Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കരയിപ്പിച്ചത് കേന്ദ്ര സർക്കാറുകളുടെ അലംഭാവം; ആ കണ്ണുനീരിൽ അലിഞ്ഞു ഉടനടി നടപടിയെടുക്കാൻ നിർദേശവുമായി മോദി; നികത്തുന്നത് 20,000ത്തോളം ജഡ്ജിമാരുടെ ഒഴിവുകൾ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കരയിപ്പിച്ചത് കേന്ദ്ര സർക്കാറുകളുടെ അലംഭാവം; ആ കണ്ണുനീരിൽ അലിഞ്ഞു ഉടനടി നടപടിയെടുക്കാൻ നിർദേശവുമായി മോദി; നികത്തുന്നത് 20,000ത്തോളം ജഡ്ജിമാരുടെ ഒഴിവുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ നീതിനിർവഹണം തടസമില്ലാതെ മുന്നോട്ടു പോകാത്തതിന് പ്രധാന കാരണം കോടതികളിൽ വേണ്ടവിധത്തിൽ ജഡ്ജിമാർ ഇല്ലാത്തതും ഗ്രാമങ്ങളിലും മറ്റു കോടതികളുടെ എണ്ണിത്തിൽ കുറവുണ്ടായതുമാണ്. ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിതുമ്പിയതോടെയാണ് ഊ വിഷയത്തിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധ പതിച്ചത്. വേണ്ടത്ര ജഡ്ജിമാർ ഇല്ലാത്തതിനാൽ പാവപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് ചീഫ്ജസ്റ്റിസ് ടി എൻ താക്കൂർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടത് നിലവിൽ ഒഴിവുള്ള ഇരുപതിനായിരത്തോളം ജഡ്ജിമാരെ ഉടൻ നിയമിക്കണമെന്നാണ്. എന്തായാലും ചീഫ് ജസ്റ്റിസിന്റെ കരച്ചിൽ വെറുതേയാകാൻ വഴിയില്ല. 20,000ത്തോളം ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു.

ജഡ്ജിമാരെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം കേന്ദ്രഗവൺമെന്റിനാണെന്ന് പറഞ്ഞ് വിമർശനങ്ങൾക്കൊടുവിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ വികാരാധീനനായി വിതുമ്പിക്കരഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ വികാര പ്രകടനത്തെ തുടർന്ന് വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാക്കുമെന്ന് മോദി തീരുമാനം എടുക്കുകയും ചെയ്തു.

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത വാർഷിക സമ്മേളനമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. അരമണിക്കൂർ നീണ്ട വികാരപരമായ പ്രസംഗത്തിനിടെ ചീഫ് ജസ്റ്റിസ് പലതവണ വിതുമ്പി. തൂവാല കൊണ്ട് അദ്ദേഹം കണ്ണുകൾ തുടച്ചു.
കേസുകൾ പ്രവഹിക്കുമ്പോഴും ജഡ്ജിമാരുടെ എണ്ണം 21000ത്തിൽ നിൽക്കുകയാണെന്നും ഇത് 40000 ആയി ഉയർത്തിയില്ലെങ്കിൽ രാജ്യത്തിന്റെ വികസനത്തെ ബാധിക്കുമെന്നും ജസ്റ്റിസ് താക്കൂർ മുന്നറിയിപ്പ് നൽകി. നിയമകാര്യങ്ങൾ നേരാംവണ്ണം പോകണെന്ന് ആഗ്രഹിക്കുന്ന ഒരു ന്യായാധിപന്റെ വാക്കുകളെന്ന വിധത്തിലാണ് ജസ്റ്റിസ് താക്കൂറിനെ പലരും ശ്രവിച്ചത്.

ഹൈക്കോടതികളിൽ 434 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. കൊളീജിയത്തിന് പകരം ദേശീയ ജുഡിഷ്യൽ നിയമന കമ്മിഷൻ കൊണ്ടുവരുന്നതിനെ ചൊല്ലി സുപ്രീംകോടതിയിലുള്ള കേസ് തീർപ്പാകാത്തതിനാലാണ് ഈ ഒഴിവുകൾ നികത്താത്തത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം മരവിച്ചിരിക്കയാണ്. 169 ജഡ്ജിമാരുടെ നിയമന ശുപാർശ കേന്ദ്ര സർക്കാരിൽ പൊടിയടിച്ചു കിടക്കുന്നു. അതിൽ തീരുമാനം എടുക്കാൻ ഇനി എത്രകാലമെടുക്കും ചീഫ് ജസ്റ്റിസ് വികാരഭരിതനായി ചോദിച്ചു. ജയിലുകൾ നിറഞ്ഞു കവിയുകയാണ്. അലഹബാദ് ഹൈക്കോടതിയിൽ പത്ത് ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്.

സാധാരണക്കാർക്ക് നീതി വൈകുന്നതിന്റെ പാപഭാരം ജഡ്ജിമാരിൽ കെട്ടിവയ്ക്കരുത്. കൂടുതൽ കോടതികൾ സ്ഥാപിക്കാതെയും ജഡ്ജിമാരെ നിയമിക്കാതെയും സർക്കാർ പാവപ്പെട്ടവരോടും വിചാരണത്തടവുകാരോടും അനീതിയാണ് കാട്ടുന്നത്. പ്രതിവർഷം അഞ്ച് കോടി കേസുകളാണ് ഫയൽ ചെയ്യുന്നത്. അതിൽ രണ്ട് കോടി കേസുകൾ മാത്രമാണ് തീർപ്പാകുന്നത്. അമേരിക്കൻ സുപ്രീം കോടതിയിൽ ഒൻപത് ജഡ്ജിമാരുടെ ഒരു ബെഞ്ച് ശരാശരി 81 കേസുകളാണ് ഒരു വർഷം തീർപ്പാക്കുന്നത്. ഇന്ത്യയിൽ മുൻസിഫ് മുതൽ സുപ്രീം കോടതി ജഡ്ജി വരെയുള്ള ന്യായാധിപന്മാർ ശരാശരി 2600 കേസുകളാണ് പ്രതിവർഷം തീർപ്പാക്കുന്നത്. ജഡ്ജിമാരുടെ സമ്മർദ്ദം ആരും അറിയുന്നില്ല. അവരുടെ ശേഷിക്ക് ഒരു പരിധിയുണ്ട്.

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു. രാജ്യത്തെ നീതിനിർവഹണത്തിലെ കാലതാമസത്തിൽ നിക്ഷേപകർക്ക് ആശങ്കയുള്ളപ്പോൾ മേക്ക് ഇൻ ഇന്ത്യയിലേക്ക് അവരെ ക്ഷണിക്കുന്നതിൽ എന്തർത്ഥം
ചീഫ് ജസ്റ്റിസിന്റെ പ്രസംഗം കഴിഞ്ഞയുടൻ പ്രസംഗിച്ച മോദി ഭരണഘടനാ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ മന്ത്രിമാരും സുപ്രീം കോടതി ജഡ്ജിമാരും ഒന്നിച്ചിരുന്ന് പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇത്തരം സമ്മേളനങ്ങളിൽ, കോടതിയുടെ അവധിക്കാലം കുറയ്ക്കണമെന്നും രാവിലെയും വൈകിട്ടും കോടതി പ്രവർത്തിക്കണമെന്നും താൻ നിർദ്ദേശിച്ചിട്ടുണ്ട്.അന്ന് പലരും അതിനെ എതിർത്തെന്ന് അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരുടെ എണ്ണത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത് വിവരങ്ങൾ ഒറ്റനോട്ടത്തിൽ

-1950ൽ സുപ്രീംകോടതി തുടങ്ങുമ്പോൾ എട്ട് ജഡ്ജിമാരും 1215 കേസും.
-2009ൽ ജഡ്ജിമാർ 31, കേസുകൾ 77,181.
-2014ൽ കേസുകൾ 81,582 .
-കീഴ്‌ക്കോടതികളിൽ വേണ്ടത് 20,214 ജഡ്ജിമാർ. ഒഴിഞ്ഞുകിടക്കുന്നത് 4,580 തസ്തികകൾ
-24 ഹൈക്കോടതികളിലായി 1056 തസ്തികകളിൽ 458 ഒഴിവുകൾ.
-സുപ്രീംകോടതിയിൽ 31 ജഡ്ജിമാരിൽ ആറുപേർ കുറവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP