Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്; പിന്നെ എന്തടിസ്ഥാനത്തിലാണ് ദിലീപിനെതിരെ തൽക്കാലം കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത്? ചോദ്യശരങ്ങളുമായി സർക്കാരിനെ മുൾമുനയിൽ നിർത്തി ഹൈക്കോടതി; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ വിമർശനം സർക്കാരിന് വൻതിരിച്ചടി; സുപ്രീം കോടതിയിൽ പ്രതിഭാഗവുമായി ചേർന്നുള്ള നിലപാട് മാറ്റം വിചാരണ കോടതി കേസ് പരിഗണിക്കാനിരിക്കെ

കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്; പിന്നെ എന്തടിസ്ഥാനത്തിലാണ് ദിലീപിനെതിരെ തൽക്കാലം കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത്? ചോദ്യശരങ്ങളുമായി സർക്കാരിനെ മുൾമുനയിൽ നിർത്തി ഹൈക്കോടതി; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ വിമർശനം സർക്കാരിന് വൻതിരിച്ചടി; സുപ്രീം കോടതിയിൽ പ്രതിഭാഗവുമായി ചേർന്നുള്ള നിലപാട് മാറ്റം വിചാരണ കോടതി കേസ് പരിഗണിക്കാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിൽ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണെന്നും പരാമർശിച്ചു. ചൊവ്വാഴ്ചയാണ് ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്നും ഇക്കാര്യത്തിൽ പ്രതിഭാഗവുമായി ധാരണയിലായെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണകോടതിയോട് സർക്കാരും പ്രതിഭാഗവും കുറ്റം ചുമത്തരുതെന്ന് ഒന്നിച്ചു ആവശ്യപ്പെടാനാണ് ഈ ധാരണയിലെത്തിയത്.

ഹർജികളിൽ തീരുമാനം ഉണ്ടാകുന്നതുവരെ ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. വിഷയത്തിൽ പ്രതിഭാഗവുമായി ധാരണയായതായും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ച് കേസ് മാറ്റിവെക്കണമെന്നു ആവശ്യപ്പെടുമെന്നും സർക്കാർ വ്യക്തമായിരുന്നു. കേസ് ബുധനാഴ്ച വിചാരണ കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ പുതിയ നീക്കം.

തനിക്കെതിരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട നടൻ ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്. സർക്കാർ-പ്രതിഭാഗ ധാരണ സുപ്രീം കോടതി രേഖപ്പെടുത്തിയിരുന്നു. അതിനിടെ കുറ്റം ചുമത്തൽ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മെയ്‌ ഒന്നിലേക്ക് കോടതി മാറ്റി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

വിചാരണ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കുറ്റം ചുമത്തുന്ന നടപടികൾ തടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് ദിലീപിന്റെ വാദം. അതിനെ സഹായിക്കും വിധമുള്ള വാദമാണ് സർക്കാരും സുപ്രീംകോടതിയിൽ ഉന്നയിച്ചതെന്നാണ് ആക്ഷപം.

ദൃശ്യങ്ങൾ നടന് കൈമാറിയാൽ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയിൽ മൊഴി നൽകാൻ സാധിക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. മെമ്മറികാർഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും വാദമുണ്ട്. എന്നാൽ അത് അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഹർജിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

നിലവിൽ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നൽകിയെങ്കിലും മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയില്ല. ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ദിലീപ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇരുകോടതികളും ദിലീപിന്റെ ഹർജി തള്ളി. തുടർന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP