Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലേഡീസ് ഹോസ്റ്റലിൽ മൊബൈലു ലാപ്‌ടോപും തടയുന്നത് എന്തിന്? പ്രായപൂർത്തിയായ വിദ്യാർത്ഥിനികൾക്ക് പഠനസ്വാതന്ത്ര്യം നിഷേധിക്കുന്നത് മൗലികാവകാശലംഘനം; ചേളന്നൂർ എസ്എൻ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ നിയന്ത്രണം റദ്ദാക്കി ഹൈക്കോടതി; പുറത്താക്കിയ വിദ്യാർത്ഥിനിയെ തിരിച്ചെടുക്കണമെന്നും വിധി

ലേഡീസ് ഹോസ്റ്റലിൽ മൊബൈലു ലാപ്‌ടോപും തടയുന്നത് എന്തിന്? പ്രായപൂർത്തിയായ വിദ്യാർത്ഥിനികൾക്ക് പഠനസ്വാതന്ത്ര്യം നിഷേധിക്കുന്നത് മൗലികാവകാശലംഘനം; ചേളന്നൂർ എസ്എൻ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ നിയന്ത്രണം റദ്ദാക്കി ഹൈക്കോടതി; പുറത്താക്കിയ വിദ്യാർത്ഥിനിയെ തിരിച്ചെടുക്കണമെന്നും വിധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണും ലാപ്‌ടോപും ഉപയോഗിക്കുന്നതിനെ തടയുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അതുകൊണ്ട് തന്നെ ഇത്തരം നിരോധനങ്ങൾ ഉചിതമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല മൊബൈൽ ഫോണും ഇന്റെർനെറ്റും നൽകുന്ന എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളും സാധ്യതകളും രക്ഷിതാക്കളും കോളേജ് അധികൃതരും കണ്ടില്ലെന്ന് നടിക്കരുതെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ഫോൺ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഒരു വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. ഹർജിയിൽ അഭിപ്രായം വ്യക്തമാക്കിയ കോടതി ചേളന്നൂർ കോളേജിലെ നിയന്ത്രണങ്ങൾ റദ്ദാക്കി. മാത്രമല്ല പറുത്താക്കിയ ഹർജിക്കാരിയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണമെന്നും നിർദ്ദേശിച്ചു. ഫഹീമ ഷിറിന്റെ ഹർജിയിൽ ജസ്റ്റിസ് പി.വി. ആശയുടെതാണ് ഉത്തരവ്.

കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഫോൺ ഉപയോഗം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകിട്ട് ആറ് മണിമുതൽ പത്ത് മണിവരെയാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ഈ നിയന്ത്രണം അംഗീകരിക്കാൻ കോളേജിലെ ബിഎ വിദ്യാർത്ഥിനിയായ ഫഹീമ ഷിറിൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഫഹീമയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതെതുടർന്നാണ് ഇതിനെതിരെ ഫഹീമ കോടതിയിൽ ഹർജി നൽകിയത്.

എന്നാൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങളൊന്നും ഇല്ലായെന്നത് ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് മാത്രം ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ലിംഗവിവേചനമാണ്. അത് ഹർജിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് പഠനസമയത്ത് മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചതെന്ന് കോളേജ് അധികൃതർ വാദിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഫോണിന് നിരോധനമില്ലെന്നും പഠനസമയത്തുള്ള ഫോൺ ഉപയോഗത്തിന് മാത്രമേ നിയന്ത്രണമുള്ളുവെന്നും ഇക്കാര്യങ്ങളെല്ലാം തന്നെ ഹർജിക്കാരി ഹോസ്റ്റലിൽ പ്രവേശനം നേടാൻ ഒപ്പിട്ട് നൽകിയ നിബന്ധനയിൽ പറയുന്നുണ്ടെന്നും. ഹർജിക്കാരി ഒഴികെ മറ്റാരും ഈ നിബന്ധനയെ എതിർത്തിട്ടില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.

എന്നാൽ ഹർജിക്കാരി ഒഴികെ മറ്റാരും എതിർത്തിട്ടില്ലെന്ന കാരണത്താൽ ഇത്തരം ഒരു വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് കോടതി ഇതിന് മറുപടി പറഞ്ഞത്. മാത്രമല്ല ഇന്റെർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലിക അവകാശമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഹോസ്റ്റലിലുള്ളവർ പ്രായപൂർത്തിയായവരാണെന്ന് കോളേജ് അധികൃതരും രക്ഷിതാക്കളും മനസിലാക്കണമെന്നും. എങ്ങനെ, എപ്പോൾ,ഏത് രീതിയിൽ പഠിക്കണമെന്നത് വിദ്യാർത്ഥികളാണ് തീരുമാനിക്കേണ്ടത്. അതിനാൽ തന്നെ പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്ക് സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. യുജിസി തന്നെ ഇപ്പോൾ ഓൺലൈൻ കോഴ്‌സുകൾ നടത്തുന്നുണ്ട്. അതിനാൽ അറിവ് സമ്പാദിക്കാനുള്ള അവകാശത്തെ ഇത്തരം നിയന്ത്രണങ്ങൾ നൽകി ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞു.

ലാപ്‌ടോപിന് നിയന്ത്രണമില്ലെന്ന് പറഞ്ഞാലും എല്ലാവർക്കും അത് അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. മൊബൈൽ ഫോൺ പോലെ ലാപ്‌ടോപും ദുരുപയോഗിക്കാൻ സാധ്യതയുണ്ട്. അതിപ്പോൾ പഠനസമയം കഴിഞ്ഞാലും ദുരുപയോഗത്തിനുള്ള സാധ്യതകൾ നിലനിൽക്കും. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ ഉപയോഗം ഹോസ്റ്റലിലെ മറ്റ് കുട്ടികൾക്ക് ശല്യമാകരുതെന്ന നിയന്ത്രണം മാത്രമാണ് നല്ലതെന്നും കോടതി വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് സ്‌ക്കൂളുകൾ ഉൾപ്പെടെ ഡിജിറ്റൽവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും. ഇന്റെർനെറ്റിലൂടെ അറിവ് നേടുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം വർധിപ്പിക്കുമെന്നും കോടതി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP