Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംശയത്തിന്റെ ആനുകൂല്യം നൽകി കള്ളനോട്ട് കേസിലെ പ്രതികളെ വെറുതെ വിട്ടെങ്കിലും കൂറുമാറിയ അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ അന്വേഷണം; വിരമിച്ച ഉദ്യോ​ഗസ്ഥന്റെ നടപടി പ്രതികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് വിലയിരുത്തൽ; മൂന്നുപതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിൽ വീഴ്ചയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം

സംശയത്തിന്റെ ആനുകൂല്യം നൽകി കള്ളനോട്ട് കേസിലെ പ്രതികളെ വെറുതെ വിട്ടെങ്കിലും കൂറുമാറിയ അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ അന്വേഷണം; വിരമിച്ച ഉദ്യോ​ഗസ്ഥന്റെ നടപടി പ്രതികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് വിലയിരുത്തൽ; മൂന്നുപതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിൽ വീഴ്ചയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നുപതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വെറുതെ വിട്ടെങ്കിലും കൂറുമാറിയ അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 75 ലക്ഷം രൂപയുടെ കള്ളനോട്ടു കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ അന്വേഷിച്ച് ആറുമാസത്തികം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. വിരമിച്ച ഉദ്യോഗസ്ഥനടക്കം കൂറുമാറിയതിനാൽ സംശയത്തിന്റെ ആനുകൂല്യംനൽകിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്.

1990 മാർച്ച് 21-ന് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിയന്ത്രങ്ങളുമുൾപ്പെടെ തൃപ്പൂണിത്തുറ ഹിൽപ്പാലസിലെ ഒരു കെട്ടിടത്തിൽനിന്നാണ് പൊലീസ് പിടിച്ചെടുത്തത്. കേസന്വേഷിച്ച ഉദ്യോഗസ്ഥൻ അടക്കം കൂറുമാറിയതോടെ കേസിലെ ഏഴുപ്രതികൾക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ സംശയത്തിന്റെ ആനൂകൂല്യത്തിൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ശിവകാശി സ്വദേശികളായ യേശുദാസ്, സർമകനി, സമ്പത്ത്, ആരോഗ്യദാസ്, ഗോപി, ഇടുക്കിസ്വദേശികളായ ജോൺസൺ ജോണി, തോമസ് എന്നിവരെ കീഴ്‌ക്കോടതി മൂന്നുവർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചിരുന്നത്. ഒരു പ്രതിയെ നേരത്തേ വെറുതേ വിട്ടിരുന്നു

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കള്ളനോട്ട് വിഭാഗം ഇൻസ്പെക്ടർക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവായത്. അന്വേഷണോദ്യോഗസ്ഥൻ കൂറുമാറിയത് പ്രതികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് കോടതി വിലയിരുത്തി. ഇത്തരം നിലപാടുകൾ തുടരുന്നത് ക്രിമിനൽകേസുകളിലെ നടപടികൾ ഒരിടത്തും എത്തിക്കില്ല. ‘ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന’ ചൊല്ലും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിച്ച് വീഴ്ചയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഡി.ജി.പി.യോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ കീഴ്‌ക്കോടതി ശിക്ഷിച്ച പ്രതികളുടെ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കുവന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്.

അന്വേഷണഘട്ടത്തിൽ നടന്ന ഓരോ നടപടിയും സംശയകരമാണെന്ന് കോടതി വിലയിരുത്തി. കള്ളനോട്ട് കണ്ടെത്തിയ കെട്ടിടത്തിൽ പരിശോധനയ്ക്കുപോയപ്പോൾ സാക്ഷികളായി ഒപ്പംകൂട്ടിയത് സ്റ്റേഷനിലുണ്ടായിരുന്ന ഒരു കൊലക്കേസ് പ്രതിയെയും സ്റ്റേഷനിൽ ചായ എത്തിച്ചിരുന്ന ചായക്കച്ചവടക്കാരനെയുമാണ്. ഇവർ രണ്ടുപേരും കൂറുമാറി. നാട്ടുകാരുടെ സാന്നിധ്യംതന്നെ ഉറപ്പാക്കാവുന്നത് ഒഴിവാക്കുകയായിരുന്നോ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്.

പിടിച്ചെടുത്ത കള്ളനോട്ടിനെ സംബന്ധിച്ച വിദഗ്ധാഭിപ്രായം രേഖപ്പെടുത്തേണ്ടത് കേസിന്റെ കാര്യത്തിൽ നിർണായകമാണ്. എന്നാൽ ഇത്തരത്തിൽ വിദഗ്ധാഭിപ്രായംതേടിയത് നോട്ട് പിടിച്ചെടുത്ത് അഞ്ചുവർഷത്തിനുശേഷമാണ്. ഇതിനും അഞ്ചുവർഷത്തിനുശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിനാൽ സാക്ഷികളിൽ പലർക്കും പ്രതികളെ തിരിച്ചറിയാനുള്ള സാഹചര്യം ഇല്ലാതായി. വിരമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ തെളിവുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളുടെ അന്വേഷണം ശരിയായിനടക്കുന്നത് ഉറപ്പാക്കാൻ ഒരു സംവിധാനം ആവശ്യമാണ് -കോടതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP