Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ വിവാഹ രേഖ ചമച്ച് കോടതിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; ആഭ്യന്തര അന്വേഷണം നടത്താൻ തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി ഉത്തരവ്; ചെക്ക് തുക വിതരണത്തിനും വിലക്ക്

വ്യാജ വിവാഹ രേഖ ചമച്ച് കോടതിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; ആഭ്യന്തര അന്വേഷണം നടത്താൻ തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി ഉത്തരവ്; ചെക്ക് തുക വിതരണത്തിനും വിലക്ക്

അഡ്വ. പി. നാഗ് രാജ്‌

തിരുവനന്തപുരം: വ്യാജ വിവാഹ രേഖ ചമച്ച് മോട്ടോർ വാഹന അപകട നഷ്ടപരിഹാര തുകയായ 22 ലക്ഷം രൂപയിൽ നിന്നും 14 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്താൻ തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി ശിരസ്തദാർ ഉത്തരവിട്ടു. പരാതിയിൽ തീർപ്പുണ്ടാകും വരെ ഇൻഷുറൻസ് കമ്പനി കോടതിയിൽ കെട്ടി വച്ച 22 ലക്ഷം രൂപയ്ക്കുള്ള ചെക്ക് ലീഫുകളുടെ വിതരണം ജഡ്ജി ഇ .എം. സാലിഹ് തടഞ്ഞു വെയ്ക്കാൻ ഉത്തരവിട്ടു.

2012 ജൂലൈ 8 ന് ഉള്ളൂരിൽ വച്ച് വാഹന അപകടത്തിൽ മരണപ്പെട്ട എസ്. എസ്.രഞ്ജിത്ത് ( 22 ) എന്ന യുവാവിന്റെ പേരിൽ കോടതി വിധിച്ച നഷ്ട പരിഹാരത്തുകയാണ് തർക്കം കാരണം ചുവപ്പു നാടയിൽ കുരുങ്ങിയത്. രഞ്ജിത്തിന്റെ പിതാവ്, വഞ്ചിയൂർ മുളവന ബണ്ട് കുന്നുകുഴി റ്റി.സി. 25/368 ൽ ശശിയാണ് പരാതിയുമായി എം.എ.സി.റ്റി.കോടതിയേയും ഹൈക്കോടതിയെയും സമീപിച്ചിരിക്കുന്നത്.

വാഹന അപകട നഷ്ടപരിഹാരമായി എം. എ.സി.റ്റി കോടതി 2018ൽ 13 , 08 , 440 രൂപയും 2012 മുതലുള്ള പലിശയും ചേർത്ത് 22 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി ചെക്കായി കെട്ടിവയ്ക്കാൻ വിധി പ്രസ്താവിച്ചു. അതേ സമയം വഞ്ചിയൂർ കോടതിയിലെ ശശിയുടെ അഭിഭാഷകൻ 13 ലക്ഷം രൂപ നഷ്ടപരിഹാര തുകയായി കോടതി വിധിച്ചിട്ടുണ്ടെന്നും ചെക്ക് അപേക്ഷ ഒപ്പിടാൻ അവകാശികളായ മകനെയും മകളെയുംകൂട്ടി ജൂൺ 29ന് ഉള്ളൂരിലെ വക്കീലാഫീസിലെത്തണമെന്നും കാണിച്ച് ശശിക്ക് കത്തയച്ചു. മറ്റൊരവകാശിയായ ശശിയുടെ ഭാര്യയായ രജ്ഞിത്തിന്റെ മാതാവ് കേസ് വിചാരണക്കിടെ മരണപ്പെട്ടു.

വക്കീലാഫീസിലെത്തിയപ്പോൾ ശശിക്ക് 4 ലക്ഷം , മകന് 2 ലക്ഷം മകൾക്ക് 2 ലക്ഷം എന്നിങ്ങനെയുടെ ചെക്ക് അപേക്ഷകളാണെന്ന് ശശിയെ അറിയിച്ചു. എന്നാൽ ബാക്കി 5 ലക്ഷത്തെപ്പറ്റി ചോദിച്ചപ്പോൾ മരണപ്പെട്ട രഞ്ജിതുകൊല്ലപ്പെട്ട 2012ൽ അശ്വതി എന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അശ്വതിക്കാണ് അഞ്ചുലക്ഷം കോടതി വിധിച്ചിരിക്കുന്നതെന്നുമറിയിക്കുകയായിരുന്നു. എന്നാൽ തന്റെയോ വീട്ടുകാരുടെയോ നാട്ടുകാരുടെയോ അറിവിൽ ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ശശി വ്യക്തമാക്കി. തങ്ങൾ വക്കീലിനെ കേസ് ഏൽപ്പിച്ചപ്പോൾ ഇങ്ങനെയൊരാളുണ്ടായിരുന്നില്ലല്ലോയെന്നും ഇപ്പോൾ എവിടെ നിന്നും വന്നുവെന്നും ചോദിച്ചു. തുടർന്ന് ചെക്ക് അപേക്ഷയിൽ ഒപ്പിടാതെ ശശി മടങ്ങിപ്പോയി കോടതിയിൽ ചെന്ന് വിവരം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത്.

മകൻ രഞ്ജിത് അശ്വതി എന്ന യുവതിയെ വിവാഹം കഴിച്ചതായും അശ്വതി ഭാര്യയാണെന്നും കാണിച്ച് പാങ്ങപ്പാറ വില്ലേജ് ഓഫീസർ നൽകിയതായ ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കി അശ്വതിയെ കേസിൽ ഇതേ അഭിഭാഷകൻ രഹസ്യമായി കക്ഷി ചേർത്തിരിക്കുകയായിരുന്നു. അതേ സമയം വിവാഹ സർട്ടിഫിക്കറ്റോ വിവാഹ രജിസ്റ്ററിന്റെയോ യാതൊരു രേഖകളുമില്ല. അശ്വതിയെ കക്ഷി ചേർക്കാനുള്ള അപേക്ഷക്കൊപ്പം അഭിഭാഷകന്റെ വക്കാലത്തും ഇല്ലായെന്നും കോടതി വൃത്തങ്ങൾ അറിയിച്ചു. വില്ലേജാഫീസർക്ക് ഇത്തരത്തിലൊരു ബന്ധുത്വ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരികതയിൽ അവർ സംശയം പ്രകടിപ്പിച്ചു. ആദിയും അന്തവുമില്ലാത്ത ഇത്തരമൊരു സർട്ടിഫിക്കറ്റ് സംബന്ധിച്ച് തങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലെന്നും കോടതി വൃത്തങ്ങൾ ഞങ്ങളുടെ നിയമ കാര്യ ലേഖകനെ അറിയിച്ചു.

22 ലക്ഷം രൂപയിൽ 8 ലക്ഷം രൂപ ശശിക്കും മകനും മകൾക്കുമായി നൽകിയ ശേഷം ബാക്കി 14 ലക്ഷം രൂപ അശ്വതിയുടെ പേരിൽ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ശശി മാധ്യമങ്ങളുമായി പങ്കുവച്ചത്. അതിനാലാണ് തങ്ങളോട് പലിശയുൾപ്പെടെയുള്ള യഥാർത്ഥ തുകയായ 22 ലക്ഷം രൂപയുടെ കാര്യം അഭിഭാഷകൻ മറച്ചു വച്ച തെന്നും ശശി ആരോപിച്ചു. ഇന്നലെ ഇതേ അഭിഭാഷകൻ അശ്വതിയുടെ പേരിൽ ചെക്ക് അപേക്ഷ സമർപ്പിച്ചു. എന്നാൽ അപേക്ഷ തടഞ്ഞുവച്ചതിന് കോടതിയിലെ ചെക്ക് അപേക്ഷ കൈകാര്യം ചെയ്യുന്ന വനിതാ ക്ലാർക്കിനോട് കയർക്കുകയും ചെയ്തതായി ജീവനക്കാരി ശിരസ്തദാറോട് പരാതിപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP