Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുത്; ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്? ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കണം; പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിൽ സർക്കാർ ഇടപെടരുത്; ശബരിമലയിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി; ഞായറാഴ്‌ച്ചയുണ്ടായ അറസ്റ്റിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി വിശദീകരണം നൽകണം

ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുത്; ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്? ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കണം; പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിൽ സർക്കാർ ഇടപെടരുത്; ശബരിമലയിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി; ഞായറാഴ്‌ച്ചയുണ്ടായ അറസ്റ്റിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി വിശദീകരണം നൽകണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിയിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഞായറാഴ്ച രാത്രിയുണ്ടായ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ പരാമർശം. ഉച്ചയ്ക്കു ശേഷം അഡ്വക്കേറ്റ് ജനറലിനോട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചു. ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടു. പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിൽ സർക്കാർ ഇടപെടരുതെന്നും കോടതി നിർദേശിച്ചു.

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണമായ വിവരങ്ങൾ നൽകണം. ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണോ പൊലീസുകാർ എന്നകാര്യം വ്യക്തമാക്കാനും കോടതി നിർദേശിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് അറ്റോർണി ജനറൽ (എജി) നേരിട്ടു കോടതിയിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിൽ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകാനും സർക്കാരിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു മിനിറ്റ് ഇടവേളയിൽ ബസ് സർവീസ് നടത്തുമെന്ന് നേരത്തെ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയതായി കാണുന്നില്ല. അതിനാൽ തന്നെ സ്വകാര്യ വാഹനങ്ങൾ ആവശ്യമെങ്കിൽ കടത്തി വിടണമെന്നും കോടതി പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഞായറാഴ്ച അർധരാത്രി നട അടച്ചതിനു പിന്നാലെ കൂട്ടമായി പ്രതിഷേധിച്ച ഭക്തരെ സന്നിധാനത്തു നിന്ന് ആദ്യമായി അറസ്റ്റു ചെയ്ത് നീക്കിയതും ശ്രദ്ധേയമായിരുന്നു.

അതിനിടെ, റിവ്യൂ, റിട്ട് ഹർജികൾ നേരത്തേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇന്നലെ സന്നിധാനത്ത് പൊലീസ് കൈക്കൊണ്ട നടപടികൾക്കെതിരെ രാഷ്ട്രീയമായി വിമർശനം സർക്കാർ നേരിടുന്ന സമയത്തു തന്നെയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും കർശന വിമർശനവും നേരിടേണ്ടി വന്നത്.

അതിനിടെ ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ സുരക്ഷക്രമീകരണങ്ങളിൽ അയവുവരുത്താനും എന്നാൽ സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരോട് നിലപാട് ശക്തമാക്കിയും മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനുമായി ഡി.ജി.പിയും ദേവസ്വംബോർഡ് പ്രസിഡന്റും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നെയ്യഭിഷേകം നടത്തുന്നതും വിരിവെക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ സന്നിധാനത്ത് ഭക്തർക്ക് ഏർപ്പെടുത്തിയ പൊലീസ് നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അതൃപ്തി അറിയിച്ചു.

പൊലീസിന്റെ കർശന നിയന്ത്രണം സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഇതരസംസ്ഥാനക്കാരെയടക്കം വലക്കുകയാണെന്നും ദേവസ്വത്തിന്റെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതായും പത്മകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ തുലാമാസ, ചിത്തിര ആട്ട വിശേഷങ്ങൾക്കായി നട തുറന്നപ്പോഴുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ദർശനത്തിനെത്തുന്നവർ വ്യവസ്ഥാപിതമായ സുരക്ഷാക്രമീകരണങ്ങളിലൂടെ പോയേ തീരൂവെന്ന് എം വി ജയരാജൻ പറഞ്ഞു. ഭക്തർക്ക് സുഗമമായി ദർശനം നടത്തി മടങ്ങിപ്പോരണമെങ്കിൽ നടപ്പന്തൽ സമരകേന്ദ്രമായി മാറാതിരിക്കണം. പക്ഷേ, സുരക്ഷ ക്രമീകരണങ്ങളിലൂടെ ശബരിമലയുടെ നിലവിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സുരക്ഷയിൽ അൽപമൊക്കെ അയവുവരുത്താം. എന്നാൽ അത് മുതലെടുക്കാൻ സംഘ്പരിവാർ ശക്തികളെ അനുവദിക്കില്ലെന്നും ജയരാജൻ ഇരുവരെയും അറിയിച്ചു.

ശബരിമലയിലെത്തുന്ന ഭക്തർക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് ഒരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ദേവസ്വം പ്രസിഡന്റിന് ഉറപ്പുനൽകി. ഭക്തർക്ക് സന്നിധാനത്തും നടപ്പന്തലിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്താം. എന്നാൽ രാത്രികാലങ്ങളിൽ ഓൺലൈൻ വഴി റൂം ബുക്ക് ചെയ്തവരെ മാത്രമേ സന്നിധാനത്ത് തങ്ങാൻ അനുവദിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP