Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഡിഎഫിന് അടുത്ത തവണ അധികാരത്തിൽ എത്താൻ വേറെ കാരണങ്ങൾ ഒന്നും വേണ്ട; ഒറ്റ ദാമോദരൻ വിചാരിച്ചാൽ എല്ലാം ശുഭം; സാന്റിയാഗോ മാർട്ടിന് പുറമേ കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കാരൻ ചന്ദ്രശേഖരന്റെ വാക്കാലത്തു ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ

യുഡിഎഫിന് അടുത്ത തവണ അധികാരത്തിൽ എത്താൻ വേറെ കാരണങ്ങൾ ഒന്നും വേണ്ട; ഒറ്റ ദാമോദരൻ വിചാരിച്ചാൽ എല്ലാം ശുഭം; സാന്റിയാഗോ മാർട്ടിന് പുറമേ കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കാരൻ ചന്ദ്രശേഖരന്റെ വാക്കാലത്തു ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ

കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ തകർച്ചയിലേക്ക് വഴിവച്ചതിൽ പ്രധാനപ്പെട്ട ഒരു കാര്യം എ ജി ദണ്ഡപാണിയുടെ നിലപാടുകളായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല. പ്രക്ഷോഭങ്ങളൊന്നും ചെയ്തില്ലെങ്കിലും യുഡിഎഫ് തന്ന അധികാരത്തിൽ എത്താനുള്ള വഴി പിണറായി സർക്കാർ സ്വയം തോണ്ടുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കോടതിയിൽ ഹാജരാകുന്ന പതിവാക്കിയതാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നത്.

ഇതര സംസ്ഥാന ലോട്ടറി വ്യവസായിയാ സാന്റിയാഗോ മാർട്ടിനു വേണ്ടി ഹാജരായതിനു പിന്നാലെ കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസിലും മുഖ്യ പ്രതിക്കായാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരൻ രംഗത്തെത്തിയത്. ഐഎൻടിയുസി പ്രസിഡന്റായ ആർ. ചന്ദ്രശേഖരനാണ് കേസിലെ മുഖ്യ പ്രതി. ഇദ്ദേഹം കശുവണ്ടി കോർപ്പറേഷന്റെ അദ്ധ്യക്ഷനായ കാലത്ത് നടന്ന അഴിമതികളിൽ നേരത്തെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഈ വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് എം.കെ ദാമോദരൻ ഹാജരായത്. ജസ്റ്റിസ് കമാൽ പാഷയുടെ ബെഞ്ച് ഹർജി പരിഗണിക്കുകയും കോടതി സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ എം.കെ ദാമോദരൻ ഹാജരായത് ഏറെ വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കെ സാന്റിയാഗോ മാർട്ടിൻ ലോട്ടറി വിൽപ്പനക്കാരനായി കോടതിയിൽ ഹാജരായതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. തുടർന്ന് ദാമോരൻ ഉപദേശക സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്നലെ വീണ്ടും മാർട്ടിനായി കോടതിയിൽ ഹാജരായി. പിന്നാലെയാണ് ഇന്ന് മറ്റൊരു അഴിമതിക്കേസിലെ പ്രതിക്കായി കോടതിലേക്ക് ദാമോദരൻ വീണ്ടും എത്തിയത്.

23 കോടി രൂപയ്ക്ക് കശുവണ്ടി വികസന കോർപ്പറേഷൻ തോട്ടണ്ടി വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വിജിലൻസ് ത്വതിര പരിശോധനാ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. 2.85 കോടി രൂപയുടെ അഴിമതി നടന്നു എന്ന് ത്വരിതാന്വേഷണത്തിൽ വിജിലൻസിന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ടാഴ്ച മുൻപ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉൾപ്പെടെ നാല് പേർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഇതിന് എതിരെ ആണ് ആർ ചന്ദ്രശേഖരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനായി വക്കാലത്ത് നൽകിയത് എംകെ ദാമോദരന്റെ ഓഫീസാണ്. എന്നാൽ ഇന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ എംകെ ദാമോദരന്റെ ജൂനിയറാണ് ഹാജരായത്. കേസിൽ വാദം നടന്നില്ല. വിജിലൻസിന്റെ നിലപാട് അറിയിക്കാൻ കേസ് മാറ്റിവെക്കുകയാണ് ചെയ്തത്. പത്ത് ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP