Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കും..അഴിക്കുള്ളിലാക്കും; ആനാവൂർ നാഗപ്പനും കൂട്ടുകാരും പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ എടുത്ത കേസും പിൻവലിക്കും; കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ആനാവൂർ അടക്കം അഞ്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ പ്രതികളായ കേസ് പിൻവലിക്കാൻ അനുമതി തേടി കോടതിയിൽ; പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്

പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കും..അഴിക്കുള്ളിലാക്കും; ആനാവൂർ നാഗപ്പനും കൂട്ടുകാരും പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ എടുത്ത കേസും പിൻവലിക്കും; കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ആനാവൂർ അടക്കം അഞ്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ പ്രതികളായ കേസ് പിൻവലിക്കാൻ അനുമതി തേടി കോടതിയിൽ; പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്

പി.നാഗ് രാജ്

തിരുവനന്തപുരം: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസുകളിൽ ബിജെപി നേതാക്കളോടും സിപിഎം നേതാക്കളോടും രണ്ടുതരം സമീപനം സ്വീകരിച്ച എൽഎഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തായി. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കണ്ണൂർ എസ്‌പി ഓഫീസ് മാർച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതസമയം, സിപിഎം നേതാക്കൾ പ്രതികളായ സമാനമായ കേസ് പിൻവലിക്കാൻ സർക്കാർ ഇപ്പോൾ അനുമതി തേടിയതാണ് വിവാദമായിരിക്കുന്നത്.

2013 ജൂലൈ 13 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ പിൻവലിക്കാൻ നോക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ സമരത്തിൽ അക്രമം അഴിച്ചു വിട്ടെന്ന കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ശിബി, സെക്രട്ടറി അൻസാരി എന്നിവരെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ ഉൾപ്പെടെ പത്തുപേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. പൊലീസിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഐപിസി 294 ബി, 363, 143, 147, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് ആനാവൂർ നാഗപ്പൻ, അൻസാരി, ശിബി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശിബിയേയും അൻസാരിയേയും കൺട്രോൾ റൂമിന്റെ വാഹനത്തിലെത്തിയ പൊലീസ് സംഘം പിടികൂടി. ഈ സമയം അതുവഴി വരികയായിരുന്ന ആനാവൂർ നാഗപ്പൻ പൊലീസിനോട് കയർത്ത് സംസാരിക്കുകയും പൊലീസ് പിടികൂടിയവരെ മോചിപ്പിക്കുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഈ സംഭവത്തിൽ, ദേഹോപദ്രവമേറ്റ കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറടക്കം മൂന്ന് പൊലീസുദ്യോഗസ്ഥർ ഡിസംബർ 10 ന് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് റ്റി.മഞ്ജിത്ത് ഉത്തരവിട്ടിരിക്കുകയാണ്.ആക്രമണക്കേസിൽ പ്രതികളായ ആനാവൂർ നാഗപ്പനടക്കമുള്ള അഞ്ച സിപിഎം നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കൃത്യത്തിൽ വച്ച് പരിക്കേറ്റ മൂന്ന് പൊലീസുദ്യോഗസ്ഥരുടെ ഭാഗം കേൾക്കാതെ പിൻവലിക്കൽ ഹർജിയിൽ തീരുമാനമെടുക്കാനാവില്ലെന്ന് കോടതി സർക്കാർ അഭിഭാഷകനോട് വ്യക്തമാക്കി. തുടർന്നാണ് ദേഹോപദ്രവമേറ്റ മൂന്ന് 3 പൊലീസുദ്യോഗസ്ഥരും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിവൈഎഫ്‌ഐ നേതാക്കളായ മുഹമ്മദ് അൻസാരി, സിബി, എ.എ.റഹിം, രാജാലാൽ എന്നിവരാണ് കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143,147,149 ( പൊതു ഉദ്ദേശകാര്യസാദ്ധ്യത്തിനായി ന്യായവിരോധമായി സംഘം ചേരൽ ),294 (ബി ) ( അസഭ്യ വാക്കുകൾ വിളിക്കുക),353 (പൊതു സേവകന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റം ചെയ്യൽ ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസിൽ കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വകുപ്പ് 353 ന് കുറ്റം തെളിയിക്കപ്പെട്ടാൽ, പ്രതികൾക്ക് 2 വർഷം തടവും പിഴയും ശിക്ഷ വിധിക്കാം.
പ്രതികൾ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനാൽ 5 പ്രതികളെയും കോടതി 2017ൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. തുടർന്നാണ് പിൻവലിക്കൽ ഹർജിയുമായി എൽ ഡി എഫ് സർക്കാർ കോടതിയിലെത്തിയത്.

അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച കെ.സുരേന്ദ്രന്റെ കാര്യത്തിൽ കേസുകളുടെ കുരുക്കുമുറുക്കാനാണ് പൊലീസിന്റെയും സർക്കാരിന്റെയും ശ്രമം. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട ചെമ്പ്രയിലെ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു കണ്ണൂരിലെ ഡി വൈ എസ് പി മാരായ പി പി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെ സുരേന്ദ്രൻ ഭീഷണി മുഴക്കിയത്. എസ് പി ഓഫീസ് മാർച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് വാറന്റ് പുറപ്പെടുവിച്ചത്.

കേസിൽ കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്തവർഷം ഫെബ്രുവരി 14ന് കേസിൽ വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു. തന്നെ കൂടുതൽ കേസുകളിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിക്കുകയും ചെയ്തു. ഏതായാലും പിടികിട്ടാപുള്ളികളായി കോടതി പ്രഖ്യാപിച്ച സ്വന്തം നേതാക്കളുടെ കാര്യത്തിൽ ആഭ്യന്തര വകുപ്പിനും പൊലീസിനും അനുഭാവം കാണിക്കാതെ വയ്യ! കേസ് പിൻവലിക്കാനാണ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. 2018 ജനുവരി 24 ന് സർക്കാർ അഭിഭാഷകൻ കേസ് അഡ്വാൻസ് ചെയ്ത് പിൻവലിക്കൽ ഹർജി സമർപ്പിക്കുകയായിരുന്നു. ബിജെപി നേതാക്കളോടും സി പി എം നേതാക്കളോടുമുള്ള സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുവന്നതോടെ വിവാദവും മുറുകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP