Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതിയലക്ഷ്യ നടപടിയിൽ അനിൽ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി; മൂന്നുമാസത്തേക്ക് ജയിലിൽ അടയ്ക്കുമെന്ന് മുന്നറിയിപ്പ്; ഒരു മാസത്തിനകം പലിശയടക്കം 550 കോടി നൽകിയില്ലെങ്കിൽ കടുത്ത നടപടി; പുതിയ വിധി വരുന്നത് എറിക്‌സൺ കമ്പനിക്ക് കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരം നൽകാതിരുന്നതിനെ തുടർന്ന്; കോടതിയലക്ഷ്യ കേസിൽ ഉത്തരവ് തിരുത്താൻ ഉദ്യോഗസ്ഥരെ വച്ച് തന്ത്രം പയറ്റിയതും വിനയായതോടെ റാഫേലിൽ മോദിക്കൊപ്പം കൈകോർത്ത് ചീത്തപ്പേര് കേൾക്കുന്ന അംബാനി പുത്രൻ വൻ കുരുക്കിൽ

കോടതിയലക്ഷ്യ നടപടിയിൽ അനിൽ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി; മൂന്നുമാസത്തേക്ക് ജയിലിൽ അടയ്ക്കുമെന്ന് മുന്നറിയിപ്പ്; ഒരു മാസത്തിനകം പലിശയടക്കം 550 കോടി നൽകിയില്ലെങ്കിൽ കടുത്ത നടപടി; പുതിയ വിധി വരുന്നത് എറിക്‌സൺ കമ്പനിക്ക് കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരം നൽകാതിരുന്നതിനെ തുടർന്ന്; കോടതിയലക്ഷ്യ കേസിൽ ഉത്തരവ് തിരുത്താൻ ഉദ്യോഗസ്ഥരെ വച്ച് തന്ത്രം പയറ്റിയതും വിനയായതോടെ റാഫേലിൽ മോദിക്കൊപ്പം കൈകോർത്ത് ചീത്തപ്പേര് കേൾക്കുന്ന അംബാനി പുത്രൻ വൻ കുരുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എറിക്‌സൺ ഇന്ത്യ കമ്പനിയുമായുള്ള കേസിൽ നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധി അനുസരിക്കാതിരുന്ന റിലയൻസ് മേധാവി അനിൽ അംബാനിയെ ജയിലിൽ അടയ്ക്കുമെന്ന് മുന്നറിയിപ്പു നൽകി സുപ്രീംകോടതി; കോടതി ഉത്തരവുണ്ടായിട്ടും എറിക്‌സൺ കമ്പനിക്ക് 550 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ലെന്നതാണ് കേസിനാധാരം. ഇതിൽ കഴിഞ്ഞ കുറേത്തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇടയ്ക്ക് ഹാജരായിരുന്നില്ല. ഒരു മാസത്തിനകം 550 കോടി രൂപ അടച്ചില്ലെങ്കിൽ അംബാനിയെ മൂന്നുമാസം ജയിലിൽ അടയ്ക്കുമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

എറിക്‌സൺ ഇന്ത്യക്കുള്ള പണം നൽകാത്തതിൽ റിലയൻസ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനിയെ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ വിചാരണ ചെയ്തിരുന്നു. കോടതി നിർദ്ദേശിച്ച പണമല്ല, മറിച്ച് 118 കോടി നൽകാമെന്നാണ് റിലയൻസ് നിർദ്ദേശം വച്ചത്. പക്ഷേ ഈ നിർദ്ദേശം എറിക്‌സൺ അംഗീകരിച്ചില്ല. കേസിൽ അനിൽ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായ കപിൽ സിബൽ ആണ്. ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇതിനിടെ അംബാനിക്കെതിരായ കോടതിയലക്ഷ്യക്കേസിൽ ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശക്തമായ താക്കീത് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. എറിക്‌സൺ കമ്പനിക്ക് 
453 കോടി രൂപ പലിശ സഹിതം നൽകണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ആയിരുന്നു ഇത്. ഡിസംബർ 15നകം പണം നൽകാനായിരുന്നു കോടതി വിധി. ഇതുണ്ടായില്ല.

മൊബൈൽ ഉപകരണങ്ങൾ നിർമ്മിച്ച് നൽകിയ ഇടപാടിലെ വീഴ്ചയ്ക്കാണ് നഷ്ടപരിഹാരം എറിക്‌സൺ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഉത്തരവ് അംബാനി പാലിച്ചില്ല. ഇതോടെ എറിക്‌സൺ വീണ്ടും കോടതിയെ സമീപിച്ചു. ഇതെത്തുടർന്നാണ് ഇപ്പോൾ അംബാനിക്കെതിരെ കടുത്ത നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. റാഫേൽ ഇടപാടിൽ മോദി വഴിവിട്ട് പങ്കാളിയാക്കിയെന്ന ആക്ഷേപം കൂടി നേരിടുന്ന അനിൽ അംബാനിക്ക് ഇപ്പോൾ സുപ്രീംകോടതി കർശന നടപടിയുമായി വരുന്നത് ഇരട്ടപ്രഹരമായി മാറുകയാണ്.

അതേസമയം, കേസ് അട്ടിമറിക്കാൻ കോടതി ഉദ്യോഗസ്ഥരെ പോലും ഉപയോഗിച്ചു എന്ന ആക്ഷേപവും അനിൽ നേരിടുന്നുണ്ട്. കോടതി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കോടതിയലക്ഷ്യ വിധിയിൽ തിരിമറി നടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ടെത്തിയതോടെ രണ്ട് ഉദ്യോഗസ്ഥരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പിരിച്ചുവിട്ടിരുന്നു. അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യ കേസിലെ ഉത്തരവ് തിരുത്തിയ കോർട് മാസ്റ്റർമാരായ മാനവ് ശർമ്മ, തപൻകുമാർ ചക്രവർത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയിലെ 311ാം വകുപ്പ് നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ഇരുവരും അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിലുള്ളവരായിരുന്നു.

റിലയൻസ് ജിയോയ്ക്ക് ആസ്തികൾ വിറ്റവകയിൽ 550 കോടി രൂപ നൽകിയില്ലെന്ന എറിക്സൺ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിൽ റിലയൻസ് കോം ഉടമ അനിൽ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ജനുവരി ഏഴിന് ജസ്റ്റിസുമാരായ ആർ എഫ് നിരമാൻ വിനീത് സാറൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എന്നാൽ അന്ന് വൈകീട്ട് സുപ്രീംകോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായാണ് ഉണ്ടായിരുന്നത്.

ഉത്തരവിൽവന്നമാറ്റം എറിക്സൺ ഇന്ത്യയുടെ അഭിഭാഷകൻ പിന്നീട് കോടതിയിൽ ഉന്നയിച്ചു. തുടർന്ന് സുപ്രീംകോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത്. തുറന്ന കോടതിയിലോ ജഡ്ജിമാരുടെ ചേംബറുകളിലോ നടത്തിയ ഉത്തരവുകൾ പുറത്ത് എത്തിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം കോർട്ട് മാസ്റ്റർമാർക്കാണ്. ഇത്തരത്തിൽ ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന രീതിയിലും കോടതി ഈ കേസ് പരിഗണിച്ചുവെന്ന് വേണം കരുതാൻ. ഇതിന്റെ കൂടി ഫലമായാണ് ഇന്ന് ശക്തമായ വിധി അനിൽ അംബാനിക്കെതിരെ ഉണ്ടായിരിക്കുന്നത്. നാലാഴ്ചയ്ക്കകം എറിക്‌സണ് 550 കോടി രൂപ നൽകിയില്ലെങ്കിൽ മൂന്നുമാസത്തേക്ക് ജയിലിൽ അടയ്ക്കാനാണ് കോടതി ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP