Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയെ ആക്രമിക്കാൻ താരരാജാവ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ; പിടിച്ചാൽ മൂന്ന് കോടി നൽകാമെന്നും പ്രതിക്ക് വാഗ്ദാനം നൽകി; ക്വട്ടേഷൻ വിജയിച്ചിരുന്നുവെങ്കിൽ കിട്ടുമായിരുന്നത് 65ലക്ഷത്തിന്റെ ലാഭം; അഴിക്കുള്ളിൽ കിടന്നും സാക്ഷിയെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചു; ദിലീപിന്റെ ജാമ്യഹർജിയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ; കേസിൽ വിധി ഇന്നുണ്ടാകില്ല; രാമലീല തിയേറ്ററിലെത്തുമ്പോൾ നായകൻ അഴിക്കുള്ളിൽ തന്നെ

നടിയെ ആക്രമിക്കാൻ താരരാജാവ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ; പിടിച്ചാൽ മൂന്ന് കോടി നൽകാമെന്നും പ്രതിക്ക് വാഗ്ദാനം നൽകി; ക്വട്ടേഷൻ വിജയിച്ചിരുന്നുവെങ്കിൽ കിട്ടുമായിരുന്നത് 65ലക്ഷത്തിന്റെ ലാഭം; അഴിക്കുള്ളിൽ കിടന്നും സാക്ഷിയെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചു; ദിലീപിന്റെ ജാമ്യഹർജിയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ; കേസിൽ വിധി ഇന്നുണ്ടാകില്ല; രാമലീല തിയേറ്ററിലെത്തുമ്പോൾ നായകൻ അഴിക്കുള്ളിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഇന്ന് തന്നെ ജാമ്യാപേക്ഷയിൽ വിധിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരങ്ങൾ. അങ്ങനെ വന്നാൽ രാമലീല സിനിമയുടെ റിലീസിന് മുമ്പ് ദിലീപിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി വരും. രാമലീല തിയേറ്ററിൽ കാണാനുള്ള മോഹവുമായാണ് ദിലീപ് ഹൈക്കോടതിയിൽ മൂന്നാമത്തെ ജാമ്യാപേക്ഷ സമർപ്പിച്ചത്. നാളെയാണ് രാമലീലയുടെ റിലീസ്. 12 ദിവസം കൂടി കഴിഞ്ഞാൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. ഇപ്പോൾ ജാമ്യം ലഭിച്ചില്ലെങ്കിൽ വിചാരണ കഴിയുന്നതുവരെ ദിലീപിന് ജയിലിൽ തുടരേണ്ടതായി വരും.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പൂർത്തിയാകാറായില്ലേ എന്ന് കോടതി പ്രോസിക്യുഷനോട് ആരാഞ്ഞു. അന്വേഷണം ഏറെക്കുറെ പൂർത്തിയായി എന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രധാന സാക്ഷികളുടെ രഹസ്യമൊഴി എടുത്തുകഴിഞ്ഞല്ലേ എന്നായിരുന്നു കോടതിയുടെ രണ്ടാമത്തെ ചോദ്യം. രഹസ്യമൊഴികൾ എടുത്തുകഴിഞ്ഞുവെന്ന് പ്രോസിക്യുഷൻ അറിയിച്ചു. .ചുരുക്കും ചില കാര്യങ്ങൾ കൂടിയാണ് പൂർത്തിയാകാനുള്ളതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ, രേഖകൾ എന്നിവ സമാഹരിക്കാനുണ്ട്. ഗൂഢാലോചന കേസിൽ അന്വേഷണം പൂർത്തിയായാലും മൊബൈൽ ഫോണിനായി അന്വേഷണം തുടരുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 90 ദിവസം പൂർത്തിയാകുന്നതോടെ കുറ്റപത്രം സമർപ്പിക്കുമെന്നും പ്രോസിക്യുഷൻ വ്യക്തമാക്കി.

നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് നൽകിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് പിടിച്ചാൽ മൂന്നുകോടി നൽകാമെന്നും ദിലീപ് പൾസർ സുനിയോടു പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം ക്വട്ടേഷൻ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പൾസർ സുനി പദ്ധതിയിട്ടിരുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടർന്നാണ് കോടതിയിൽ കീഴടങ്ങിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ഇക്കാര്യങ്ങൾ പൾസർ സുനി സഹതടവുകാരൻ വിപിൻലാലിനോട് പറഞ്ഞതായാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. വിപിൻലാലിന്റെ വിശദമായ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു. നിർണായക വാദഗതികളാണ് പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. ക്വട്ടേഷൻ വിജയിച്ചിരുന്നുവെങ്കിൽ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പൾസർ സുനി സഹതടവുകാരനോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പൾസർ സുനിയുമായി ബന്ധപ്പെട്ട നിർണായകമായ സാക്ഷിയെ ദിലീപ് ജയിലിൽ കിടന്നപ്പോഴും സ്വാധീനിക്കാൻ ശ്രമം നടന്നു. ഇക്കാര്യത്തിൽ തങ്ങൾക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറയുന്നു. ഇവയെല്ലാം പരിഗണനയിലെടുത്ത് ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. സിനിമാ മേഖലയിൽ നിന്നുള്ളവരെയും പൾസർ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെയും വരെ സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു സാക്ഷിയുടെ കാര്യത്തിൽ പൊലീസിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. രഹസ്യമൊഴി നൽകിയ സാക്ഷിയെ അടക്കം സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന വിവരവുമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാൻ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാൻ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ ശക്തമായ നിലപാട് എടുത്തത്. ഡിജിപി മഞ്ചേരി ശ്രീധരൻ നായരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. കേസിൽ കുറ്റപത്രം നൽകുന്നതിനു മുമ്പ് പുറത്തിറങ്ങാനുള്ള അവസാന അവസരമായാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം നൽകണമെന്നു ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തന്നെ വിചാരണ തടവുകാരനായി ഇടനാണ് പൊലീസിന്റെ നീക്കമെന്നും ദിലീപ് ആരോപിച്ചിരുന്നു. സോപാധികമായി ജാമ്യം നൽകണമെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുന്ന ഒന്നും ചെയ്യില്ലെന്നും ദിലീപ് ഉറപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP