Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരമിക്കും മുൻപ് പ്രധാന വിഷയങ്ങളിൽ എല്ലാം വിധി പറയാൻ ജസ്റ്റിസ് ദീപക് മിശ്രയുടെ തിരക്കിട്ട ശ്രമം; ശബരിമലയിലെ സ്ത്രീ പ്രവേശനവും ആധാർ കേസും ബാബറി മസ്ജിദ് കേസും വിവാഹേതര ലൈംഗിക ബന്ധക്കേസും അടക്കം ഒരു മാസത്തിനകം വിധി വരാനിരിക്കുന്നത് ഒട്ടേറെ സുപ്രധാന കേസുകളിൽ

വിരമിക്കും മുൻപ് പ്രധാന വിഷയങ്ങളിൽ എല്ലാം വിധി പറയാൻ ജസ്റ്റിസ് ദീപക് മിശ്രയുടെ തിരക്കിട്ട ശ്രമം; ശബരിമലയിലെ സ്ത്രീ പ്രവേശനവും ആധാർ കേസും ബാബറി മസ്ജിദ് കേസും വിവാഹേതര ലൈംഗിക ബന്ധക്കേസും അടക്കം ഒരു മാസത്തിനകം വിധി വരാനിരിക്കുന്നത് ഒട്ടേറെ സുപ്രധാന കേസുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി ഒഴിയാൻ ഒരുമാസം ബാക്കി നിൽക്കെ നിരവധി സുപ്രധാന കേസുകളിലാണ് ദീപക് മിശ്രയ്ക്ക് വിധി പറയേണ്ടത്. അതിൽ പലതും ചരിത്രമാകും എന്നതാണ് മറ്റൊരു വസ്തുത. വാദം പൂർത്തിയാക്കിയ ഒട്ടേറെ കേസുകളിൽ ഒക്ടോബർ രണ്ടിന് മുൻപ് ദീപക് മിശ്രയ്ക്ക് വിധി പറയേണ്ടതുണ്ട്. ആധാർ കേസും ശബരിമലയും ഉൾപ്പെടെയുള്ള കേസുകളാണ് അവ.

ശബരിമലയിൽ പത്തിനും അൻപതിനുമിടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തന്ത്രികുടുംബത്തിന്റെയും എതിർപ്പുകളെ സുപ്രീംകോടതി ഭരണഘടനാബെഞ്ച് മാനിക്കുമോയെന്ന് ഒരുമാസത്തിനകം അറിയാം. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദമാണു സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത്. വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്നും വിശ്വാസത്തിന്റെ വിശ്വാസ്യതയെ മാത്രമെ ചോദ്യം ചെയ്യാൻ കഴിയുകയുള്ളുവെന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചിരുന്നു.

പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കു വിവേചനം ഏർപ്പെടുത്തുന്നതിനെ അതിശക്തമായ ഭാഷയിലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ആർ.എഫ്. നരിമാനും ചോദ്യം ചെയ്തത്. അത്യന്താപേക്ഷിതമായ ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ നിരാകരിക്കാൻ കഴിയില്ലെന്നും ജഡ്ജിമാർ നിലപാടെടുത്തു. അഞ്ചംഗബെഞ്ചിൽ ഒരു വനിതാ ജഡ്ജിയുമുണ്ട്, ഇന്ദു മൽഹോത്ര. സ്ത്രീപ്രവേശനത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നുവെന്നതു പ്രധാനമാണ്.

രാജ്യത്തെ 95% പേരും ആധാർ കാർഡ് എടുത്ത സാഹചര്യത്തിൽ സുപ്രീംകോടതി വിധി നിർണായകമാണ്. സ്വകാര്യതയ്ക്കു നേരേയുള്ള കടന്നുകയറ്റമാണ് ആധാറെന്ന വാദം ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുമോയെന്നതാണു പ്രധാനചോദ്യം. സ്വകാര്യത മൗലികാവകാശമാണെന്ന് അംഗീകരിച്ചതിന്റെ വെളിച്ചത്തിൽ കോടതി ആധാർവിഷയത്തെ എങ്ങനെ സമീപിക്കുമെന്നതാണു പ്രധാനം. സർക്കാർ പദ്ധതികളുടെ ആനുകൂല്യം ഇടനിലക്കാർ തട്ടിയെടുക്കാതെ നേരിട്ടു ജനങ്ങൾക്കു ലഭ്യമാക്കുന്നതിനാണ് ആധാർ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നു കേന്ദ്രം വാദിക്കുന്നു. ആധാർ വിവരങ്ങൾ സുരക്ഷിതമാണോയെന്നു കോടതി പ്രകടിപ്പിച്ച ആശങ്ക നിലനിൽക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് അടക്കം കാര്യങ്ങൾക്കു ഡേറ്റ ഉപയോഗിക്കപ്പെടുമോയെന്ന സന്ദേഹവും വാദത്തിനിടെ കോടതി പങ്കുവച്ചിരുന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുമോയെന്നും കോടതി വിധിയിലൂടെ വ്യക്തമാകും. സദുദ്യേശത്തോടെ കൊണ്ടുവന്ന ആധാർ പദ്ധതി, ബിജെപി സർക്കാർ അട്ടിമറിച്ചുവെന്ന ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാകും സുപ്രീംകോടതി വിധി.

ബാബറി മസ്ജിദ് തർക്കത്തിൽ അന്തിമവിധി ദീപക് മിശ്രയിൽ നിന്നുണ്ടാകില്ല. പക്ഷേ, വിഷയം ഭരണഘടനാ ബെഞ്ചിനു വിടണമെന്ന സുന്നി വഖഫ് ബോർഡിന്റെ ആവശ്യത്തിൽ വിധി വന്നേക്കും. ഭരണഘടനാ ബെഞ്ചിലേക്കു പോയാൽ വെറും സ്വത്തുതർക്കം എന്നതിൽനിന്നു രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ കേസ് ഉയർത്തപ്പെടും.

സുപ്രീംകോടതിയുടെ വാതിലിൽ മുട്ടിയ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് എന്തു മറുപടി നൽകും? ഇന്ത്യൻ സമൂഹം സ്വവർഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനമാണു പുലർത്തുന്നതെന്ന് വാദത്തിനിടെ കോടതി ശരിവച്ചിരുന്നു. സമൂഹത്തിന്റെ മനോഭാവം കാരണം തങ്ങളുടെ യഥാർഥ ലൈംഗിക അഭിരുചി വെളിപ്പെടുത്താൻ പലർക്കും സാധിക്കുന്നില്ല. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണു കോടതി പ്രവർത്തിക്കുന്നതെന്ന ദീപക് മിശ്രയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. സ്വവർഗരതി കുറ്റകരമായി കാണുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പു റദ്ദാക്കിയാൽ തന്നെ പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നു ലൈംഗിക ന്യൂനപക്ഷങ്ങൾ പറയുന്നു.

വിവാഹേതരബന്ധക്കേസുകളിൽ സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാൽപര്യ ഹർജിയിലും ദീപക് മിശ്രയുടെ ബെഞ്ച് വിധി പറഞ്ഞേക്കും. പങ്കാളിക്കൊപ്പം ഉറച്ചുനിൽക്കണമെന്നു നിർബന്ധിക്കാൻ ഭരണകൂടത്തിനാകില്ലെന്ന കൃത്യമായ സൂചന കോടതി നൽകിയിട്ടുണ്ട്. വിവാഹബന്ധത്തിനു പുറത്തു രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്നു ചോദിച്ചതു വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ്. വിവാഹേതരബന്ധങ്ങൾ കുറ്റകൃത്യമാണെന്നാണു കേന്ദ്രസർക്കാർ നിലപാട്.

ഇതിനു പുറമെ സർക്കാർ സർവീസിലെ സ്ഥാനക്കയറ്റത്തിനു സംവരണം ഏർപ്പെടുത്തണം, ക്രിമിനൽ കേസുകളിൽ പ്രതികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പുകളിൽനിന്നു വിലക്കണം, കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യണം തുടങ്ങി ഒരുപിടി കേസുകളിലും വിധി വന്നേക്കും. ഇതിൽ മിക്ക കേസുകളിലും മലയാളികളാണു കക്ഷികളെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP