Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനൊന്നും കണ്ടില്ലേ രാമനാരായണ...! നിസാമിനെതിരെ മൊഴി നൽകാൻ കാരണം പൊലീസിന്റെ സമ്മർദം; തർക്കവും കണ്ടില്ല അക്രമവും കണ്ടില്ല; ചന്ദ്രബോസ് കൊലക്കേസിലെ ഒന്നാം സാക്ഷി അനൂപ് തന്നെ കൂറു മാറി; വിചാരണയിൽ പ്രോസിക്യൂഷനെ കാത്തിരിക്കുന്നതു പ്രതിസന്ധികളോ?

ഞാനൊന്നും കണ്ടില്ലേ രാമനാരായണ...! നിസാമിനെതിരെ മൊഴി നൽകാൻ കാരണം പൊലീസിന്റെ സമ്മർദം; തർക്കവും കണ്ടില്ല അക്രമവും കണ്ടില്ല; ചന്ദ്രബോസ് കൊലക്കേസിലെ ഒന്നാം സാക്ഷി അനൂപ് തന്നെ കൂറു മാറി; വിചാരണയിൽ പ്രോസിക്യൂഷനെ കാത്തിരിക്കുന്നതു പ്രതിസന്ധികളോ?

തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റി. മജിസ്‌ട്രേറ്റിനു മൊഴി നൽകിയത് പൊലീസിന്റെ സമ്മർദത്താലെന്ന് അനൂപ് വിചാരണക്കോടതിയിൽ പറഞ്ഞു. സാക്ഷി കൂറുമാറിയെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഇതോടെ കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷൻ പ്രതിസന്ധിയിലായി.

നിസം ചന്ദ്രബോസിനെ ആക്രമിക്കുന്നതു കണ്ടിട്ടില്ലെന്നും അവർ തമ്മിൽ തർക്കമുണ്ടായതായി അറിയില്ലെന്നും അനൂപ് പറഞ്ഞു. മജിസ്‌ട്രേറ്റിനു മൊഴി നൽകിയതു പൊലീസിന്റെ സമ്മർദം മൂലമെന്നും അനൂപ് വിചാരണക്കോടതിയിൽ ബോധിപ്പിച്ചു. പുഴക്കൽ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസ് ഇതോടെ വഴിത്തിരിവിലെത്തുകയാണ്. തൃശൂർ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. തുടക്കത്തിൽ കൂറുമാറ്റത്തിൻെ സൂചനയൊന്നും അനുപ് നൽകിയില്ല. എന്നാൽ തുടർന്ന് നാടകീയമായി കാര്യങ്ങൾ മാറ്റി പറയുകയായിരുന്നു.

പൊലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണിതെന്നും അനൂപ് പറഞ്ഞു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അനൂപ്. കാർ അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്നാണ് അനൂപ് നൽകിയ ആദ്യ മൊഴി. എന്നാൽ ആക്രമണം താൻ കണ്ടിട്ടില്ലെന്നാണ് അനൂപ് ഇപ്പോൾ കോടതിയെ അറിയിച്ചത്. ചന്ദ്രബോസിനോടുള്ള മുൻവൈരാഗ്യം മൂലം ആഡംബരകാർ ഇടിപ്പിച്ച് നിസാം കൊന്നുവെന്നാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രബോസിന്റെ മരണമൊഴിയും രക്തംപുരണ്ട വസ്ത്രങ്ങളും അടക്കം പ്രധാനതെളിവുകളില്ലാത്ത കേസിൽ സാക്ഷിമൊഴികളാണ് നിർണായകം. അതുകൊണ്ട് തന്നെ സാക്ഷിയുടെ കൂറുമാറ്റം നിർണ്ണായകമാണ്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി പരിസരത്ത് ശക്തമായ പൊലിസ് സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. സി.പി. ഉദയഭാനുവും പ്രതിസ്ഥാനത്തുള്ള വ്യവസായി മുഹമ്മദ് നിസാമിനു വേണ്ടി രാമൻപിള്ള അസോസിയേറ്റ്‌സുമാണ് കേസ് വാദിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് നിസാമിനെ തൃശൂരിൽ എത്തിച്ചിട്ടുണ്ട്. ചന്ദ്രബോസിനെ ഇടിക്കാൻ ഉപയോഗിച്ചതെന്ന് പറയുന്ന ഹമ്മർ വാഹനവും കോടതി പരിസരത്ത് എത്തിച്ചിട്ടുണ്ട്

108 സാക്ഷികളുള്ള കേസിലെ ആദ്യ രണ്ടു സാക്ഷികളെയാണ് ഇന്നു വിസ്തരിക്കുന്നത്. വിവാദ വ്യവസായി മുഹമ്മദ് നിസാമാണു കേസിൽ പ്രതി. ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമൽ 11ാം സാക്ഷിയാണ്. നവംബർ ഏഴ് വരെ 104 സാക്ഷികളെ വിസ്തരിക്കും. നവംബർ 30ന് വിധി പറയുന്ന വിധമാണ് വിചാരണയുടെ സമയക്രമം തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രബോസിനെ ഇടിക്കാനുപയോഗിച്ച ആഡംബര വാഹനമായ ഹമ്മർ കാർ കഴിഞ്ഞ ദിവസം കോടതി വളപ്പിലത്തെിച്ചു. ജഡ്ജ് കെ.പി. സുധീറാണ് വാദം കേൾക്കുന്നത്. ഒന്നു മുതൽ 11 വരെ സാക്ഷികളുടെ വിസ്താരം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ദിവസവും ഉച്ചകഴിഞ്ഞ് കോടതി സമയം തുടങ്ങി വൈകീട്ട് അഞ്ച് വരെയായിരിക്കും വിചാരണ.

കഴിഞ്ഞ ജനുവരി 29നാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാർ, ആക്രമണം കണ്ട് ഓടിയത്തെിയ താമസക്കാർ എന്നിവരടക്കമാണ് സാക്ഷികൾ. തുടർച്ചയായി നടക്കുന്ന വിചാരണക്കിടെ നവംബർ അഞ്ചിന് ഒഴിവുനൽകിയിട്ടുണ്ട്. വിചാരണതീയതി നിശ്ചയിച്ചിട്ടില്ലാത്ത സാക്ഷികളെ ഈ ദിവസം പരിഗണിച്ചേക്കും. ദിവസം രണ്ട് മുതൽ പത്ത് വരെ സാക്ഷികളെ വിസ്തരിക്കും. 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ അമൽ അടക്കം 12 പ്രധാന സാക്ഷികളുടെ മൊഴി നിർണായകമാണ്. ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പന്ത്രണ്ടാം സാക്ഷിയാണ്.

കൊലപാതകം, അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമം, ഉൾപ്പെടെ ആറ് വകുപ്പുകൾ നിസാമിനെതിരെ ചുമത്തിയിട്ടുണ്ട്. നിസാം മൂന്ന് തവണ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതിയടക്കം തള്ളിയിരുന്നു. കണ്ണൂർ ജയിലിലായിരുന്ന നിസാമിനെ ഞായറാഴ്ച രാത്രിയോടെ വിയ്യൂരിലത്തെിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിചാരണ നടക്കുന്ന ജില്ലാ അഡീഷനൽ സെഷൻസ് കോടതിക്കും ജഡ്ജ് കെ.പി.സുധീർ, സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.പി. ഉദയഭാനു എന്നിവർക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. കോടതി പരിസരത്ത് പൊലീസ് നിരീക്ഷണവും സേനയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP