ പകർപ്പ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി രെജിസ്ടറി കൈമാറി. കേന്ദ്ര സർക്കാരിന് കൈമാറാനുള്ള സ്യൂട്ടിന്റെ പകർപ്പും സംസ്ഥാന സർക്കാർ കോടതിക്ക് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്യൂട്ടിൽ കേന്ദ്ര സർക്കാർ തടസ്സ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരമാണ് കേരളം സ്യൂട്ട് ഫയൽ ചെയ്തത്. ഇത്തരം ഹർജിയിൽ തുറന്നകോടതിയിൽ വാദംകേൾക്കാതെ എതിർകക്ഷിക്ക് നോട്ടീസ് അയക്കുകയാണ് പതിവ്. സ്യൂട്ടിന്റെ പകർപ്പും അനുബന്ധ രേഖകളും വരുംദിവസങ്ങളിൽ അറ്റോർണിജനറലിന്റെ ഓഫീസിൽ എത്തും. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് കേരളത്തിന്റെ ആരോപണം. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയവും ഹർജിക്കൊപ്പം സംസ്ഥാന സർക്കാർ കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതി ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചിരുന്നു. ഹർജികൾ അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റി. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ നോട്ടിസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയം ചോദിച്ചിട്ടുണ്ട്. ഇത് സുപ്രിംകോടതി അനുവദിച്ചു. 80 ഹർജികളിലാണ് കേന്ദ്രം മറുപടി പറയുക. അതേസമയം, അസം, ത്രിപുര കേസുകൾ പ്രത്യേകം പരിഗണിക്കും. അസമിൽ അന്തിമപട്ടിക വരെ നിയമം നടപ്പാക്കില്ലെന്ന് എജി കോടതിയിൽ അറിയിച്ചു. എന്നാൽ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ അനുവദിക്കണമെന്ന വാദം സുപ്രിംകോടതി തള്ളിയിരുന്നു. നിയമത്തിന് സ്റ്റേയോ ഇടക്കാല ഉത്തരവോ ഇല്ലെന്ന് സുപ്രിംകോടതി അറിയിച്ചു. അഞ്ചാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് വാദം കേട്ടത്. മുസ്ലിം ലീഗാണ് മുഖ്യകക്ഷി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, സിപിഐ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ, പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥി സംഘടനകൾ എന്നിവരാണ് ഹർജികൾ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP