Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീൻചിറ്റ് നൽകി പിണറായി സർക്കാർ; കേസിൽ ഇനി ഒരന്വേഷണവും ആവശ്യവുമില്ലെന്ന് കേസ് അവസാനിപ്പിച്ചതിനെതിരെ വി എസ് നൽകിയ ഹർജിയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ; ഭരണമാറ്റം കേസിനെ ബാധിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കണമെന്നും സത്യവാങ്മൂലം; റൗഫ് പെൺകുട്ടിക്ക് പണം നൽകിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിന് തെളിവില്ല: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് കേസിന് അവസാനമാകുന്നോ?

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീൻചിറ്റ് നൽകി പിണറായി സർക്കാർ; കേസിൽ ഇനി ഒരന്വേഷണവും ആവശ്യവുമില്ലെന്ന് കേസ് അവസാനിപ്പിച്ചതിനെതിരെ വി എസ് നൽകിയ ഹർജിയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ; ഭരണമാറ്റം കേസിനെ ബാധിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കണമെന്നും സത്യവാങ്മൂലം; റൗഫ് പെൺകുട്ടിക്ക് പണം നൽകിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിന് തെളിവില്ല: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് കേസിന് അവസാനമാകുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിന് അവസാനമാകുന്നോ? നിലവിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ നിന്നും ചിത്രം തെളിയുന്നത് കേസ് അവസാനിക്കുന്നു എന്നാണ്. കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ ഹർജിയെ എതിർത്ത് പിണറായി സർക്കാർ എതിർസത്യവാങ്മൂലം നൽകി. വിഎസിന്റെ ഹർജി തള്ളണം എന്നാവശ്യപ്പെട്ട ഹർജിയിൽ വിഎസിന്റെ വാദങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദിച്ചത്.

കേസിൽ ആരോപണ വിധേയനായ മുന്മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീൻചിറ്റ് നൽകുകയാണ് പിണറായി സർക്കാർ ചെയ്തത്. കേസിൽ കുഞ്ഞാലിക്കുട്ടിക്ക് ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കേസിൽ ഇനി ഒരന്വേഷണവും ആവശ്യവുമില്ലെന്ന് വി എസ് നൽകിയ ഹർജിയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഭരണമാറ്റം കേസിനെ ബാധിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കണമെന്നും സത്യവാങ്മൂലം സമർപ്പിച്ചു. റൗഫ് പെൺകുട്ടിക്ക് പണം നൽകിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നും കോടതിയെ അറിയിച്ചു.

ഐസ്‌ക്രീം പാർലർ പീഡനക്കേസിന്റെ അന്വേഷണവും വിചാരണയും അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിലെ നടപടികൾ അവസാനിപ്പിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയേയും റൗഫിനെയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് അച്യുതാനന്ദൻ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. കോഴിക്കോട് ടൗൺ പൊലീസ് 2011ൽ രജിസ്റ്റർ ചെയ്യുകയും പ്രത്യേക സംഘം അന്വേഷിക്കുകയും ചെയ്ത കേസിലെ നടപടികൾ കഴിഞ്ഞ ഡിസംബർ 23നാണ് കോഴിക്കോട് ജെഎഫ്‌സിഎം അവസാനിപ്പിച്ചത്. അന്വേഷണം തുടരേണ്ടതില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട് അംഗീകരിച്ചായിരുന്നു നടപടി. ഇതിനെയാണ് വി എസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

ഹൈക്കോടതി നിരീക്ഷണത്തിൽ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ജെഎഫ്‌സിഎം അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹരജിയിൽ വി എസ് വാദിച്ചിരുന്നു. പൊലീസ് റിപോർടിലെ ഉള്ളടക്കം എന്താണെന്ന കാര്യം ഹർജിക്കാരന് അറിയില്ല. രാഷ്ട്രീയമായി സ്വാധീനമുള്ളവർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. ഇരകൾക്ക് ലക്ഷക്കണക്കിന് രൂപയാണ് പി കെ കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും നൽകിയത്.

കേസിലെ വിചാരണ കഴിഞ്ഞയുടൻ ഇരകളെ ലണ്ടനിലേക്ക് കടത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് ജെഎഫ്‌സിഎമ്മിന്റെ വിധി റദ്ദാക്കണമെന്ന് ഹർജിയിൽ വി എസ് ആവശ്യപ്പെടുന്നു. നേരത്തെ കാലപ്പഴക്കം ചെന്ന കേസ് ഇപ്പോൾ ഉടൻ പരിഗണിക്കേണ്ട അടിയന്തര പ്രാധാന്യം എന്താണെന്നും ഹർജി നിലനിൽക്കുമോ എന്നു നോക്കണമെന്നും കോടതി വാക്കാൽ പരാമർശിച്ചിരുന്നു. രണ്ടു ദശാബ്ദത്തിലേറെയായ കേസാണെന്നും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഈ കേസിനു മാത്രമായി പ്രത്യേക പ്രാധാന്യമെന്താണെന്ന നിലപാടാണു കോടതി സ്വീകരിച്ചത്.

കേസന്വേഷണവും വിചാരണയും അട്ടിമറിച്ചതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് പത്രസമ്മേളനത്തിൽ ആരോപണമുന്നയിച്ചിരുന്നു. തുടർന്ന് 2011ൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. 2011ൽ വി എസ് നൽകിയ സിബിഐ അന്വേഷണ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഹൈക്കോടതി വിധിയുടെ സ്വാധീനമില്ലാതെ ഹർജിക്കാരന്റെ ആക്ഷേപങ്ങൾ പരിഗണിച്ചു ന്യായമായ നിലപാടെടുക്കണമെന്നു കീഴിക്കോടതിയോടു നിർദ്ദേശിച്ചു. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് 2017 ഡിസംബർ 23ലെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടതു നിയമപരമല്ലെന്ന് ആരോപിച്ചാണു വിഎസിന്റെ ഹർജി. കുഞ്ഞാലിക്കുട്ടി, റൗഫ് എന്നിവരെ കക്ഷിചേർക്കാൻ അപേക്ഷയും നൽകിയിരുന്നു.

ഐസ്‌ക്രീം പാർലർ കേസിന്റെ ചരിത്രം

1995- 96 കാലത്താണ് കോഴിക്കോട് ബീച്ചിനടുത്ത് ഐസ്‌ക്രീം പാർലർ കേന്ദ്രീകരിച്ച് വ്യാപകമായി പെൺവാണിഭം നടക്കുന്ന വാർത്ത പുറത്തുവരുന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും. 1998ൽ നായനാർ മുഖ്യമന്ത്രിയായിരുന്നകാലത്ത് ഐസ് ക്രീം പെൺവാണിഭം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മുടങ്ങിക്കിടന്ന കേസ് അതോടെ പുതിയ വഴിത്തിരിവിലെത്തുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെൺകുട്ടികൾ മൊഴി നൽകി. എന്നാൽ ഇവർ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നൽകി. വൻ തോതിൽ പണം നൽകിയാണ് ഇവർ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ഇരയായ യുവതിക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നൽകിയിട്ടുണ്ടെന്നാണ് ഇപ്പോൾ കെ.എ. റഊഫ് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി വന്ന ഷെരീഫിനൊപ്പമാണ് പെൺകുട്ടികളെ പോയി കണ്ടത്.

കേസിലെ സാക്ഷികളായ രണ്ട് സ്ത്രീകളിൽ നിന്നും പേരുവെച്ചും പേരുവെക്കാതെയുമായി രണ്ട് രേഖകളാണ് തയ്യാറാക്കിയത്. പിന്നീട് ജി.പിയായ സുഭാഷ് ബെനഡിക്ട് എന്ന വക്കീലാണ് കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ഇവ തയ്യാറാക്കിയത്. ഈ രണ്ട് സ്ത്രീകളെ കൂടാതെ പത്തിലേറെ സ്ത്രീകൾക്കും ഇതുമായി ബന്ധപ്പെട്ട് വൻ തുകകൾ നൽകിയിട്ടുണ്ടെന്നും റൗഫ് അവകാശപ്പെട്ടു.

ഇതെ തുടർന്ന് ആദ്യം നൽകിയ പ്രതിപ്പട്ടികയിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിവാക്കപ്പെടുകയും അദ്ദേഹത്തിന്റെ ്രൈഡവർ അരവിന്ദനെ ഉൾപ്പെടുത്തി കേസ് മുന്നോട്ടു നീങ്ങുകയും ചെയ്തു. ഇതിനിടെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കല്ലറ സുകുമാരൻ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ട് നായനാർ സർക്കാറിന് റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ ഈ റിപ്പോർട്ടിന് അട്ടിമറിക്കാൻ അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന ദാമോദരനോട് ഉപദേശം തേടുകയായിരുന്നു. ദാമോദരൻ മറ്റൊരു നിയമോപദേശമാണ് നൽകിയത്.

കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ഒരു ബംഗ്ലാവ് ഒറ്റരാത്രികൊണ്ട് തകർത്ത് തരിപ്പണമാക്കിയ സംഭവമുണ്ടായി. ഇവിടെ തെളിവെടുപ്പിന് ആളെത്തുമ്പോൾ വീടു നിന്നിടത്ത് ഒരു അടയാളം പോലുമില്ലാതായി. ഇതിനിടെ കേസുമായി ബന്ധമുള്ള കോഴിക്കോട്ടെ രണ്ട് യുവതികൾ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഐസ്‌ക്രീം കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു. സാക്ഷികൾ മൊഴിമാറ്റിയ സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.

2004ഒക്ടോബർ 28ന് വൈകിട്ട് അഞ്ച് മണിക്കുള്ള ബുള്ളറ്റിനിലാണ് യുവതിയുടെ വിവാദമായ വെളിപ്പെടുത്തലുകൾ ഇന്ത്യാവിഷൻ ചാനലിൽ വരുന്നത്. കോഴിക്കോട്ടെ റിപ്പോർട്ടർ എംപി ബഷീറാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയിൽ വച്ചാണ് ഇരയുടെ വെളിപ്പെടുത്തലുണ്ടായത്. യുവതി സംസാരിച്ചുകൊണ്ടിരിക്കെ ആദ്യ കാസറ്റുമായി ബഷീർ ഇന്ത്യാവിഷൻ ഓഫീസിലേക്ക് പോയി. അപ്പോൾ ഇന്ത്യാവിഷനിൽ അഞ്ച് മണിയുടെ വാർത്ത തുടങ്ങാറായിരുന്നു. അങ്ങനെ യുവതിയുടെ പതിനാല് മിനിറ്റ് നീളുന്ന വിവാദമായ വെളിപ്പെടുത്തൽ ഇന്ത്യാവിഷന്റെ അഞ്ച് മണിക്കുള്ള വാർത്തയിൽ വന്നു.

വാർത്ത പുറത്ത് വന്നതോടെ കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടായി. മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ ചെയർമാനായ ചാനലിലാണ് സ്വന്തം പാർട്ടി നേതാവിനെതിരെ വെളിപ്പെടുത്തൽ വന്നതെന്ന കാര്യവും ശ്രദ്ധേയമായിരുന്നു. പിന്നീട് പക്ഷെ ഇന്ത്യാവിഷൻ ചാനലിന് തന്നെ വാർത്ത അപ്രധാനമായി റിപ്പോർട്ട് ചെയ്യേണ്ടി വന്നു. സ്വന്തം സ്റ്റുഡിയോയിൽ നിന്ന് ചിത്രീകരിച്ചെങ്കിലും ഏഷ്യാനെറ്റിൽ റിപ്പോർട്ടേ വന്നില്ല. എന്നാൽ കേരളം ഇതിനകം തന്നെ പ്രശ്നം ഏറ്റെടുത്തിരുന്നു. ഇതിനകം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആർ.എ,സ്.പി നേതാവ് ടി.ജെ ചന്ദ്ര ചൂഡനും യുവതിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താസമ്മേളനം നടത്തിക്കഴിഞ്ഞിരുന്നു. പിറ്റേന്ന് പത്രങ്ങളിലെല്ലാം വാർത്ത വന്നതോടെ ഇത് തമസ്‌കരിക്കാൻ കഴിയാത്ത സ്ഥിതി വന്നു. സംഭവം വിവാദമായതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP