Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലന്ധർ ബിഷപ്പിനെതിരായ പീഡന കേസിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ആരോപണ വിധേയനെ അറസ്റ്റു ചെയ്യണമെങ്കിൽ തെളിവു വേണമെന്ന് കോടതി; ഫ്രാങ്കോ മുളയ്ക്കനെ 19ന് വിളിച്ചു വരുത്തിയ ശേഷം ഹർജി വീണ്ടും പരിഗണിക്കും; സിബിഐ അന്വേഷണ ആവശ്യവും തള്ളി; പൊതുജന സമ്മർദ്ദം മുറുകുമ്പോൾ പൊലീസിനും സംസ്ഥാന സർക്കാറിനു ആശ്വാസം നൽകുന്ന തീരുമാനവുമായി ഹൈക്കോടതി

ജലന്ധർ ബിഷപ്പിനെതിരായ പീഡന കേസിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ആരോപണ വിധേയനെ അറസ്റ്റു ചെയ്യണമെങ്കിൽ തെളിവു വേണമെന്ന് കോടതി; ഫ്രാങ്കോ മുളയ്ക്കനെ 19ന് വിളിച്ചു വരുത്തിയ ശേഷം ഹർജി വീണ്ടും പരിഗണിക്കും; സിബിഐ അന്വേഷണ ആവശ്യവും തള്ളി; പൊതുജന സമ്മർദ്ദം മുറുകുമ്പോൾ പൊലീസിനും സംസ്ഥാന സർക്കാറിനു ആശ്വാസം നൽകുന്ന തീരുമാനവുമായി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ കേസിൽ സംസ്ഥാന സർക്കാറിനും പൊലീസിനും ആശ്വാസം പകരുന്ന തീരുമാനവുമായി ഹൈക്കോടതി. കന്യാസ്ത്രീ നൽകിയ പീഡനകേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കനെ അറസ്റ്റു ചെയ്യാൻ തിടുക്കം വേണ്ടെന്ന് കോടതി നിർദേശിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അറസ്റ്റിനേക്കാൾ വലുതല്ലേ ശിക്ഷ എന്ന കാര്യവും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിക്കവേ ചോദിച്ചു. അതേസമയം കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.

കേസ് അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്ന് നിരീക്ഷിച്ച ശേഷമാണ് ഹൈക്കോടതി കേസിൽ ഇടപെടൽ നടത്തിയത്. അസാധാരണമായ സാഹചര്യമില്ല. പൊലീസിനുമേൽ സമ്മർദ്ദമുണ്ടായാൽ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ അറസ്റ്റ് ഉണ്ടാകുന്നില്ല. അന്വേഷണം നീണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങൾ ചുണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം. പഴയ കേസായതിനാൽ കാലതാമസം ഉണ്ടാകുക സ്വാഭാവികമാണ്. ഹർജിക്കാർ കുറച്ചുകൂടി കാത്തിരിക്കണം. തെളിവുകൾ പൊലീസ് ശേഖരിച്ചതിനാൽ നശിപ്പിക്കുമെന്ന പേടിവേണ്ട. അറസ്റ്റിനേക്കാൾ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു.

അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനെ നിർബന്ധിക്കാനാകില്ല. അത് ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണ്. പരാതി പറയാൻ മൂന്ന് വർഷം കാത്തിരുന്നു. അതുപോലെ അന്വേഷണം പൂർത്തിയാകാൻ പരാതിക്കാരും കാത്തിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും പരിഗണിക്കാനായി ഈമാസം 24ലേക്ക് മാറ്റിവെച്ചു. കേസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം രാവിലെ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യം മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും 27 പേജുകളുള്ള സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. തെളിവുകൾ ശേഖരിക്കാൻ പലയിടത്തായി ഉദ്യോഗസ്ഥർക്ക് പോകേണ്ടതുണ്ടെന്നനും അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി കേസ് കൈകാര്യം ചെയ്തത്.

അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന പ്രക്ഷോഭം ആറാം ദിനത്തിലേക്ക് കടന്നിട്ടുണ്ട്. ജോയിന്റെ ക്രിസ്ത്യൻ കൗൺസിലിനൊപ്പം സാമൂഹിക, സാംസ്‌കാരിക, സിനിമാ മേഖലകളിലെ നിരവധി പ്രമുഖരാണ് സമരപ്പന്തലിലെത്തി കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. കൊച്ചിക്കൊപ്പം തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും പ്രതിഷേധ സമരങ്ങൾ വ്യാപിച്ചിട്ടുണ്ട്.

പരാതിക്കാരിയെ ബിഷപ്പ് ബലാൽസംഗം ചെയ്തു എന്ന് അന്വേഷണത്തിൽനിന്നും കണ്ടെടുത്ത തെളിവുകളിൽനിന്നും താൻ മനസിലാക്കി എന്ന് ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥൻ ഒരു മാസം മുൻപ് കോടതിയിൽ പറഞ്ഞ കേസിലാണ് പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും മൊബൈൽ ഫോൺ കിട്ടിയില്ലെന്നും ഒക്കെ പൊലീസ് ഇപ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ പറയുന്നത്. മൊഴി പരിശോധിച്ചതിൽനിന്നു പരാതിക്കാരിയെ ബിഷപ്പ് ബലാൽസംഗം നടത്തിയതായി മനസിലാകുന്നുവെന്നും കോടതിയെ പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷന് മുമ്പിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ. ബിഷപ്പിനെതിരെയും സന്യാസ സഭയുടെ മദർ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണം. കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

ഇതിനായി പ്രത്യേക കമ്മീഷനെ അന്വേഷണത്തിനായി സഭ നിയമിച്ചു. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിനു ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. സന്യാസ സഭയുടെ പിആർഒ ഇറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും കന്യാസ്ത്രീയെ തള്ളി പറഞ്ഞും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) രംഗത്ത് വന്നിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരം അതിരു കടന്നതാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറയുന്നു.

മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാൻ ശ്രമം നടക്കുകയാണ്. സമ്മർദ്ദത്തിന് വഴങ്ങാതെ പൊലീസ് അന്വേഷണം പൂർത്തിയാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് സഭയുടെ നിലപാടെന്നും കെ.സി.ബി.സി അറിയിച്ചു. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് തങ്ങൾ കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നിൽക്കാൻ തങ്ങൾ ഇപ്പോൾ തയ്യാറല്ല. പൊലീസിന്റെ അന്വേഷണം നീതിപൂർവമായി നടക്കുകയും കുറ്റപത്രം സമർപ്പിക്കുകയും വേണമെന്നും പൊലീസിനു മേൽ സമ്മർദ്ദം ഉണ്ടാവരുതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP