Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ തെരഞ്ഞെടുപ്പിനു നേതാക്കളുടെ കീശ വീർപ്പിക്കുന്നതു ബാറുടമകൾക്കു പകരം പാറമട ഉടമകൾ; അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ; വെളിയിൽ വരുന്നതു പാറമട ലോബിയുടെ കരുത്ത്‌

ഈ തെരഞ്ഞെടുപ്പിനു നേതാക്കളുടെ കീശ വീർപ്പിക്കുന്നതു ബാറുടമകൾക്കു പകരം പാറമട ഉടമകൾ; അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ; വെളിയിൽ വരുന്നതു പാറമട ലോബിയുടെ കരുത്ത്‌

ന്യൂഡൽഹി: ബാർ കോഴ വിവാദം കത്തിപ്പടർന്നതോടെ തെരഞ്ഞെടുപ്പിൽ കീശ വീർപ്പിക്കാൻ വഴിയടഞ്ഞ നേതാക്കൾക്കു മുന്നിലുള്ളത് പാറമട ഉടമകളോ? അതെയെന്നു വേണം സർക്കാരിന്റെ പുതിയ നീക്കം കാണുമ്പോൾ കരുതേണ്ടത്.

അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. പാറമടകളുടെ കാര്യത്തിൽ ഹൈക്കോടതി ഉത്തരവു മറികടക്കാനാണു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക് പോകുന്നത്.

പാറമട ലോബിയുടെ കരുത്ത് വെളിയിൽവരുത്തുന്നതു തന്നെയാണു പുതിയ സംഭവവികാസം. സംസ്ഥാനത്തെ അഞ്ച് ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ പരിസ്ഥിതി അനുമതി വേണമെന്നു നേരത്തെ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

എന്നാൽ, ഇതിനെതിരെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുകയാണു സർക്കാർ. ഹൈക്കോടതി ഉത്തരവ് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന വാദം ഉയർത്തിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ, ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പാറമട ഉടമകൾ ഹർജി നൽകിയിരുന്നു. എന്നാൽ, ഹർജിയിൽ ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് സർക്കാർ തന്നെ നേരിട്ടു പാറമടകൾക്ക് വേണ്ടി സുപ്രീംകോടതിയിൽ എത്തിയത്. നിലവിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം

ഭരണഘടനാലംഘനമാണു സർക്കാർ നിലപാട് എന്നു വ്യക്തമാക്കിയാണു കേസ് സ്‌റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഖനന ലൈസൻസ് വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇതൊക്കെ മറികടന്നാണു സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ നീക്കം.

ക്വാറി ലൈസൻസിന് സർക്കാർ നൽകിയ ഇളവാണ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയത്. ഖനന ലൈസൻസ് വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിനെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതെല്ലാം മറികടന്നു സർക്കാർ പാറമട ഉടമകൾക്കു വേണ്ടി മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പു കാലത്തു പോക്കറ്റ് വീർപ്പിക്കുക എന്ന ഉദ്ദേശ്യം ഒന്നു മാത്രമാണെന്നാണു വിലയിരുത്തൽ. ബാറുടമകൾ കേസും കൂട്ടവുമായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെ ആ മേഖലയിൽ നിന്ന് ഒന്നും കിട്ടില്ലെന്ന തിരിച്ചറിവാണു പാറമട ലോബിയുടെ അടുക്കലേക്കുള്ള പോക്കിനു നിദാനമായിരിക്കുന്നത്.

സർക്കാരിനു കനത്ത തിരിച്ചടിയേകിക്കൊണ്ടാണു കഴിഞ്ഞ ഡിസംബറിൽ പാറമടയുടെ കാര്യത്തിൽ ഹൈക്കോടതി വിധി വന്നത്. കൊച്ചി മെട്രോയുടേയും വിഴിഞ്ഞം പദ്ധതിയുടേയും നിർമ്മാണ പ്രവൃത്തികൾ ഉയർത്തിയാണ് പാറമട ഉടമകളുമായി അനുനയപാതയിൽ എത്തുന്നുവെന്നോണം സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് പോലും പ്രതിഷേധം ഉയർന്നു. ഇതാണ് കോടതിയും മുഖവിലയ്ക്ക് എടുക്കുന്നത്. അതുകൊണ്ട് തന്നെ പാറമടകൾക്കായുള്ള ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും ക്വാറികൾക്കു പാരിസ്ഥിതികാനുമതി നിർബന്ധമാണെന്നും കോടതി വ്യക്തമാക്കുന്നത് സർക്കാരിന് തിരിച്ചടിയായിരുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരേ കർശനനടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉൾപ്പെട്ട ബെഞ്ച് സർക്കാരിനോടും ജില്ലാ കലക്ടർമാരോടും ജിയോളജിസ്റ്റുകളോടും നിർദേശിച്ചത് ഫ്‌ലാറ്റ് ചട്ടത്തിനെതിരെ നിയമപോരാട്ടത്തിന് പ്രചോദനമാകുമെന്നും സർക്കാർ അന്നു ഭയന്നിരുന്നു.

2012 ഫെബ്രുവരി 27 വരെ പെർമിറ്റോടെ പ്രവർത്തിച്ചിരുന്ന ക്വാറികൾക്കു പെർമിറ്റ് പുതുക്കാൻ പാരിസ്ഥിതികാനുമതി വേണ്ടെന്ന ചട്ടഭേദഗതി ദീപക്കുമാർ കേസിലെ സുപ്രീം കോടതി വിധിക്കും അതവലംബിച്ചുള്ള മുൻഉത്തരവുകൾക്കും വിരുദ്ധമാണെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോടതിവിധികൾ മറികടക്കാനാണു പാരിസ്ഥിതികാനുമതി ഒഴിവാക്കിക്കൊണ്ടു സർക്കാർ 2015ലെ കേരളാ മൈനർ മിനറൽസ് കൺസഷൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്നു പരാതിപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജികൾ അനുവദിച്ചാണു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് വന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ക്വാറികളുടെ പ്രവർത്തനത്തിനു പാരിസ്ഥിതികാനുമതി നിർബന്ധമാണെന്നും അതൊഴിവാക്കി സർക്കാർ പുറപ്പെടുവിച്ച ചട്ടഭേദഗതി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി.

2015ലെ ചട്ടപ്രകാരം കോടതി പുറപ്പെടുവിച്ച മുൻഉത്തരവുകളിൽ ക്വാറികളുടെ പ്രവർത്തനത്തിനു പാരിസ്ഥിതികാനുമതി വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവ നിലനിൽക്കേയാണു പാരിസ്ഥിതികാനുമതി ഒഴിവാക്കി സർക്കാർ ചട്ടഭേദഗതി വരുത്തിയതെന്നു കോടതി വിലയിരുത്തി. പാരിസ്ഥിതികാനുമതിക്കു പുറമേ മൈൻസ് ആൻഡ് മെറ്റാലിഫറസ് ആക്ട് അനുശാസിക്കുന്ന വ്യവസ്ഥകളും ക്വാറി പെർമിറ്റുകൾ അനുവദിക്കുമ്പോൾ ഉറപ്പുവരുത്തണം. ക്വാറി പെർമിറ്റിനു വ്യവസ്ഥകൾ ഏർപ്പെടുത്താനും ചട്ടമുണ്ടാക്കാനും സർക്കാരിന് അധികാരമുണ്ടെങ്കിലും പാരിസ്ഥിതികാനുമതി ഒഴിവാക്കിക്കൊണ്ടു ചട്ടം ഭേദഗതി ചെയ്തതു നിയമാനുസൃതമല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP