Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജവിലാസങ്ങളിൽ കമ്പനി തട്ടിക്കൂട്ടി ആൾമാറാട്ടത്തിലൂടെ മണിചെയിൻ നിക്ഷേപ തട്ടിപ്പ്: 410 കോടി തട്ടിയെടുത്തത് വെറും രണ്ടുവർഷം കൊണ്ട്; 17 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം; 10 കോടിയുടെ ടൈക്കൂൺ നിക്ഷേപ തട്ടിപ്പിൽ ഫെബ്ര.25 ന് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്

വ്യാജവിലാസങ്ങളിൽ കമ്പനി തട്ടിക്കൂട്ടി ആൾമാറാട്ടത്തിലൂടെ മണിചെയിൻ നിക്ഷേപ തട്ടിപ്പ്: 410  കോടി തട്ടിയെടുത്തത് വെറും രണ്ടുവർഷം കൊണ്ട്;  17 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം; 10 കോടിയുടെ ടൈക്കൂൺ നിക്ഷേപ തട്ടിപ്പിൽ ഫെബ്ര.25 ന് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്

പി.നാഗ് രാജ്

തിരുവനന്തപുരം: വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്റ്റർ ചെയ്ത് ആൾമാറാട്ടം നടത്തി 410 കോടി രൂപയുടെ മണിചെയിൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ടൈക്കൂൺ കമ്പനി ഡയറക്ടർമാരടക്കം 17 പേർക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം ഫയലിൽ സ്വീകരിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ.എസ്.മല്ലിക എല്ലാ പ്രതികളെയും ഡിസംബർ 22 ന് കോടതിയിൽ ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി.

ടൈക്കൂൺ എംപയർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി, കമ്പനിയുടെ ഡയറക്ടർമാരായ കലാ കണ്ണൻ, സദാശിവം, കൃപാകരൻ, ഭൂപതി മനോഹരൻ, ഗോകുൽ, പ്രദീഷ് എന്ന വിനു ആനന്ദ്, കമ്പനി ഉദ്യോഗസ്ഥരും സീനിയർ ഏജന്റുമാരുമായ ശ്രീറാം എന്ന എം. രാജേഷ്, മുത്തുവേൽ, അലക്‌സ് രാജ് കുമാർ, വിനോദ് ശിവജി, രാജേഷ് സദാശിവൻ, നാരായണൻ, പിന്റോ സേട്ട്, മുരളി, അനിൽകുമാർ, മെഹമൂദ് എന്നിവരാണ് നിക്ഷേപ തട്ടിപ്പ് കേസിലെ 1 മുതൽ 17 വരെയുള്ള പ്രതികൾ.

2009-11 കാലയളവിൽ രണ്ടു വർഷം കൊണ്ടാണ് 370 കോടി രൂപ കമ്പനി തട്ടിയെടുത്തത്. 2009 ലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ടൈക്കൂൺ എംപയർ ഇന്റർനാഷണൽ എന്ന സ്ഥാപനം ആരംഭിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.കമ്പനീസ് ആക്റ്റ് പ്രകാരമാണ് സ്ഥാപനം രജിസ്റ്റർ ചെയ്തത്. എന്നാൽ ഉടമകളെ സംബന്ധിച്ച് നൽകിയ ഡിക്ലറേഷനിൽ ഉണ്ടായിരുന്ന വിലാസം വ്യാജമായതിനാൽ ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബാങ്കുകളിൽ നൽകിയ മേൽവിലാസവും വ്യാജമായിരുന്നു.

ആദ്യ അന്വേഷണത്തിൽ 370 കോടി രൂപയുടെ തട്ടിപ്പാണ് വെളിച്ചത്ത് വന്നത്. തുടരന്വേഷണത്തിൽ ചെന്നൈ എച്ച്. ഡി .എഫ്. സി.ബാങ്കിലെ ടൈക്കൂൺ കമ്പനിയുടെ അക്കൗണ്ട് മുഖേന 40 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ മണിചെയിൻ രീതിയിൽ കമ്പനി അഞ്ച് ബാങ്കുകൾ വഴി 410 കോടി രൂപ സമാഹരിച്ചതായി തെളിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിച്ച 40 കോടിയിൽ സിംഹഭാഗവും പിൻവലിച്ചതായി വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്‌പി പി.പി.സദാനന്ദൻ കണ്ടെത്തിയ റിപ്പോർട്ട് കോടതിയിൽ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

കമ്പനിയുടെ ആദ്യ ഡയറക്ടർമാരിലൊരാളായ സദാശിവത്തിന്റെ നേതൃത്വത്തിൽ 7 പേരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തത്. ഇവരുടെ മേൽവിലാസം വ്യാജമാണെങ്കിലും ഏഴു പേരെയും പൊലീസ് തിരിച്ചറിഞ്ഞതറിഞ്ഞ് സ്ഥലം വിട്ടെങ്കിലും പൊലീസ് പിടിയിലായി. ആദ്യ ഡയറക്ടറായ കമല കണ്ണൻ കമ്പനി വിട്ട് ഇപ്പോൾ സിംഗപ്പൂരിലാണ്. ആയിരക്കണക്കിന് പേർ തട്ടിപ്പിനിരയായിട്ടും ഇരുപതോളം പേർ മാത്രമാണ് ആദ്യം പൊലീസിൽ പരാതി നൽകാനെത്തിയത്. തങ്ങൾക്ക് പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം നിക്ഷേപകരും കഴിയുകയായിരുന്നു. പരാതി നൽകാൻ വൈകിയതാണ് അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് 7 വർഷം കാലവിളംബം നേരിടേണ്ടി വന്നത്.

2011 ലാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഢാലോചന ), 419 ( ആൾമാറാട്ടം വഴി ചതിക്കൽ ), 420 ( വഞ്ചന ), 201 ( തെളിവ് നശിപ്പിക്കൽ, കുറ്റക്കാരെ ശിക്ഷയിൽ നിന്നു മറയ്ക്കാനായി കളവായ വിവരം നൽകൽ ), 34 ( കൂട്ടായ്മ ), 1978 ൽ നിലവിൽ വന്ന പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീം ( തടയൽ ) നിയമത്തിലെ 3,4,5,6 എന്നീ വകുപ്പുകൾ, 2000 ൽ നിലവിൽ വന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 66 - ഡി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP