Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നാം സാക്ഷിയുടെ കൂറുമാറ്റം പൊളിഞ്ഞതോടെ സാക്ഷികൾ എല്ലാം ഉഷാറായി; പ്രോസിക്യൂട്ടറുടെ തലവേദന ഒഴിഞ്ഞു; പണത്തിന്റെ ബലത്തിൽ കേസ് പൊളിക്കാൻ ഇറങ്ങിയ നിസാമിനും ബന്ധുക്കൾക്കും ആശങ്ക

ഒന്നാം സാക്ഷിയുടെ കൂറുമാറ്റം പൊളിഞ്ഞതോടെ സാക്ഷികൾ എല്ലാം ഉഷാറായി; പ്രോസിക്യൂട്ടറുടെ തലവേദന ഒഴിഞ്ഞു; പണത്തിന്റെ ബലത്തിൽ കേസ് പൊളിക്കാൻ ഇറങ്ങിയ നിസാമിനും ബന്ധുക്കൾക്കും ആശങ്ക

തൃശൂർ: കേരള മനസാക്ഷിയെ ഞെട്ടിച്ച ചന്ദ്രബോസ് കൊലപാതക കേസിൽ രക്ഷപെടാൻ വേണ്ടി പണത്തിന്റെ ഹുങ്കിൽ പ്രതി നിസാം നടത്തുന്ന ശ്രമങ്ങളെല്ലാം കേസിന് ദിവസംചെല്ലും തോറും ബലമായി മറുന്നു. കേസിലെ ഒന്നാം സാക്ഷിയായ അനൂപിനെ മൊഴിമാറ്റാനുള്ള ശ്രമങ്ങൾ പ്രോസിക്യൂട്ടറുടെ ഇടപെടലിൽ ഫലം കണ്ടതോടെ മറ്റ് സാക്ഷികളെല്ലാം കൂടുതൾ ധൈര്യത്തോടെയാണ് മൊഴി നൽകുന്നത്. കേസിലെ രണ്ടാം സാക്ഷിയും നിസാമിന് എതിരെ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ മൂന്നാം സാക്ഷി ബേബിയും കോടതി മുമ്പാകെ നിസാമിനെതിരെ മൊഴി നൽകി.

ചന്ദ്രബോസിനോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി ശോഭാസിറ്റിയിലെ സെക്യൂരിറ്റി ക്യാബിൻ അടിച്ചു തകർക്കാൻ മുഹമ്മദ് നിസാം ഉപയോഗിച്ചതു തന്റെ സെക്യൂരിറ്റി ബാറ്റണായിരുന്നുവെന്ന് മൂന്നാം സാക്ഷി ബേബിയുടെ മൊഴി നൽകി. ചന്ദ്രബോസിനു നേരെ നിസാമിന്റെ ആക്രമണമുണ്ടായ ഗേറ്റിലെ ചുമതല ബേബിക്കായിരുന്നു. ബേബിയുടെ വിസ്താരം ഇന്നും തുടരും. അമിത വേഗത്തിൽ ഹമ്മർ കാർ ഓടിച്ചുവന്ന നിഷാം ഗേറ്റ് അടച്ചിരുന്നതിൽ പ്രകോപിതനായെന്നും തന്നെ തെറി വിളിച്ചതായും കോടതി മുമ്പാകെ പറഞ്ഞു.

തനിക്കു നേരെ നിഷാം ആക്രോശിക്കുന്നതു കണ്ടു സെക്യൂരിറ്റി ക്യാബിനകത്തായിരുന്ന അനൂപിനു പിന്നാലെയാണു ചന്ദ്രബോസ് എത്തിയത്. എന്താണു സർ, എന്നു ചോദിച്ചതും നിഷാം അസഭ്യം പറഞ്ഞു. അനൂപിന്റെ മുഖത്തടിക്കുകയും ചെയ്തു. തന്നെ ചവിട്ടാനൊരുങ്ങിയപ്പോൾ പിറകിലേക്കു മാറിയതിനാൽ ചവിട്ടു കൊണ്ടില്ലെന്നും ബേബിയുടെ മൊഴിയിൽ പറയുന്നു.

ഇതിനിടയിൽ സെക്യൂരിറ്റി ക്യാബിന്റെ അകത്തേക്കു ചന്ദ്രബോസ് കയറി. പിറകിലെത്തിയ നിഷാം അവിടെ കിടന്നിരുന്ന കസേരയെടുത്തു വാതിലിൽ അടിച്ചുവെങ്കിലും കസേര പൊട്ടിപ്പോയി. പിന്നീടാണു വാതിലിനരികിൽ വച്ചിരുന്ന സെക്യൂരിറ്റി ബാറ്റൺ എടുത്തു ഗ്ലാസിൽ അടിച്ചത്. വടി രണ്ടായി പൊട്ടിയതല്ലാതെ ഗ്ലാസ് പൊട്ടിയില്ലെന്നും ബേബി വ്യക്തമാക്കി.

പിന്നീടു വടിയുപയോഗിച്ചു ക്യാബിന്റെ ചെറിയ ജനവാതിലിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ച് ഇതുവഴി നിഷാം അകത്തുകയറുകയായിരുന്നു. ചന്ദ്രബോസിനെ ചവിട്ടുകയും മർദിക്കുകയും ചെയ്തു. പൊട്ടിവീണ ചില്ലുകൊണ്ടു കുത്തിവരയ്ക്കുന്നതും കണ്ടു. കയറിയ അതേ വഴിയിലൂടെ തന്നെ പുറത്തേക്കിറങ്ങിയ നിഷാം തോക്കെടുത്തു വരാമെന്നു പറഞ്ഞു കാറിനടുത്തേക്കു നീങ്ങി. താനും അനൂപും ചേർന്നു ചന്ദ്രബോസിനോടു വേഗം പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.

വാതിലിലൂടെ ചന്ദ്രബോസ് പുറത്തിറങ്ങുന്നതു കണ്ട നിഷാം പിടിക്കെടാ അവനെയെന്നു വിളിച്ചു പറഞ്ഞു. ഇതോടെ ചന്ദ്രബോസ് ഓടി. പിറകെ ഹമ്മർ കാറുമായി വന്നു ചന്ദ്രബോസിനെ ഇടിച്ചിടുകയായിരുന്നുവെന്നു ബേബി പറഞ്ഞു.തുടർന്ന് ഫൗണ്ടന്റെ പിന്നിലേക്ക് ബോസ് ഊർന്നുവീഴുകയും ഹമ്മർ കാർ ഫൗണ്ടന്റെ മുകളിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. ഈ സമയം കാറിന്റെ അടിയിൽ കിടക്കുകയായിരുന്നു ചന്ദ്രബോസ്. പിന്നീട് ആ വഴി വന്ന സെക്യൂരിറ്റി മാനേജർ രഞ്ജിത്തിനോടൊപ്പം പോയി താൻ തന്നെയാണ് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതെന്നും ബേബി വ്യക്തമാക്കി.

ശേഷം അജീഷും ഹസനാരും കിങ്‌സിലിയും ചേർന്നാണ് പരിക്കേറ്റ ബോസിനെ ആശുപത്രിയിൽ കൊണ്ടുപോയത്. പൊലീസ് വാഹനത്തിൽ ഓടിക്കയറിയ ഒന്നാം സാക്ഷി അനൂപിനെ മാദ്ധ്യമങ്ങളും ആളുകളും ചേർന്ന് ഓടിക്കുന്നതും അടിക്കുന്നതും കണ്ടോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് തനിക്ക് അങ്ങനെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബേബിയുടെ മറുപടി.

സാക്ഷി വിസ്താരം നാളെയും തുടരും. മരിച്ച ചന്ദ്രബോസിന്റെ അമ്മയും ഭാര്യയും വിസ്താരം കേൾക്കാൻ കോടതിയിലെത്തിയിരുന്നു. സഹോദരന്മാർക്കും ബന്ധുവിനും നിഷാമുമായി സംസാരിക്കാൻ അനുവാദം വേണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷന്റെ അഭിപ്രായമനുസരിച്ചു സഹോദരന്മാരായ നിസാർ, നസീർ എന്നിവർക്കു മാത്രം സംസാരിക്കാൻ കോടതി അനുമതി നൽകി. നിഷാമിന്റെ വക്കാലത്തുകൾ കൂടുന്നതായും ഇതിനു കാരണം ബോധ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ പുതിയതായി മൂന്നു വക്കാലത്തുകളെത്തിയതിലാണു കോടതി നിർദ്ദേശം അറിയിച്ചത്. ഇതിനിടെ തങ്ങളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നു പ്രതിഭാഗം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP