Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവ്; നിർദ്ദേശം ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത് ചട്ടംലംഘിച്ചെന്ന പരാതി പരിഗണിച്ച്; ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും ജിജിതോംസണിന്റെയും ഇടപെടലും അന്വേഷണ പരിധിയിൽ

ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവ്; നിർദ്ദേശം ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത് ചട്ടംലംഘിച്ചെന്ന പരാതി പരിഗണിച്ച്; ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും ജിജിതോംസണിന്റെയും ഇടപെടലും അന്വേഷണ പരിധിയിൽ

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയെ ആ സ്ഥാനത്ത് നിയമിച്ചതിനെ പറ്റിയും ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിനെപറ്റിയും അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ വിരമിച്ചതിനെ തുടർന്ന ശങ്കർ റെഡ്ഡിയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ ശേഷം പുതിയ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.

ഇദ്ദേഹത്തിന്റേതുൾപ്പെടെ നാലുപേർക്ക് ഡിജിപി തലത്തിൽ സ്ഥാനക്കയറ്റം നൽകിയത് അന്നുതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്കെതിരെയും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണെതിരെയും അന്വേഷണം നടത്താനും കോടതി നിർദേശിച്ചിരിക്കുകയാണിപ്പോൾ. ബാർ കോഴക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ജേക്കബ് തോമസിനെ പോലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചുമതലക്കാരനാക്കിയായിരുന്നു ഈ കള്ളക്കളി. ഇതാണ് വിജിലൻസ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

ഇക്കാര്യത്തിൽ വന്ന പരാതി പരിഗണിച്ച തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇപ്പോൾ ശങ്കർറെഡ്ഡിയുടെ സ്ഥാനക്കയറ്റത്തെപ്പറ്റിയും നിയമനത്തെ പറ്റിയും അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. റെഡ്ഡിയുടെ നിയമനവും സ്ഥാനക്കയറ്റവും ചട്ടം ലംഘിച്ചെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ പ്രാഥമികാന്വേഷണം നടത്തി ഫെബ്രുവരി 15നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നേരത്തേ ബാർ കോഴ കേസ് അട്ടിമറിക്കുന്നതിന് വിജിലൻസ് ഡയറക്ടറായിരിക്കെ കൂട്ടുനിന്നെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ശങ്കർ റെഡ്ഡിയെന്ന ആരോപണവും ഉയർന്നിരുന്നു. ഉത്തരമേഖല എ.ഡി.ജി.പിയായിരുന്ന എൻ. ശങ്കർ റെഡ്ഡിയെ വിജിലൻസ് എ.ഡി.ജി.പിയായി നിയമിച്ചതിലും വിജിലൻസ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് മേധാവി ആക്കിയ സംഭവുമാകും വിജിലൻസ് അന്വേഷിക്കുക.

ഒന്നരമാസം മുമ്പ് പായിച്ചിറ നവാസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഇയാൾ നേരത്തെയും ശങ്കർറെഡ്ഡിക്കെതിരായി ഹർജികൾ സമർപ്പിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട കേസിൽ ഉമ്മൻ ചാണ്ടിക്കും ടോം ജോസിനും അനുകൂലമായ റിപ്പോർട്ട് ശങ്കർറെഡ്ഡി ലോകായുക്തയിൽ നൽകിയതായി ഹർജിയിൽ ആരോപിക്കുന്നു. ഇതിനു പ്രത്യുപകാരമായാണ് സീനിയോറിറ്റി മറികടന്ന് വിജിലൻസ് മേധാവിയായ നിയമിച്ചതെന്നാണ് ഹർജിക്കാരന്റെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് വിജിലൻസിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ശങ്കർറെഡ്ഡി ആരോപണം ഉന്നയിച്ചതും അടുത്തിടെ വാർത്തയായിരുന്നു. ഈ ആരോപണം ഉന്നയിച്ച് എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിന് റെഡ്ഡി കത്തുനൽകുകയും ചെയ്തിരുന്നു. പീഡനം അടക്കമുള്ള കേസുകളിലെ പ്രതിയായ പായിച്ചറ നവാസും വിജിലൻസിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണു തനിക്കെതിരെ വിജിലൻസ് കോടതിയിൽ പരാതി നൽകിയതിനും വിജിലൻസ് വ്യാജ സത്യവാങ്മൂലം നൽകിയതിനും പിന്നിലെന്നും ശങ്കർ റെഡ്ഡി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളൊന്നും വിജിലൻസ് കോടതി പരിഗണിച്ചില്ല. പ്രഥമ ദൃഷ്ട്യാ കുറ്റമുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു.

സോളർ കേസുമായി ബന്ധപ്പെട്ട ചില പരാതികൾ അന്നത്തെ വിജിലൻസ് ഡയറക്ടറായിരുന്ന എൻ.ശങ്കർ റെഡ്ഡി പൂഴ്‌ത്താൻ ശ്രമിച്ചെന്ന പരാതിയിൽ വിജിലൻസിനോടു കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കെയായിരുന്നു റെഡ്ഡി കത്തു നൽകിയത്. തനിക്കെതിരെ പരാതി നൽകിയ പായിച്ചിറ നവാസും വിജിലൻസിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോഴുള്ള കേസുകൾക്കു പിന്നിലെന്നാണു ശങ്കർ റെഡ്ഡിയുടെ പ്രധാന ആരോപണം. ബാർ കോഴക്കേസ് അട്ടിമറിച്ചുവെന്ന നവാസിന്റെ പരാതിയിൽ തനിക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകിയത്, അതിനർഹതയില്ലാത്ത വിജിലൻസിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റാന്റാണ്. അതിൽ പറഞ്ഞിരുന്ന കാര്യങ്ങളും വാസ്തവവുമായി ബന്ധമില്ലാത്തതാണ്. സോളർ കേസിലെ പരാതികൾ കമ്മിഷന്റെ പരിധിയിലായതിനാൽ വിജിലൻസിനു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ കഴിയുമായിരുന്നില്ല.

ഇതാണു സോളറുമായി ബന്ധപ്പെട്ട പരാതികൾ പൂഴ്‌ത്താൻ ശ്രമിച്ചെന്നു വരുത്തി തീർക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ നിയമ നടപടിയുമായി താൻ മുന്നോട്ടു പോകും. തനിക്കെതിരായ പരാതികളിൽ കോടതിയിൽ റിപ്പോർട്ട് നൽകുമ്പോൾ അസത്യം നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ വേണ്ടിയാണ് ഈ കത്തെന്നും ശങ്കർ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥനായ റെഡ്ഡിക്കെതിരെ വിജിലൻസ് കോടതി തന്നെ അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP