Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാസർകോട്ടെ എൻഡോസൾഫാൻ നഷ്ടപരിഹാരം: 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടാൻ കോടതിയെ സമീപിച്ച് സർക്കാർ; കേസ് ഇരകൾക്ക് സർക്കാർ നൽകിയ തുക കമ്പനികളിൽ നിന്നും വാങ്ങിയെടുക്കാൻ; തുക തിരിച്ചുപിടിക്കാൻ സമീപിച്ചത് തിരുവനന്തപുരം സബ്‌കോടതിയെ

കാസർകോട്ടെ എൻഡോസൾഫാൻ നഷ്ടപരിഹാരം: 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടാൻ കോടതിയെ സമീപിച്ച് സർക്കാർ; കേസ് ഇരകൾക്ക് സർക്കാർ നൽകിയ തുക കമ്പനികളിൽ നിന്നും വാങ്ങിയെടുക്കാൻ; തുക തിരിച്ചുപിടിക്കാൻ സമീപിച്ചത് തിരുവനന്തപുരം സബ്‌കോടതിയെ

പി.നാഗ് രാജ്‌

തിരുവനന്തപുരം : കാസർഗോഡ് ജില്ലയെ ദുരിതക്കയത്തിലാഴ്‌ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ 15 നിർമ്മാണ കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച കേസ് തിരുവനന്തപുരം സബ് കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായി അഡീ.ഗവ. പ്ലീഡറും പ്രോസിക്യൂട്ടറുമായ സി.എ.നന്ദകുമാർ മുഖേനയാണ് നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തത്. ഒറിജിനൽ സ്യൂട്ട് 2 / 2019 നമ്പരായാണ് സിവിൾ നടപടി കോഡിലെ വകുപ്പ് 26 പ്രകാരം സമർപ്പിച്ച കേസ് കോടതി ഫയലിൽ സ്വീകരിച്ചത്.

എൻഡോസൾഫാൻ നിർമ്മാണ കമ്പനികളായ ബെയർ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയർ, ഭാരത് പൾവേർസിങ് മിൽസ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാർഡമം പ്രോസസ്സിങ് ആൻഡ് മാർക്കറ്റിങ്, കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കിൽപെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിൻ ആഗ്രോ കെമിക്കൽസ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കർണ്ണാടക ആന്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മധുസൂധൻ ഇൻഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റൽ ആഗ്രോ കെമിക്കൽസ് ലിമിറ്റഡ്, ഷാ വാലസ് ആൻഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്നിവരെ 1 മുതൽ 16 വരെ പ്രതികളാക്കിയാണ് കേസ്.

ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജതിർത്തിക്കകമായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലിൽ സ്വീകരിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിൽ കാസർഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എൻഡോസൾഫാൻ തളിച്ചത്. 2000 - 2001 വർഷം വരെയാണ് കീടനാശിനി തളിച്ചത്. വിഷാംശം ശ്വസിച്ച ജനങ്ങൾ പലരും മരണപ്പെടുകയും അനവധി പേർക്ക് അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തു. കൂടാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ അംഗ ഭംഗങ്ങളുണ്ടാകുകയും മരണത്തോടും ജീവിതത്തോടും മല്ലിട്ട് ഭിന്നശേഷിക്കാരായും ജീവ ശ്ച്ചവമായി മാറുകയും ചെയ്തു.

മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവർക്ക് 3 ലക്ഷം രൂപ വീതവുമാണ് സർക്കാർ നേരിട്ട് നഷ്ടപരിഹാരം നൽകിയത്. ഇപ്രകാരം സർക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിൾ കേസുമായി സർക്കാർ കോടതിയെ സമീപിച്ചത്.പതിനാറാം പ്രതിയായ പ്ലാന്റേഷൻ  കോർപ്പറേഷനിൽ നിന്നും സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല. സിവിൾ നിയമപ്രകാരം അവശ്യ കക്ഷിയായി മാത്രം പ്രതിസ്ഥാനത്ത് ചേർത്തതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP