Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ

ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കടുത്ത ഭീതിയിലാണ്. കേസിൽ വിചാരണ ഏതു തുടങ്ങിയാൽ തനിക്ക് രക്ഷപെടാൻ പഴുതൊന്നുമിലല്ലെന്ന് അദ്ദേഹം തിരിച്ചിറിഞ്ഞു കഴിഞ്ഞു. ബലാത്സംഗ കേസിൽപെട്ട് അഴിയെണ്ണേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന ഘട്ടമാണ്. ഈ ഘട്ടത്തിൽ മറ്റു മാർഗ്ഗങ്ങളില്ലാത്തതു കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യവുമായി രംഗത്തെത്തിയത്. ഈ വിഷയത്തിൽ പൊലീസിനെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയ ദിലീപിനോട് വിട്ടുവീഴ്‌ച്ച വേണ്ടെന്ന കർശന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ ഇന്ന് ഹൈക്കോടതിയിൽ സർക്കാർ കർശന നിലപാട് സ്വീകരിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നടൻ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിച്ചു. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. ഹൈക്കോടതിയിലാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. അതേസമയം വിഷയത്തിൽ സർക്കാറിന്റെ നിലപാട് അറിയാൻവേണ്ടി സിബിഐക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു.. ജൂലൈ നാലിന് നിലപാട് അറിയിക്കണം എന്ന് ഹൈക്കോടതി അറിയിച്ചു.

ഇതേസമയം, ദിലീപിന്റെ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സിബിഐ കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുമ്പ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയായ തന്നെ കേസിൽ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ഹർജിയിൽ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽനിന്നും കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് ദിലീപിന് രക്ഷപെടാൻ പഴുതില്ലെന്നാണ് മുതിർന്ന അഭിഭാഷകർ അടക്കം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ കേരളാ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തെ താരം ഭയക്കുന്നു.

അഴിക്കുള്ളിൽ നിന്ന് പുറത്തറിങ്ങിയ ദിലീപ് പുതിയ നിയമവഴികൾ തേടുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപിന്റെ പക്ഷം. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണ്. തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എഡിജിപി സന്ധ്യ നടത്തിയ കരുനീക്കമാണ് തന്നെ കേസിൽ കുടുക്കിയത്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തകരാറുകൾ ഏറെ സംഭവിച്ചിട്ടുണ്ട്. താൻ നൽകിയ പരാതിയിൽ അന്വേഷണം വേണം. ഇതാണ് ദിലീപിന്റെ ആവശ്യം. പൾസർ സുനിക്ക് പിന്നിലെ വ്യക്തികളെ പുറത്തു കൊണ്ടു വന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ദിലീപിന്റെ നീക്കം.

പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. റൂറൽ എസ്‌പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും കത്തിൽ ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. പിന്നീട് എവി ജോർജ് വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ കുടുങ്ങി. ഇതോടെയാണ് കോടതിയെ സമീപിക്കാൻ ദിലീപ് തീരുമാനിച്ചത്.

ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിരുന്നു. ആ വാദങ്ങൾ തന്നെയാകും ദിലീപ് ഹൈക്കോടതിയിലും ഉയർത്തുക. 2017 ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കത്തിൽ പറയുന്നു. പൾസർ സുനിയെ അറിയില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ പരാതി.

ഇക്കാര്യത്തിൽ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തി വീണ്ടും അന്വേഷണം നടത്തണം. കേസ് സിബിഐക്കു വിടുകയോ ഇവരെ ഉൾപ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയോട് ദിലീപ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് കോടതിയിൽ എത്തുന്നത്. കേസിൽ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളിൽ നാലു സമയങ്ങളിലാണ്. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള 'ആലബൈ' വാദത്തിനു കുറ്റപത്രത്തിൽ തന്നെ പാഠഭേദം ഒരുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ തെളിവുനിയമത്തിലെ 11ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്. ഇതും ദിലീപ് ചർച്ചയാക്കും. കേസിൽ റിമാൻഡിലായിരുന്ന ദിലീപ്, 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ദിലീപിനൊപ്പം അടിയുറച്ച് നിന്നവരിൽ പ്രധാനി നിർമ്മാതാവ് സുരേഷ് കുമാറാണ്. സുരേഷ് കുമാറിന് ബിജെപിയുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ഗുണകരമാക്കി മാറ്റി സിബിഐയെ നേരറിയാൻ എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഇതിനായുള്ള നിയമപോരാട്ടത്തിന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനേയും എത്തിക്കാൻ സാധ്യതയുണ്ട്. നിലവിൽ അഡ്വക്കേറ്റ് രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ.

അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ പകർത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം ചർച്ചയാക്കാനും കേസിൽ സിബിഐ അന്വേഷണം സാധ്യമാക്കാനുമാണ് നീക്കം. ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രിൽ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണൽ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടന്നില്ല. പകരം തന്നെ കുറ്റവാളിയാക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്.

പൾസർ സുനി ഫോൺ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നൽകിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ദിലീപിന്റെ ഈ വെളിപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ടതിനുശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചില്ല. നടിയെ ാക്രമിച്ച കേസിൽ അന്വേഷണ സംഘത്തലവൻ ദിനേന്ദ്ര കശ്യപാണെങ്കിലും അദ്ദേഹത്തെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്. ഇതിനു പിന്നിലും മറ്റെന്തോ ലക്ഷ്യമുണ്ടായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദിലീപ് പറയുന്നു. ഇതെല്ലാം ഉയർത്തി സിബിഐ അന്വേഷണം എത്തിച്ച് പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനാണ് നീക്കം. പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിബിഐയെ എത്തിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP