Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

77ന് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളും ഒരു വർഷത്തിനകം ഒഴിപ്പിക്കാൻ ഹൈക്കോടതി; 2005 വരെയുള്ള കയ്യേറ്റങ്ങൾക്ക് പട്ടയം നൽകാൻ ശ്രമിച്ച സർക്കാറിന് കനത്ത തിരിച്ചടി; ഔദ്യോഗിക കണക്കിൽ ഒഴിപ്പിക്കേണ്ടത് 7000 ഹെക്ടർ; യഥാർത്ഥ കയ്യേറ്റം 50,000 ഹെക്ടറിനും മേൽ

77ന് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളും ഒരു വർഷത്തിനകം ഒഴിപ്പിക്കാൻ ഹൈക്കോടതി; 2005 വരെയുള്ള കയ്യേറ്റങ്ങൾക്ക് പട്ടയം നൽകാൻ ശ്രമിച്ച സർക്കാറിന് കനത്ത തിരിച്ചടി; ഔദ്യോഗിക കണക്കിൽ ഒഴിപ്പിക്കേണ്ടത് 7000 ഹെക്ടർ; യഥാർത്ഥ കയ്യേറ്റം 50,000 ഹെക്ടറിനും മേൽ

കൊച്ചി: നാല് പതിറ്റാണ്ടായി കേരളത്തിലെ സജീവ ചർച്ചാ വിഷയമായ കയ്യേറ്റഭൂമി ഒഴിപ്പിക്കലിൽ ഒടുവിൽ ഹൈക്കോടതിയുടെ കർക്കശ നിർദ്ദേശം. കാലാകാലങ്ങളായി കാടുകയറി മരം മുറിച്ച് കൃഷി ചെയ്ത് പട്ടയം കൊടുത്തുകൊണ്ടിരിക്കുന്ന ഏർപ്പാടിനാനാണ് ഇന്ന് കോടതി കൂച്ചുവിലങ്ങിട്ടത്. മുൻ ഉത്തരവുകൾക്ക് അനുസൃതമായി 77ന് ശേഷമുള്ള ഒരു കയ്യേറ്റവും അനുവദിക്കാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ഇത് നടപ്പിലാക്കിയാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ മാത്രം ഔദ്യോഗികയമായി 7000 ഹെക്ടർ ഭൂമി ഒഴിപ്പിക്കേണ്ടി വരും. യഥാർത്ഥത്തിൽ കുറഞ്ഞത് 50,000 ഹെക്ടർ കൃഷിഭൂമിയെങ്കിലും ഇങ്ങനെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

1977 ജനവരി ഒന്നിനുശേഷം കേരളത്തിലുണ്ടായ വനഭൂമി കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാർ അടക്കമുള്ള പ്രദേശങ്ങളിലെ വനഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

1977 മുതൽ ഏഴായിരും ഹെക്ടർ വനഭൂമി കൈയേറിയിട്ടുണ്ട്. ഇക്കാര്യം കാലാകാലങ്ങളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ഒഴിപ്പിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിന് അടിയന്തര നടപടി കൈക്കൊണ്ടേ പറ്റൂ. ആറ് മാസത്തിനുള്ളിൽ ഈ കൈയേറ്റക്കാർക്ക് നോട്ടീസ് നൽകി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കണം. ഒരു വർഷത്തിനകം ഇവ പൂർണമായി ഒഴിപ്പിക്കണം. ഈ കാലയളവിൽ ഇത്തരം ഭൂമിയിൽ അവകാശം സ്ഥാപിക്കാനായി നൽകുന്ന അപേക്ഷകളിൽ തീരുമാനം കൈക്കൊള്ളും മുൻപ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം-ഹൈക്കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു.

7000 ഹെക്ടർ വനം കൈയേറിയതായി സർക്കാർ വാദത്തിനിടെ കോടതിയെ അറിയിച്ചെങ്കിലും അവ ഒഴിപ്പിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൈയേറ്റത്തെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്ന് മാത്രമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇടുക്കി, കോട്ടയം, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ നടന്നിരിക്കുന്നത്.

ഏതാണ്ട് നാല് പതിറ്റാണ്ടുകളായി കേരളത്തിലെ ഇടതു-വലതു മുന്നണികൾ മാറിമാറി പരീക്ഷിച്ചു നടക്കാതെ പോയ തീരുമാനമാണ് ഹൈക്കോടതി ഉത്തരവിലൂടെ തീർപ്പാക്കിയിരിക്കുന്നത്. മലയോര കർഷകരുടെ ഇടയിൽ നിന്നും കടുത്ത എതിർപ്പ് ഉണ്ടാകാൻ ഇടയുള്ള ഈ തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഇനി വരുന്ന സർക്കാറിനുമുണ്ടാവുമെന്നത് തീർച്ചയാണ്. കയ്യേറുകയും നിയമസാധുത നേടുകയും പതിവായിരുന്ന 70കൾക്ക് അന്ത്യമുണ്ടായത് 77 എന്ന വർഷം നിശ്ചയിച്ചപ്പോഴാണ്. എന്നാൽ ഈ തീയ്യതി നിശ്ചയിക്കപ്പെടുന്നതിന് മുമ്പ് ഏതാണ്ട് പത്ത് വർഷത്തോളം കേരളത്തിലെ മലയോര പ്രദേശങ്ങളിൽ വൻ തോതിൽ കയ്യേറ്റം നടന്നിരുന്നു. ആ വർഷങ്ങളിൽ കൈയേറിയ ഭൂമിയിലെ ഏലവും റബ്ബറും മറ്റും കൃഷികളുമാണ്. ഒട്ടേറെ പേർ വീടുകളും വച്ചിട്ടുണ്ട്. അവയെല്ലാം വെട്ടിമാറ്റുകയും വീട് പൊളിക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളിയാണ് സർക്കാർ നേരിടേണ്ടി വരിക.

അതേസമയം പശ്ചിമഘട്ട മലനിരകളിൽ വ്യാപകമായി വനഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്ന് നേരത്തെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. കേരളത്തിൽ മാത്രം 44,420 ഹെക്ടർ വനഭൂമിയാണ് അനധികൃതമായി കയ്യേറിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, കേരള സർക്കാറിന്റെ കണക്കിൽ ഇത് ഏഴായിരം മാത്രമാണ്. നേരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിർദ്ദേശം നൽകിയെങ്കിലും സർക്കാറിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ ഉണ്ടയിരുന്നില്ല. റിസോർട്ടുകൾക്ക് വേണ്ടിയും എസ്റ്റേറ്റുകൾക്കും വേണ്ടിയാണ് അനധികൃത വനം കൈയേറ്റം വ്യാപകമായിരുന്നത്.

നേരത്തെ 2005 വരെയുള്ള കയ്യേറ്റ ഭൂമികൾക്ക് പട്ടയം നൽകാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച നടപടി വൻ വിവാദത്തിലായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. 2005 ജൂൺ 1 വരെയുള്ള ഭൂമി കയ്യേറ്റങ്ങൾക്ക് നിയമസാധുത നൽകിക്കൊണ്ടാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. സർക്കാർ പതിച്ചുനൽക്കുന്ന ഭൂമി 25വർഷം കഴിഞ്ഞ ശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തിരുന്നു. നേരത്തെ ഉണ്ടായിരുന്ന നിയമ പ്രകാരം 1971 ഓഗസ്റ്റ് വരെയുള്ള കയ്യേറ്റങ്ങൾക്ക് മാത്രമേ നിയമസാധുത നൽകിയിരുന്നുള്ളൂ. എന്നാൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസിനകത്ത് തന്നെ കടുത്ത പ്രതിഷേധം ഉണ്ടായതോടെ പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP