Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയെ ആക്രമിച്ച കേസിലെ വിചാരണ തുടങ്ങാതിരിക്കാൻ ദിലീപ് നടത്തുന്ന ചരടുവലികൾ വീണ്ടും വിജയിച്ചു; പല തവണ അനാവശ്യ ഹർജികൾ നൽകി തടസം ഉന്നയിച്ചിട്ടും ഹൈക്കോടതി ക്ലിയറൻസ് നൽകിയപ്പോൾ സുപ്രീം കോടതിയെ ഉപയോഗിച്ച് വീണ്ടും സമയം നീട്ടി; മെമ്മറി കാർഡ് ചോദിച്ചു നൽകിയ ഹൈക്കോടതി നിരസിച്ച കേസിൽ അപ്പീൽ സുപ്രീംകോടതി ജനുവരി 21ന് പരിഗണിക്കും വരെ വിചാരണ തുടങ്ങാനാവില്ല

നടിയെ ആക്രമിച്ച കേസിലെ വിചാരണ തുടങ്ങാതിരിക്കാൻ ദിലീപ് നടത്തുന്ന ചരടുവലികൾ വീണ്ടും വിജയിച്ചു; പല തവണ അനാവശ്യ ഹർജികൾ നൽകി തടസം ഉന്നയിച്ചിട്ടും ഹൈക്കോടതി ക്ലിയറൻസ് നൽകിയപ്പോൾ സുപ്രീം കോടതിയെ ഉപയോഗിച്ച് വീണ്ടും സമയം നീട്ടി; മെമ്മറി കാർഡ് ചോദിച്ചു നൽകിയ ഹൈക്കോടതി നിരസിച്ച കേസിൽ അപ്പീൽ സുപ്രീംകോടതി ജനുവരി 21ന് പരിഗണിക്കും വരെ വിചാരണ തുടങ്ങാനാവില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങാതിരിക്കാൻ ദിലീപ് നടത്തുന്ന ചരടുവലികൾ വീണ്ടും വിജയിക്കുന്നു. പലതവണ അനാവശ്യ തടസഹർജി നൽകി ഹൈക്കോടതിയെ സമീപിച്ച് വിചാരണാ നടപടികൾ നീട്ടിക്കൊണ്ടുപോയ നടൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു കൊണ്ട് കേസ് നീണ്ടിക്കൊണ്ടു പോകുന്നതിൽ വിജയിച്ചിരിക്കയാണ്. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പുള്ള മെമ്മറി കാർഡ് ആവശ്യപ്പെട്ട് പലതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികളെല്ലാം തള്ളിയപ്പോഴാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസ് വീണ്ടും പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസം 23 നു പരിഗണിക്കാൻ മാറ്റി. ഇതോടെ അതുവരെ വിചാരണാ കോടതിയിൽ ഹാജരാകാതെ രക്ഷപെടാനുള്ള അവസരമാണ് നടനെ തേടി എത്തിയത്.

ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിവെച്ചത്. കേസിൽ ഈ മാസം 18ന് കുറ്റം ചുമത്താൻ വിചാരണക്കോടതി തീരുമാനിച്ചിട്ടുണ്ടെന്നും അതു തടഞ്ഞുള്ള ഇടക്കാല ഉത്തരവു വേണമെന്നും ദിലീപിനുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു. എന്നാൽ, 18ന് കുറ്റം ചുമത്താൻ തീരുമാനമില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹരേൻ പി.റാവൽ വാദിച്ചു. തുടർന്ന്, വിചാരണക്കോടതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്ലാതെ കേസ് മാറ്റി.

നേരത്തെ കേസ് പരിഗണിക്കവേ നടി ആക്രമിക്കപ്പട്ട കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണോ പ്രധാന തർക്കവിഷയമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി ചോദിച്ചത്. മെമ്മറി കാർഡ് പ്രതികളിൽ നിന്നും കണ്ടെടുത്ത തൊണ്ടി മുതൽ ആണെന്നും അത് പ്രതിയായ ദിലീപിന് കൈമാറാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് എടുത്തു. വിഷയത്തിൽ വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കേസിൽ തനിക്കെതിരെ പൊലീസ് സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും പകർപ്പ് ലഭിച്ചാൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നുമാണ് ദിലീപിന്റ വാദം. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ മെമ്മറി കാർഡ് ഉൾപ്പൈടയുള്ള രേഖകൾ പ്രതിക്ക് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതെ തുടർന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തിൽ പെടുന്നതാണെന്നും ക്രിമിനൽ നടപടി ചട്ടപ്രകാരം അതിന്റെ പകർപ്പിന് ഹർജിക്കാരന് അവകാശമുണ്ടെന്നും ദിലിപീനു വേണ്ടി മുകുൾ റോഹത്ഗി വാദിച്ചു. മെമ്മറി കാർഡ് തൊണ്ടിമുതലിന്റെ ഗണത്തിൽ പെടുന്നതാണെന്നും ഹർജിക്കാരനു നൽകാനാവില്ലെന്നും സർക്കാരിനുവേണ്ടി ഹരേൻ പി.റാവൽ വാദിച്ചു. മെമ്മറി കാർഡ്, കേസിലെ തൊണ്ടി തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയത്.

മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് കേസിന്റെ പ്രാഥമിക വാദത്തിനിടെ സുപ്രീം കോടതി ആരാഞ്ഞിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാർഡ് കിട്ടിയാൽ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി വാദിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്ന് മുകുൾ രോഹ്തഗി വാദിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് എങ്ങനെ നൽകാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ മെയിൽ ആണെങ്കിൽ പ്രിന്റ് എടുക്കാം. ദൃശ്യങ്ങൾ എങ്ങനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു. സിആർപിസി 207 പ്രകാരം മെമ്മറി കാർഡിന്റെ പകർപ്പ് നൽകാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് രോഹ്തഗി മറുപടി നൽകി. മെമ്മറികാർഡ് രേഖയല്ലെ, അത് പുറത്തുവിട്ടാൽ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെൻസിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോൾ നൽകാൻ ആകില്ലെന്ന ഹൈക്കോടതി തീർപ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു.

നടിയെ ആക്രമിച്ച കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങൾ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനാണ് പ്രതികൾ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് പുറത്ത് വന്നാൽ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയിൽ പോയത്.

അതിനിടെ വിചാരണാ നടപടികൾ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങിയിരുന്നു. കേസിലെ ഏട്ടാം പ്രതിയായ ദിലീപ് അടക്കം പത്തു പ്രതികൾ കോടതിയിൽ ഹാജരായ സാഹചര്യവും ഉണ്ടായി. ഇതിന് ശേഷം പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. നേരത്തെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. രഹസ്യ വിചാരണയും അതിവേഗ വിചാരണ വേണമെന്നും ആക്രമിക്കപ്പെട്ട നടി കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിരിന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP