Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലെ നിരോധനാജ്ഞ തീർത്ഥാടകർക്ക് തടസമല്ലെന്ന് ഹൈക്കോടതി; ഭക്തരുടെ സുരക്ഷക്ക് വേണ്ടിയാണ് നിയന്ത്രണങ്ങൾ; സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടെന്ന് മൂന്നംഗ നിരീക്ഷണ സമിതി; 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കി സർക്കാറും; നിരോധനാജ്ഞ നീക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ എ എൻ രാധാകൃഷ്ണന്റെയും യുഡിഎഫ് എംഎൽഎമാരുടെയും നിരാഹാര സമരങ്ങൾക്കും തിരിച്ചടി

ശബരിമലയിലെ നിരോധനാജ്ഞ തീർത്ഥാടകർക്ക് തടസമല്ലെന്ന് ഹൈക്കോടതി; ഭക്തരുടെ സുരക്ഷക്ക് വേണ്ടിയാണ് നിയന്ത്രണങ്ങൾ; സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടെന്ന് മൂന്നംഗ നിരീക്ഷണ സമിതി; 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കി സർക്കാറും; നിരോധനാജ്ഞ നീക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ എ എൻ രാധാകൃഷ്ണന്റെയും യുഡിഎഫ് എംഎൽഎമാരുടെയും നിരാഹാര സമരങ്ങൾക്കും തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞയിൽ സർക്കാറിന് ആശ്വാസമായി ഹൈക്കോടതി ഇടപെടൽ. ഭക്തരുടെ സുരക്ഷക്ക് വേണ്ടിയാണ് സന്നിധാനത്തെ നിയന്ത്രണങ്ങളെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി കോടതിയെ അറിയിച്ചതോടെ ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ സമരങ്ങളും അപ്രസക്തമായി. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിരോധനാജ്ഞയെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനായത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലാണെന്നും ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിരോധനാജ്ഞ വേണമെന്നും റിപ്പോർട്ടിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട് ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ ഇവർ മാനിക്കുന്നില്ല. തീർത്ഥാടകരായ സ്ത്രീകളെ ആക്രമിക്കുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായി. ഈ അവസരത്തിൽ 144 തുടരണമെന്ന് സർക്കാർ വാദിച്ചു.

നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളിലാണ് കോടതി വാദം കേൾക്കുന്നത്. ശബരിമലയിൽ തിരക്ക് കൂടിയിട്ടുണ്ടന്നും കഴിഞ്ഞ ദിവസങ്ങളിൽ എൺപതിനായിരം പേർ വന്നു പോയതായും സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി തുറന്ന കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നിരോധനാജ്ഞ അനന്തമായി നീട്ടുകയാണന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

ഹൈക്കോടതിയുടെ നിലപാടോടെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും നടത്തുന്ന നിരാഹാര സമരങ്ങൾ വെട്ടിലായി. ഈ സമരങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കിയത്. ഇതോട ഈ വിഷയത്തിന്മേലുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും സമരങ്ങൾക്ക് പ്രസക്തിയില്ലാതായിരിക്കുകയാണ്. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന്റെ മുഖ്യ ആവശ്യങ്ങളിലൊന്ന് ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നായിരുന്നു.

സമാന ആവശ്യമുന്നയിച്ച് നിയമസഭയ്ക്ക് മുന്നിൽ യുഡിഎഫ് എംഎൽഎമാരായ പാറയ്ക്കൽ അബ്ദുള്ള, എൻ ജയരാജ്, വി എസ് ശിവകുമാർ എന്നിവർ നിരാഹാര സമരവും ആരംഭിച്ചിരുന്നു. നിരോധനാജ്ഞ പിൻവലിച്ച് ഇവരുടെ നിരാഹാര സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് നിയമസഭയുടെ പരിധിയിൽ നിൽക്കുന്ന കാര്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഇപ്പോൾ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിക്കേണ്ട ഹൈക്കോടതി തന്നെ തീരുമാനം പറഞ്ഞതോടെ യുഡിഎഫ് എംഎൽഎമാരുടെയും ബിജെപിയുടെയും സമരം ഇനിയെന്തിനാണെന്ന ചോദ്യമുയരുകയാണ്. സുരേന്ദ്രന്റെ മോചനവും ബിജെപി ഉന്നയിക്കുന്നുണ്ടെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയതോടെ അതും കോടതിയുടെ കയ്യിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP