Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണപ്പാത്രം കൊണ്ട് സത്യം മൂടാനായില്ല: കരിക്കിനേത്തു കൊലക്കേസ് ഒതുക്കാൻ ശ്രമിച്ചവരെ കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥരും കുടുങ്ങും; പ്രതിചേർക്കേണ്ടി വരിക ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസുകാരെ; മറുനാടൻ ഇംപാക്ട്‌

സ്വർണപ്പാത്രം കൊണ്ട് സത്യം മൂടാനായില്ല: കരിക്കിനേത്തു കൊലക്കേസ് ഒതുക്കാൻ ശ്രമിച്ചവരെ കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥരും കുടുങ്ങും; പ്രതിചേർക്കേണ്ടി വരിക ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസുകാരെ; മറുനാടൻ ഇംപാക്ട്‌

പത്തനംതിട്ട: ഇല്ല, സ്വർണപാത്രം കൊണ്ട് സത്യം മൂടിവയ്ക്കാൻ കഴിയില്ല. നാളുകളെത്ര കഴിഞ്ഞാലും സത്യം സത്യമായി പുറത്തുവരും. കാശെറിഞ്ഞും സ്വാധീനമുപയോഗിച്ചും അട്ടിമറിക്കാൻ ശ്രമിച്ച കരിക്കിനേത്തുകൊലപാതകക്കേസ് നിർണായക വഴിത്തിരിവിൽ. കേസ് ഒതുക്കാൻ ശ്രമിച്ച സകലരേയും കക്ഷിചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മറുനാടൻ മലയാളിയാണ് കരിക്കേനത്ത് കേസിലെ കള്ളക്കളികൾ ആദ്യം മുതൽ പുറത്തുകൊണ്ടു വന്നത്.

ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവല്ല കരിക്കിനേത്ത് ഉടമ ബാബു, അന്നത്തെ പത്തനംതിട്ട ഡിവൈ.എസ്‌പി ആർ. ചന്ദ്രശേഖരപിള്ള, സിഐ എം.ആർ. മധുബാബു, അഭിഭാഷകനായ ശിവദാസ് എന്നിവരെയാണ് കക്ഷിചേർക്കാൻ കോടതി ഉത്തരവിട്ടത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനും അതിനായി ഗൂഢാലോചന നടത്തിയതിനും ഇവരെല്ലാം പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിൽ മൃഗീയമായി കൊല്ലപ്പെട്ട കാഷ്യർ ആനിക്കാട് സ്വദേശി ബിജു ജോസഫിന്റെ സഹോദരന്മാരായ സാജു, ബാബു എന്നിവർ ചേർന്ന് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് വിനോദ് ചന്ദ്രനാണ് അപൂർവമായ ഉത്തരവ് പുറപ്പെടുവിച്ചത്. കൊലപാതകം നടത്തിയത് അടൂർ കരിക്കിനേത്തിന്റെ ഉടമ ജോസിന്റെ ഡ്രൈവറായിരുന്ന ശശിയും മറ്റു മൂന്നുപേരും ചേർന്നാണെന്ന് വരുത്തിത്തീർത്ത് യഥാർഥ കുറ്റവാളികളെ ഒഴിവാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹർജി. ഇതിനായി ഡിവൈ.എസ്‌പി, സിഐ അഭിഭാഷകൻ, ബാബു, ജോസ് എന്നിവർ ഗൂഢാലോചന നടത്തി.

ജോസ് കരിക്കിനേത്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനെ ഒരു ധാരണ ഉണ്ടാക്കിയത്. ഈ വിവരം മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ കളി മാറി. 2013 നവംബർ അഞ്ചിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയടക്കം ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ കൈ നിറയെ കാശു കിട്ടിയ പൊലീസുകാർ ഇപ്പോഴും ഇഷ്ടപ്പെട്ട പോസ്റ്റിൽ ഇരിക്കുമ്പോൾ യഥാർഥ പ്രതികളെ കുരുക്കാൻ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ വയനാടൻ കാടുകളിൽ മാവോയിസ്റ്റുകളെ തിരഞ്ഞു നടക്കുന്നു.

ഇടതും വലതും ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാദ്ധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. പണവും സ്വാധീനവും ഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.

കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിനു മുൻപ് പത്തനംതിട്ട് എസ്.ഐ ആയിരുന്ന മനുരാജിന് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്‌പിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്‌പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്ന് കൂടി ഡിവൈ.എസ്‌പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്നു രാവിലെ സംഭവം പുറംലോകമറിഞ്ഞു. കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു.

ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയുടെ പേര് പറഞ്ഞ് അറസ്റ്റ്, അന്വേഷണം ഒക്കെ നീട്ടിക്കൊണ്ടു പോയി. ഇതിനിടെയിൽ മറുനാടൻ നൽകി വന്ന വാർത്തകൾ അധികാരികളുടെ ശ്രദ്ധയിലെത്തി. ഇതോടെ കളി ചെറുതായി കാര്യമാകാൻ തുടങ്ങി.

ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എ.ഡി.ജി.പി ശാസിച്ചതിന് ശേഷമായിരുന്നു അന്വേഷണസംഘം എടുത്തത്. ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പത്തനംതിട്ട ഡിവൈ.എസ്‌പി ആർ. ചന്ദ്രശേഖരപിള്ള, സിഐ മധുബാബു എന്നിവർ വൻതുക കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇത്രയും ഗൗരവതരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർക്ക് കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്‌പിയായിരുന്ന പി. വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്‌സ്ബ്യൂറോ ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ്, പത്തനംതിട്ട എസ്.ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.

ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്‌പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ ഔപചാരികതകൾ മാത്രം ബാക്കി. കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് ഒരു കോൺഗ്രസ് മന്ത്രി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്തായാലും അവൻ (ബിജു) പട്ടിയെപ്പോലെ ചത്തു. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തർ ഇറങ്ങിക്കോളും.

കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. പാവങ്ങളെ ആർക്കും തല്ലാം കൊല്ലാം. ഒരു പട്ടിയും ചോദിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു കരിക്കിനേത്തിന്റെ ഉടമകൾക്ക്. കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്. ഉടൻ തന്നെ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കേസ് സെഷൻസിൽ എത്തും. പുതിയ ഹൈക്കോടതി വിധിയിൽ കുടുങ്ങിയിരിക്കുന്നത് കൈക്കൂലി കൈപ്പറ്റിയ ഉദ്യോഗസ്ഥരാണ്. അന്ന് എ.ഡി.ജി.പി ഇതിൽ ഒരാളോട് ജോസിൽ നിന്ന് വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർക്കെതിരേ കൈക്കൂലി വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. രണ്ടുപേരും പത്തനംതിട്ട തന്നെ തുടർന്നു.

പിന്നീട് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി ഡിവൈ.എസ്‌പി. ചന്ദ്രശേഖരപിള്ളയെ എസ്.എസ്.ബിയിലേക്കും മറ്റൊരു പാടു കേസുകളിൽ അച്ചടക്ക നടപടി ശിപാർശ ചെയ്യപ്പെട്ട മധുബാബുവിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്കും മാറ്റി. കേസിൽ ശക്തമായ നിലപാട് സ്വീകരിച്ച എസ്.ഐ മനുരാജിനെയും വച്ചു പൊറുപ്പിച്ചില്ല. അദ്ദേഹം ഇപ്പോൾ പത്തനംതിട്ട ഡി.സി.ആർ.ബിയിലാണ്. പ്രതികളെ മാറ്റിക്കൊടുക്കാൻ ശിപാർശ ചെയ്ത കോട്ടയത്തെ ഡിവൈ.എസ്‌പിക്കും ഇതു വരെ സ്ഥലം മാറ്റമൊന്നുമില്ല. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP