Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ശരീരം തളർന്ന് കിടപ്പിലായി; അലിവു തോന്നിയ വീട്ടമ്മ പ്രതിക്ക് മാപ്പു നൽകി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ് പിൻവലിച്ചു; മാനവസ്‌നേഹത്തിന്റെ മാതൃക മല്ലപ്പള്ളിയിൽ നിന്ന്

ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ശരീരം തളർന്ന് കിടപ്പിലായി; അലിവു തോന്നിയ വീട്ടമ്മ പ്രതിക്ക് മാപ്പു നൽകി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ് പിൻവലിച്ചു; മാനവസ്‌നേഹത്തിന്റെ മാതൃക മല്ലപ്പള്ളിയിൽ നിന്ന്

പത്തനംതിട്ട: വീട്ടിൽ കയറി തന്നെയും മകനെയും അതിക്രൂരമായി മർദിക്കുകയും വെട്ടിപരുക്കേൽപ്പിക്കുകയും ചെയ്ത പ്രതി ശരീരം തളർന്നു കിടപ്പിലായതു കണ്ട് മനസലിഞ്ഞ വീട്ടമ്മ, അയാൾക്കെതിരേ കോടതിയിലുണ്ടായിരുന്ന കേസ് പിൻവലിച്ചു. സഹജീവി സ്‌നേഹത്തിന്റെ മകുടോദാഹരണമായ ഈ സംഭവം പത്തനംതിട്ട മല്ലപ്പള്ളിയിൽ നിന്നാണ്.

വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ട പ്രതിക്കെതിരെ നടപടി ആവശ്യമില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. മല്ലപ്പള്ളി കീഴ്‌വായ്പൂർ സ്വദേശി വേണുഗോപാലന്റെ ഭാര്യ ശോഭന(44)യാണ് വീട്ടിൽ അതിക്രമിച്ചു കയറി വെട്ടുകത്തി ഉപയോഗിച്ച് തന്നെ വെട്ടി പരുക്കേൽപ്പിച്ച അയൽവാസി കുന്നത്ത് കുറിച്ചികോയിക്കൽ പ്രഭാകരൻ നായരോട്(63) ദയ തോന്നി മാപ്പ് നൽകിയത്.

2011 മാർച്ച് അഞ്ചിന് വൈകിട്ട് 6.30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് പാഞ്ഞുവന്ന പ്രഭാകരൻ നായർ ശോഭനയുടെ കഴുത്തിനു നേരെ വെട്ടുകത്തി വീശുകയായിരുന്നു. ശോഭന ഒഴിഞ്ഞു മാറിയെങ്കിലും അവരുടെ വലതു ചെവി മുറിഞ്ഞു തൂങ്ങി. രക്തം ചീറ്റിയിട്ടും കലിയടക്കാതെ പ്രതി കമ്പി വടി ഉപയോഗിച്ച് ശോഭനയുടെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. ശോഭനയെ രക്ഷിക്കാനെത്തിയ മകൻ അഖിലിനും സംഭവത്തിൽ സാരമായ പരുക്കേറ്റിരുന്നു.

വളരെക്കാലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ശോഭന രക്ഷപെട്ടത്. സംഭവത്തെ തുടർന്ന് കടുത്ത ശത്രുതയിലാണ് ശോഭനയുടെയും പ്രഭാകരൻ നായരുടെയും കുടുംബങ്ങൾ കഴിഞ്ഞുവന്നത്. വൈകാതെ പ്രഭാകരൻ നായർ മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായി. അതിനാൽ പത്തനംതിട്ട സെഷൻസ് കോടതി മുൻപാകെ ഹാജരാകാൻ അയാൾക്ക് കഴിഞ്ഞില്ല. ഈ ദയനീയാവസ്ഥ നേരിൽ ബോദ്ധ്യപ്പെട്ട പത്രപ്രവർത്തകനായ കെ.കെ. മണി വിവരം ശോഭനയെ അറിയിച്ചു. അതോടെ വൈരാഗ്യം വെടിഞ്ഞ് ശോഭന പ്രഭാകരൻ നായരെ കാണാനെത്തി. തുടർന്ന് കേസ് അവസാനിപ്പിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

പ്രഭാകരൻ നായരുടെ കുടുംബം ശോഭനയ്ക്ക് നഷ്ടപരിഹാരം നൽകുവാൻ തയാറായെങ്കിലും ദിവസക്കൂലിക്ക് ഉപജീവനം കഴിച്ചുവരുന്ന ശോഭന ആത് നിരസിച്ചു. വിചാരണ കോടതിക്ക് രാജിയാക്കാൻ കഴിയാത്ത കേസായതിനാൽ ഇരുവരും അഭിഭാഷകരായ കെ.എൻ. രാധാകൃഷ്ണൻ, സലിം കാമ്പിശേരി എന്നിവർ മുഖേന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഗുരുതരമായ അക്രമം നടത്തിയ കേസുകളിൽ കേസ് റദ്ദാക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലവിൽ ഉണ്ടെങ്കിലും ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേസ് റദ്ദാക്കാൻ ജസ്റ്റിസ് കമാൽ പാഷ ഉത്തരവിട്ടു.

ഇത്തരം വിട്ടുവീഴ്ചകൾ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനുകൂലമായ കോടതി വിധി അറിഞ്ഞ പ്രഭാകരൻ നായർ സംസാരിക്കാൻ കഴിയാത്തതിനാൽ ആംഗ്യഭാഷയിൽ ശോഭനയ്ക്ക് നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP